vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
ഇസ്‌റാഅ്‌- മിഅ്‌റാജ്‌ സുന്നികളുടെ അടിവേരും

ഇസ്‌റാഅ്‌- മിഅ്‌റാജ്‌ എന്നിവ മുജാഹിദ്‌, ജമാഅത്തെ ഇസ്‌ലാമി പോലുള്ളവരുടെ അടിത്തറ തകര്‍ക്കന്നു എന്നാണ്‌ ഒരു സുന്നീ ഗ്രന്ഥകാരന്‍ പറയുന്നത്‌.
`സുന്ന്യേതര വിശ്വാസികളുടെ അടിത്തറക്കാണ്‌ ഇസ്‌റാഅ്‌ കത്തിവെക്കുന്നത്‌. ഇതുകൊണ്ടു തന്നെയാവാം ഇസ്‌റാഇനെ സ്വപ്‌നമാക്കാന്‍ പലരും വെമ്പല്‍ കൊള്ളുന്നതും. അവയെക്കുറിച്ച്‌ ഒരോട്ട പ്രദക്ഷിണമാവാം.
1. സമ്പൂര്‍ണമായ വിധേയത്വം മൂലം സൃഷ്‌ടികള്‍ക്ക്‌ അത്ഭുതസിദ്ധികള്‍ നല്‍കുന്നു. 2. ദിവ്യത്വം സ്രഷ്‌ടാവിനു മാത്രം വകവെച്ചു കൊടുക്കുന്നതാണ്‌ തൗഹീദിന്റെ സത്ത. 3. മരണം മനുഷ്യന്റെ മുഴുവന്‍ കഴിവുകളുടേയും അന്ത്യമല്ല. 4. പുണ്യസ്ഥലങ്ങളുടെ ബറകത്തെടുക്കുന്നത്‌ പുണ്യമാണ്‌. 5. അമ്പിയാക്കളുടെ ശരീരം ജീര്‍ണിക്കുന്നില്ല. 6. അവര്‍ക്ക്‌ ഒന്നിലധികം ശരീരങ്ങളുണ്ടാകാം. (ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌ അതുകൊണ്ടാവാം.) 7. മരിച്ച മഹാത്മാക്കളോട്‌ ജീവിച്ചിരിക്കുന്നവര്‍ക്ക്‌ സഹായം തേടാം. അവര്‍ക്ക്‌ സഹായിക്കാന്‍ കഴിയും. 8. മഹാന്‍മാരുടെ ആത്മാവുകള്‍ക്ക്‌ മഹനീയ സദസ്സുകളില്‍ സംബന്ധിക്കാനാവും. 9 കഴിവുകളുടെ പ്രദാനത്തിന്‌ പരിധി നിശ്ചയിക്കാന്‍ മനുഷ്യന്‌ അവകാശമില്ല. 10 വഫാത്താകുന്നതോടെ പുണ്യാത്മാക്കള്‍ക്ക്‌ കഴിവുകള്‍ വര്‍ധിക്കുന്നു.” (ഇസ്‌റാഅ്‌മിഅ്‌റാജ്‌- ഒരു ദാര്‍ശനികപഠനം പേ. 40)
ഇസ്‌റാഅ്‌ സ്വപ്‌നമല്ല. യഥാര്‍ഥ സംഭവമാണ്‌ എന്നറിയിച്ചുകൊണ്ട്‌ ഇതിന്നു മറുപടി പറയാം.
ഇതില്‍ പറഞ്ഞ പത്ത്‌ കാര്യങ്ങളില്‍ മുജാഹിദുകള്‍ക്ക്‌ തര്‍ക്കമില്ലാത്തതും ഭാഗികമായി അംഗീകരിക്കുന്ന കാര്യങ്ങളും പൂര്‍ണമായി തള്ളിക്കളയുന്നതുമുണ്ട്‌. ഓരോന്നിനെക്കുറിച്ചും അഭിപ്രായം പറയാം.
1. ഒന്നാം നമ്പറിട്ടതിനെ ഭാഗികമായി അംഗീകരിക്കുന്നു. അല്ലാഹുവോട്‌ സമ്പൂര്‍ണമായി വിധേയത്വം കാണിക്കുന്നവര്‍ക്ക്‌ അത്ഭുതസിദ്ധികള്‍ ഉണ്ടാകുന്നു എന്നത്‌ ഔലിയാക്കളെ സംബന്ധിച്ചിടത്തോളം ശരിയാണ്‌. വിലായത്ത്‌ അങ്ങനെ കസ്‌ബിയ്യായി നേടാവുന്നതാണ്‌. എന്നാല്‍ പ്രവാചകത്വം ഇബാദത്തുകൊണ്ട്‌ നേടാവുന്നതല്ല. അപ്പോള്‍ നബിമാര്‍ക്കുള്ള അത്ഭുതങ്ങളെ (മുഅ്‌ജിസത്തുകളെ) വിധേയത്വത്തിന്റെ ഫലമായി നല്‍കപ്പെടുന്നതാണ്‌ എന്നു പറയുന്നതില്‍ സുക്ഷ്‌മതക്കുറവുണ്ട്‌. ഈസാനബി പ്രസവിക്കപ്പെട്ട്‌ അധികം കഴിയാതെ തൊട്ടിലില്‍ വെച്ച്‌ സംസാരിച്ചുവല്ലോ. ഉമ്മയുടെ വയറ്റില്‍വെച്ച്‌ നമസ്‌കരിച്ചതുകൊണ്ടോ നോമ്പു നോറ്റതുകൊണ്ടോ നല്‍കപ്പെട്ട അത്ഭുതമല്ലല്ലോ അത്‌.
ദിവ്യത്വം അല്ലാഹുവിന്‌ മാത്രം വകവെച്ചുകൊടുക്കണമെന്നതില്‍ തര്‍ക്കമില്ല. പൂര്‍ണമായി അംഗീകരിക്കുന്നു.
പുണ്യസ്ഥലങ്ങളില്‍ ബറകത്തെടുക്കാം എന്ന ഒരു പൊതു തത്വം സൃഷ്‌ടിച്ച്‌ നമുക്ക്‌ തോന്നിയതുപോലെ ബറകത്തെടുക്കാന്‍ പറ്റില്ല. അല്ലാഹുവും റസൂലും പറഞ്ഞതെന്തോ അതുമാത്രം ചെയ്യുക.
ഉദാ. അറഫ പുണ്യസ്ഥലമാണ്‌. പക്ഷെ അവിടെ റമളാനില്‍ പത്തു ദിവസം ഇഅ്‌തികാഫിരിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ അത്‌ പുണ്യകര്‍മമാകില്ല. ദുല്‍ഹജ്ജ്‌ ഒമ്പതിന്‌ ഉച്ചമുതല്‍ സൂര്യാസ്‌തമയം വരെ മാത്രമേ അവിടെ നില്‍ക്കുന്നതില്‍ പുണ്യമുള്ളൂ. മക്വാമു ഇബ്‌റാഹീമില്‍ നമസ്‌കരിക്കാന്‍ ക്വുര്‍ആന്‍ പറഞ്ഞിട്ടുണ്ട്‌, സ്വഫായും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളാണെന്നും സ്വഫായിലും മര്‍വയിലും സഅ്‌ യിന്നിടയില്‍ പ്രാര്‍ഥിക്കാനും നബി (സ്വ) കല്‍പിച്ചിട്ടുണ്ട്‌. അതിലപ്പുറം ഒന്നും ചെയ്യാവതല്ല.
അമ്പിയാക്കള്‍ക്ക്‌ ഒന്നിലധികം ശരീരങ്ങളുണ്ട്‌ എന്ന വാദം മഹാ അബദ്ധമാണ്‌. നബി (സ്വ)ക്കോ സ്വര്‍ഗം വാഗ്‌ദാനം ചെയ്യപ്പെട്ട സ്വഹാബിമാര്‍ക്കോ ഒന്നിലധികംശരീരമുണ്ടായതിന്‌ ഒരു മുസ്‌ല്യാരും ഇന്നേവരെ തെളിവുദ്ധരിച്ചിട്ടില്ല. സ്വഹാബിമാര്‍ക്ക്‌ 40 വീതം ശരീരങ്ങളുണ്ടായിരുന്നുവെങ്കില്‍ അവയെയെല്ലാം ബദ്‌ര്‍ യുദ്ധത്തിലും ഉഹ്‌ദ്‌ യുദ്ധത്തിലും നബി (സ്വ) പങ്കെടുപ്പിക്കുമായിരുന്നില്ലേ? ബദ്‌റില്‍ ശത്രുക്കളെക്കാള്‍ അംഗസംഖ്യ വളരെ കുറവായതുകൊണ്ടും ഉഹ്‌ദില്‍ കുറച്ചു പേരൊഴികെ എല്ലാവരും പേടിച്ചോടിയതുകൊണ്ടും നബി (സ്വ) ക്ക്‌ പടയാളികള്‍ ആവശ്യമായിരുന്നു. എന്നിട്ടും ഒരു സ്വഹാബിയുടെ ഒറ്റ ശരീരമേ അതില്‍ പങ്കെടുത്തിരുന്നുള്ളൂ. ഒന്നിലധികം ശരീരം അവര്‍ക്കില്ലാത്തതുകൊണ്ടാണ്‌ അവരുടെ ശരീരബഹുത്വം അവിടെ കാണാതിരുന്നത്‌.
6,7,8,9 മരിച്ചവര്‍ക്ക്‌ മനുഷ്യരുടെ സഹായത്തേട്ടം കേള്‍ക്കാ നും സഹായിക്കാനും മഹനീയ സദസ്സുകളില്‍ ഹാജരാകാനും കഴിയുമെന്ന്‌ ഇസ്‌റാഅ്‌- മിഅ്‌റാജ്‌ കൊണ്ട്‌ തെളിയുമെന്ന്‌ സ്വഹാബിമാര്‍ മനസ്സിലാക്കിയിട്ടില്ല. കാരണം `വസ്‌അല്‍ മന്‍ അര്‍സല്‍ നാ മിന്‍ ക്വബ്‌ലിക മിന്‍ റുസൂലിനാ എന്ന ആയത്ത്‌ ഇസ്‌റാഅ്‌- മിഅ്‌റാജിന്നുശേഷം നബി (സ്വ) പ്രയോഗത്തില്‍ വരുത്തിയതായി അവര്‍ കണ്ടിട്ടില്ല. ദാര്‍ശനിക സമീപനം എന്ന്‌ ഈ വിഡ്‌ഢിത്തങ്ങള്‍ക്ക്‌ തലക്കെട്ടുകൊടുത്ത ഗ്രന്ഥകാരന്‍ ഒരു തെളിവും അതിന്നുദ്ധരിച്ചിട്ടില്ല.
ഇസ്‌റാഉം -മിഅ്‌റാജും മുഅ്‌ ജിസത്താണ്‌ എന്ന കാര്യം മുജാഹിദുകളെ അനാവശ്യമായി വിമര്‍ശിക്കുന്നതിനിടയില്‍ ഗ്രന്ഥകാരന്‍ മറന്നുപോയി. വസ്‌അല്‍മന്‍ അര്‍സല്‍നാ നമുക്കുപയോഗപ്പെടുത്താം എന്ന്‌ വാദത്തിനുവേണ്ടി സമ്മതിക്കുന്നപക്ഷം `പരമകാരുണികന്നു പുറമെ വല്ല ദൈവത്തെയും ആരാധിക്കാമോ’ എന്നേ കവിഞ്ഞാല്‍ ചോദിക്കാന്‍ പറ്റുകയുള്ളൂ. രോഗശമനം, അപകടം ഒഴിവാക്കിത്തരിക, പോലുള്ള തര്‍ക്കത്തിലുള്ള ഇസ്‌തിഗാസക്കു ഇതില്‍ തെളിവില്ല.
പ്രാര്‍ത്ഥന കേള്‍ക്കാനും സഹായിക്കാനുമുള്ള കഴിവ്‌ മരിച്ചവര്‍ക്കോ രക്തസാക്ഷികള്‍ക്കോ അല്ലാഹു നല്‍കിയതായും പ്രവാചകന്‍ (സ്വ) പറഞ്ഞതായി തെളിവില്ല.
10. വഫാത്താകുന്നതോടെ മനുഷ്യന്റെ കഴിവ്‌ വര്‍ധിക്കുകയാണ്‌ ചെയ്യുന്നത്‌ എന്നല്ല, കുറയുകയാണ്‌ എന്നാണ്‌ അനുഭവം. മുജാഹിദുകളോട്‌ വാദപ്രതിവാദം നടത്തിയിരുന്ന ഇ.കെ. ഹസ്സന്‍ മുസ്‌ല്യാര്‍, പതി അബ്‌ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍ പോലുള്ളവര്‍ മരിച്ചശേഷം ആ കഴിവുകൊണ്ട്‌ സുന്നീ പ്രസ്ഥാനത്തെ സഹായിച്ചതായി ആരും കണ്ടിട്ടില്ല. വേദിയില്‍ ശാരീരികമായി പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും മറഞ്ഞു നിന്നുകൊണ്ട്‌ അവര്‍ കൊട്ടപ്പുറം സംവാദത്തില്‍ ശബ്‌ദം കേള്‍പിച്ചുകൊണ്ട്‌ സുന്നികളെ എന്തേ സഹായിച്ചില്ല? വിഡ്‌ഢിത്തങ്ങള്‍ക്ക്‌ ദാര്‍ശനിക പഠനം’ എന്നെഴുതിയാല്‍ നിഷ്‌പക്ഷ ചിന്തകന്‍മാരുടെ മുമ്പില്‍ പരിഹാസ്യമാവുകയേ ഉള്ളൂ എന്ന്‌ ഗ്രന്ഥകാരന്‍ മനസ്സിലാക്കണം.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍