vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
ക്ഷമിക്കണം; അവന്‍ പഠിക്കുകയാണ്‌ - 11 - തിന്മയെ പാലൂട്ടി വളര്‍ത്തുന്നവര്‍

ഒരു കിണറ്റില്‍ കുറേ തവളകള്‍ സന്തോഷത്തോടെ ജീവിച്ചുവരികയായിരുന്നു. അതിനിടയില്‍ ദത്തന്‍ തവളയുടെ മനസ്സില്‍ ദുഷിച്ച ചിന്തയുണര്‍ന്നു. താനും കുടുംബവും മാത്രമാണ്‌ ഈ കിണറ്റിലുള്ളതെങ്കില്‍ കിണറിലെ സൗകര്യങ്ങളത്രയും ഞങ്ങള്‍ക്ക്‌ മാത്രമായി ഉപയോഗിക്കാമല്ലോ. അതിനെന്ത്‌ മാര്‍ഗം-തവള ചിന്തിച്ചു. ഒരു പാമ്പിനെ കിണറ്റിലേക്ക്‌ ക്ഷണിക്കുക. പാമ്പ്‌ എല്ലാ തവളകളേയുംകൊന്ന്‌ തീര്‍ക്കും. അങ്ങനെ എനിക്കും കുടുംബത്തിനും സ്വസ്ഥമായി ജീവിക്കാം. ദത്തന്‍തവള കിണറിന്‌ പുറത്ത്‌ കടന്ന്‌ എല്ലാ ദിവസവും ഓരോ തവളയെ വീതം ഭക്ഷണമായി നല്‍കാമെന്ന വ്യവസ്ഥയില്‍ ഒരു പാമ്പിനെ കിണറ്റിലേക്ക്‌ ക്ഷണിച്ചു. പാമ്പ്‌ കിണറ്റിലെത്തി. ഓരോ ദിവസവും തവളകളുടെ എണ്ണം കുറഞ്ഞുവന്നു. ദത്തന്‍ തവളക്ക്‌ സന്തോഷദിനങ്ങള്‍. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കിണറ്റിലെ തവളകളെല്ലാം തീര്‍ന്നു. പാമ്പ്‌ ദത്തന്‍ തവളയോട്‌ പറഞ്ഞു. എന്നെ കിണറ്റിലേക്ക്‌ ക്ഷണിച്ചുകൊണ്ടുവന്നത്‌ നീയാണ്‌. എനിക്ക്‌ ഭക്ഷണമായി ഓരോ തവളയെ വീതം തരാമെന്ന്‌ നീ പറഞ്ഞിരുന്നതാണ്‌. കിണറ്റില്‍ നിന്റെ കുടുംബക്കാരായ തവളകള്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. എനിക്ക്‌ പട്ടിണി കിടക്കാനാവില്ല. നിന്റെ കുടുംബത്തില്‍പ്പെട്ട തവളകളിലോരോന്നിനെ തരണം. അല്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും. ഒടുവില്‍ ദത്തന്‍ തവളക്ക്‌ അത്‌ സമ്മതിച്ചുകൊടുക്കേണ്ടിവന്നു. ക്രമേണ കുടുംബക്കാരായ തവളകളും തീര്‍ന്നു. കിണറ്റില്‍ ദത്തന്‍ തവളയും പാമ്പും മാത്രം ബാക്കി. തൊട്ടടുത്ത ദിവസം ദത്തന്‍ തവളയും പാമ്പിന്റെ ഭക്ഷണമായി.
നമ്മുടെ കുടുംബത്തിലും സമൂഹത്തിലും ദത്തന്‍ തവളയെപ്പോലെ ചിന്തിക്കുകയും അതിന്‌ വലിയ വില നല്‍കേണ്ടിവരികയും ചെയ്‌ത നിരവധിയാളുകളുണ്ട്‌. സ്വന്തം താല്‍പര്യങ്ങള്‍ക്കും താല്‍ക്കാലിക നേട്ടങ്ങള്‍ക്കും ചില സാഹചര്യങ്ങളില്‍നിന്ന്‌ രക്ഷപ്പെടാന്‍ വേണ്ടിയുമൊക്കെ ഇങ്ങനെ ചിന്തിക്കുന്ന `തവളകള്‍’ ചില `പാമ്പു’കളെ വളര്‍ത്തും. അവസാനം തങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന പാമ്പുകള്‍ അഭിമുഖം നിന്ന്‌ പോര്‍വിളി നടത്തുമ്പോഴാണ്‌ അവര്‍ തങ്ങള്‍ക്ക്‌ പിണഞ്ഞ അപകടം തിരിച്ചറിയുക.
ചില വീടുകളില്‍ ഉപ്പയും ഉമ്മയും ശത്രുക്കളെപ്പോലെയാണ്‌ പെരുമാറുക. അവര്‍ ഓരോരുത്തരും മക്കളെ തങ്ങള്‍ക്കൊപ്പം നില്‍ക്കാനും എതിരാളിയോട്‌ ശത്രുതയോടെ പെരുമാറാനും ഉപദേശിച്ചുകൊണ്ടിരിക്കും. മക്കളോട്‌ ഉമ്മയെക്കുറിച്ച്‌ നിരന്തരം തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ച്‌ ഉമ്മയെ ചീത്ത പറയാനും മര്‍ദ്ദിക്കാനും വീട്ടില്‍നിന്ന്‌ പുറത്താക്കാനുമെല്ലാം മക്കളുടെ പിന്‍തുണ ഉറപ്പുവരുത്തുന്ന ഉപ്പമാരുണ്ട്‌. തിരിച്ച്‌ ഉപ്പയെ കുറിച്ചുള്ള കുറ്റങ്ങളും കുറവുകളും ബോധ്യപ്പെടുത്തി മക്കളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്ന മാതാക്കളെയും കാണാം. ഇങ്ങനെയുള്ള വീടുകളില്‍ വളര്‍ന്നുവരുന്ന മക്കള്‍ രണ്ടുപേരെയും തള്ളിപ്പറയുന്ന സാഹചര്യമാണ്‌ യഥാര്‍ഥത്തില്‍ ഉണ്ടായിത്തീരുക.
ശിഥിലമായ ഇത്തരം കുടുംബങ്ങളില്‍ മാതാപിതാക്കളെ ബഹുമാനിക്കാനോ അനുസരിക്കാനോ അവസരം കിട്ടാത്ത കുട്ടികള്‍ സമൂഹത്തിലിറങ്ങിയാല്‍ ഒരാളെയും ബഹുമാനിക്കാന്‍ അവര്‍ക്കു കഴിയുകയില്ല. അവരാണ്‌ ധിക്കാരികളായി, എല്ലാറ്റിനോടും നിഷേധാത്മക നിലപാടും നശീകരണ ചിന്തയുമായി എല്ലായിടങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കുക. പിതാവിനെ ചീത്ത പറയുന്നതും ധിക്കരിക്കുന്നതും വിമര്‍ശിക്കുന്നതും കൗതുകത്തോടെയും സന്തോഷത്തോടെയും നോക്കിനില്‍ക്കുകയും അതിന്‌ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന മാതാവ്‌, മറ്റൊരു ഘട്ടത്തില്‍ കുട്ടികളില്‍നിന്നും ഇതിനേക്കാള്‍ അപമാനകരമായ പ്രതികരണങ്ങള്‍ക്കാണ്‌ വിധേയമാകുക. അപ്പോള്‍ അവരോട്‌ നന്നായി പെരുമാറണമെന്ന്‌ ഉപദേശിക്കാനോ ശൈലി മാറ്റണമെന്ന്‌ കല്‍പിക്കാനോ ധാര്‍മിക അവകാശമുള്ള ഒരാളായി മാതാവിനെ കാണാന്‍ കുട്ടികള്‍ക്ക്‌ കഴിയില്ല.
തിന്മയോടുള്ള ഒരു വ്യക്തിയുടെ നിലപാടാണ്‌ ഇവിടെ നിരീക്ഷണ വിധേയമാക്കുന്നത്‌. തിന്മ ആരോട്‌ ചെയ്യുന്നു എന്നതാകരുത്‌ അതിനോടുള്ള പ്രതികരണം രൂപപ്പെടുത്താനുള്ള മാനദണ്‌ഡം. കളവ്‌ ആരോട്‌ പറഞ്ഞാലും അത്‌ തെറ്റു തന്നെയാണ്‌. മോശമായ ഭാഷ ആരുടെ മുമ്പില്‍ പ്രയോഗിച്ചാലും അത്‌ തിന്മ തന്നെയാവണം. അശ്ലീല ശൈലിയും സംസാരവും ചീത്തഭാഷണവും ശത്രുവിനോടായാലും മിത്രങ്ങളോടായാലും തിന്മ തന്നെയാണെന്ന ഉറച്ച നിലപാട്‌ എല്ലാവര്‍ക്കും ഉണ്ടാവണം. പിതാവിനെ ശകാരിക്കുന്ന മക്കളോട്‌ അരുത്‌-ഉപ്പയോട്‌ അങ്ങനെ പെരുമാറരുത്‌ മാന്യമായി സംസാരിക്കണം എന്ന്‌ ഉപദേശിക്കുന്ന മാതാവിന്‌ തന്റെ ജീവിതത്തില്‍ മക്കളില്‍നിന്നും മോശമായ വാക്കുകള്‍ കേള്‍ക്കേണ്ടിവരില്ല. ഇനി അങ്ങനെ സംഭവിച്ചാല്‍ തന്നെ ഇത്‌ തിന്മയാണെന്ന്‌ പറയാനുള്ള ധാര്‍മിക അവകാശം മാതാവിന്‌ സമൂഹം അനുവദിക്കുമെന്നുറപ്പാണ്‌.
തിന്മയെ പാലൂട്ടി
വളര്‍ത്തുന്നവര്‍
പ്രതിയോഗികള്‍ക്കും ശത്രുക്കള്‍ക്കുമെതിരെ തിന്മയുടെ മാര്‍ഗത്തില്‍ പ്രതിരോധം സംഘടിപ്പിക്കുന്നവരെ കാണാം. തിന്മയെ തിന്മകൊണ്ട്‌ നേരിടുകയെന്ന തെറ്റായ മാര്‍ഗമാണ്‌ ഇവിടെയുള്ളത്‌. അശ്ലീലം പറയുന്നവരോട്‌ അതേ ഭാഷയില്‍ പ്രതികരിക്കുക, തെറിവിളിക്കുന്നവരെ തിരിച്ചും തെറിവിളിക്കുക, കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവര്‍ക്കുനേരെ കുതന്ത്രം പ്രയോഗിക്കുക തുടങ്ങിയ തെറ്റായ വഴികള്‍ വിശ്വാസികള്‍ക്ക്‌ ചേര്‍ന്നതല്ല. മറ്റുള്ളവര്‍ അവരുടെ സംസ്‌കാരവും വളര്‍ന്നുവന്ന സാഹചര്യവും മുന്‍നിര്‍ത്തി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുമാണ്‌ ചെയ്യുന്നത്‌. വിശ്വാസികള്‍ സ്വന്തം സംസ്‌കാരവും ഇസ്‌ലാമിക ശാസനകളും ഉള്‍ക്കൊണ്ട്‌ മാത്രമേ പ്രതികരിക്കാവൂ. തിന്മയെ നന്മകൊണ്ട്‌ നേരിടാനാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. പിശാചിന്റെ കൂട്ടാളികളായ തിന്മയുടെ ശക്തികള്‍ക്കെതിരെ നന്മയുടെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ അല്ലാഹുവിന്റെ സഹായം ലഭിക്കൂ. ഇരുപക്ഷത്തും തിന്മയാണുള്ളതെങ്കില്‍ പൈശാചിക ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അല്ലാഹുവിന്റെ സഹായം ഇരുപക്ഷത്തിനും ഉണ്ടാവുകയില്ല.
ഒരു പ്രസംഗകനോ പണ്‌ഡിതനോ പ്രവര്‍ത്തകനോ നേതാവോ ആരാകട്ടെ, പ്രതിയോഗികള്‍ക്കെതിരെ തിന്മയുടെ ഗണത്തില്‍പെടുത്താവുന്ന പ്രതികരണം നടത്തിയെന്ന്‌ കേട്ടാല്‍-വ്യക്തിഹത്യ നടത്തുക, സ്വകാര്യത വെളിപ്പെടുത്തുക, പരദൂഷണം പറയുക, അഭിമാനത്തിന്‌ ക്ഷതം വരുത്തുക, ആരോപണങ്ങള്‍ ഉന്നയിക്കുക, ചീത്ത പറയുക-അത്‌ വളരെ നന്നായി, അയാള്‍ക്കെതിരെ അത്‌ ആവശ്യമാണ്‌. അത്തരം മറുപടികള്‍കൊണ്ട്‌ മാത്രമേ അവരുടെമേല്‍ വിജയം നേടാനാവൂ തുടങ്ങിയ രീതിയില്‍ പ്രതികരിക്കുന്നത്‌ തിന്മയെ ഇരുപക്ഷവും പ്രോത്സാഹിപ്പിക്കുന്നതിന്ന്‌ തുല്യമാണ്‌. അല്ലാഹു ഉപദേശിക്കുന്നത്‌ നോക്കൂ: “നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അതുകൊണ്ട്‌ നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.” (വി.ക്വു. 41:34)
പിശാചിന്‌ ശക്തിപകരുന്ന പ്രവര്‍ത്തനങ്ങളും സംസാരവും നടത്തുന്നവര്‍ ഈ വചനം പലതവണ വായിക്കേണ്ടതാണ്‌. ഇനി ആലോചിക്കുക-നമ്മുടെ സന്താനങ്ങളെ ഏത്‌ രീതിയിലാണ്‌ വളര്‍ത്തിയെടുക്കേണ്ടത്‌. ശത്രുക്കളോടും എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരോടും മോശമായി പ്രതികരിക്കുന്നവരായാണോ അതോ സ്വന്തം സംസ്‌ക്കാരവും വിജ്ഞാനവും ആവശ്യപ്പെടുന്ന പക്വതയും വിവേകവും നന്മയും പ്രകടിപ്പിക്കുന്നവരായോ? ഭാര്യയെ `എടീ’ എന്ന്‌ അഭിസംബോധന ചെയ്യുന്ന പിതാവില്‍നിന്നും കുട്ടി ആ പദം ഗ്രഹിക്കുകയും അമ്മയെ അങ്ങനെ വിളിക്കുകയും ചെയ്യുന്നുവെന്ന്‌ കരുതുക. ഇത്‌ കേള്‍ക്കുമ്പോള്‍ പിതാവിനും മാതാവിനും തുടക്കത്തില്‍ കൗതുകം തോന്നാം. ക്രമേണ അത്‌ മാറ്റിയെടുക്കാനാവാതെ കുട്ടിയില്‍ ഉറച്ചുപോവുമ്പോഴാണ്‌ രക്ഷിതാക്കള്‍ വിഷമിക്കുക. പഠനം ആരംഭിക്കുമ്പോള്‍ തന്നെ ശരിയായത്‌ കേള്‍ക്കാന്‍ അവസരം കൊടുക്കുകയാണ്‌ വേണ്ടത്‌. മാതാപിതാക്കള്‍ ദേഷ്യംവരുമ്പോള്‍ എങ്ങനെ പരസ്‌പരം അഭിസംബോധന ചെയ്യുന്നുവെന്നും പ്രവര്‍ത്തിക്കുന്നുവെന്നും നോക്കിയും ശ്രദ്ധിച്ചും കുട്ടികള്‍ കൂടെയുണ്ട്‌ അവര്‍ അതാവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്‌ എന്ന ബോധം രക്ഷിതാക്കള്‍ക്കുണ്ടാവണം. മദ്യം, മയക്കുമരുന്ന്‌ തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ സംസാരത്തിലും പ്രവര്‍ത്തിയിലും അതിരുവിടുമ്പോള്‍ അതുവഴി സ്വന്തം മക്കളെ സമൂഹത്തില്‍ കൊള്ളരുതാത്തവരായി വളര്‍ത്തുകകൂടി ചെയ്യുന്നുവെന്ന്‌ അവര്‍ തിരിച്ചറിയണം.
അയല്‍വാസികളെയും വഴിയാത്രക്കാരെയും തെറ്റായ പദങ്ങള്‍ ചേര്‍ത്ത്‌ വിളിക്കുന്ന കുരുന്നുകളെ തിരുത്താന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം. ഇത്തരം ഘട്ടങ്ങളില്‍ മനസ്സില്‍ ഉറച്ചുപോകുന്ന അശ്ലീലവും അരുതാത്തതുമായ വാക്കുകളും പ്രയോഗങ്ങളും ശൈലികളുമാണ്‌ മുതിര്‍ന്നവരിലും കാണുന്നത്‌.
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക്‌ പറയുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കിത്തരികയും നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു.”. (വി.ക്വു. 33:70, 71)
“നബി (സ്വ) (പറഞ്ഞു) ലജ്ജയും മിതഭാഷണവും സത്യവിശ്വാസത്തിന്റെ രണ്ടു ശാഖകളാകുന്നു. ദുഷിച്ചുപറയലും അതിരുകവിഞ്ഞുള്ള വര്‍ണനയും കാപട്യത്തിന്റെ ശാഖകളും.’ (തിര്‍മുദി)
“നബി (സ്വ) (പറഞ്ഞു അധികം ആക്ഷേപിക്കുകയോ ശപിക്കുകയോ ചെയ്യുന്നവനോ ദുഷ്‌ടനോ അശ്ലീലക്കാരനോ അല്ല സത്യവിശ്വാസി” (തിര്‍മുദി, ബൈഹഖി)

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍