vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
ആരോഗ്യ ശാസ്‌ത്രം ഹദീഥുകളില്‍

ജാബിര്‍ (റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ്വ) പറഞ്ഞു: നിങ്ങള്‍ പാത്രം മൂടിവെക്കുക, പാനീയങ്ങള്‍ അടച്ചുവെക്കുക, വാതില്‍ അടക്കുക, വിളക്കുകള്‍ അണക്കുക എന്നാല്‍ പിശാച്‌ പാനീയത്തില്‍ ഇറങ്ങുകയല്ല. വാതില്‍ തുറക്കുകയില്ല. പാത്രത്തില്‍ വെളിവാകുകയില്ല. നിങ്ങളില്‍ ഒരാള്‍ പാത്രത്തിന്‌ മുകളില്‍ വെക്കാന്‍ കൊള്ളിക്കഷ്‌ണമല്ലാതെ ഒന്നും കിട്ടിയില്ലെങ്കില്‍ അത്‌ വെച്ച്‌ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക, വീട്ടിലുണ്ടാവുന്ന എലിയെപ്പോലുള്ള ജീവികള്‍ ആ വീട്ടുകാരുടെ മേല്‍ ആ വീടിനെ തീ കത്തിച്ചു കളഞ്ഞേക്കം. (മുസ്‌ലിം)
വിശാലവീക്ഷണമുള്ള ഒരു മതമാണ്‌ ഇസ്‌ലാം എന്നതിന്റെ വിലപ്പെട്ട ഉദാഹരണങ്ങളില്‍ ഒന്നാണ്‌ ഈ ഹദീഥ്‌. അഥവാ വിശ്വാസ- ആരാധനാകര്‍മങ്ങളില്‍ മാത്രം പരിമിതമല്ല ഇസ്‌ലാം. മനുഷ്യവര്‍ഗത്തിന്റെ ഭൗതിക ജീവിതത്തിന്റെ നിലനില്‍പിനും ആരോഗ്യ സംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്ന പല കാര്യങ്ങളും പ്രവാചകന്‍ (സ്വ) സമുദായത്തിന്‌ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്‌.
ശാസ്‌ത്രീയമായി ഉന്നത നിലവാരത്തിലെത്തിനില്‍ക്കുന്ന വിദ്യാഭ്യാസ- സാംസ്‌കാരിക രംഗത്ത്‌ മികവുറ്റി നില്‍ക്കുന്ന ഇക്കാലത്ത്‌ പോലും ആരോഗ്യ വകുപ്പും സര്‍ക്കാറുകളും അടിക്കടി ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രാവ്യ- ദൃശ്യ-മാധ്യമങ്ങളിലൂടെ പ്രസ്‌താവിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ അക്ഷരജ്ഞാനം പോലും ഇല്ലാതിരുന്ന പ്രവാചകന്‍ (സ്വ)1400ലേറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ഇക്കാര്യങ്ങള്‍ ഉണര്‍ത്തിയിരുന്നു എന്നറിയുമ്പോള്‍ വളരെയേറെ അല്‍ഭുതപ്പെടാറുണ്ട്‌.
ഭക്ഷണപാത്രങ്ങള്‍ അടച്ചുവെക്കേണ്ടതിന്റെയും എലികളെ സൂക്ഷിക്കേണ്ടതിന്റെയും ലൈറ്റും വിളക്കും അണക്കാതെയുള്ള അന്തിയുറക്കവും മറ്റും നാശത്തിലേക്കും രോഗങ്ങളിലേക്കുമെത്തിക്കുമെന്ന്‌ അതീവ ഗൗരവത്തോടെ അനുയായികളെ പഠിപ്പിക്കുകയാണ്‌ പ്രവാചകന്‍ (സ്വ). ഒരു ചിന്തകന്‍ പറഞ്ഞത്‌പോലെ, മുഹമ്മദ്‌ കേവലം ഒരു പ്രവാചകന്‍ മാത്രമായിരുന്നില്ല. ഒരു വിദഗ്‌ധ ഭിഷഗ്വരന്‍ കൂടിയായിരുന്നു എന്നത്‌ എത്ര പരമാര്‍ത്ഥം?
വൃത്തിയുടെ കാര്യത്തില്‍ എന്ത്‌ മാത്രം പ്രാധാന്യം ഇസ്‌ലാം നല്‍കുന്നുണ്ട്‌? സത്യവിശ്വാസത്തിന്റെ പാതിയാണ്‌ വൃത്തി എന്ന്‌ നബി (സ്വ) ഒരിക്കല്‍ പറയുകയുണ്ടായി. ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പും പിമ്പും കൈ കഴുകണമെന്നും, നഖം വെട്ടണമെന്നും, കക്കൂസില്‍ പ്ര വേശിക്കുമ്പോള്‍ പാദരക്ഷ ധരിക്കണമെന്നുമെല്ലാം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രവാചകന്‍ (സ്വ) നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ ശ്രമിച്ചിട്ടുണ്ട്‌.വിശ്വാസപരമായുള്ള മനസ്സിന്റെ ആരോഗ്യം പോലെതന്നെ ശാരീരികാരോഗ്യമുള്ള ഒരു വിഭാഗമായിരിക്കണം വിശ്വാസികളെന്നും ഇസ്‌ലാമിന്‌ നിര്‍ബന്ധമുണ്ട്‌. അതുകൊണ്ടു ആരോഗ്യ കാര്യങ്ങളെ പ്രതിപാദിക്കുന്ന നിരവധി നബിവചനങ്ങള്‍ നമുക്ക്‌ കാണാന്‍ സാധിക്കും.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍