vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
ഗൃഹപഠനത്തിന്റെ നാളുകള്‍

മഴക്കാലം മുതിര്‍ന്നവര്‍ക്ക്‌ ധാരാളം ഒഴിവുസമയം കിട്ടുന്ന കാലമാണ്‌. പണ്ട്‌ മഴക്കാലം സാക്ഷരരെ സംബന്ധിച്ചിടത്തോളം വായനയുടെ കാലമായിരുന്നു. ഓരോ പ്രദേശത്തും ഗ്രാമീണ ഗ്രന്ഥശാലകളുണ്ടായിരുന്നു. അവയില്‍ അംഗങ്ങളായി അവര്‍ പുസ്‌തകങ്ങളെ സുഹൃത്തുക്കളാക്കും. സമയം പോക്കാന്‍ അതായിരുന്നു ഏകമാര്‍ഗം. ഇന്ന്‌ മഴക്കാലത്ത്‌ നേരംപോക്കാന്‍ കമ്പ്യൂട്ടറും ചാനലുകളുമുണ്ട്‌. ആവശ്യമുള്ളതിലേറെ ആവശ്യമില്ലാത്തതാണ്‌ അവ വിളുമ്പുന്നത്‌. സമയം മുഴുവനും അവയ്‌ക്കു നല്‍കാതെ പരലോകത്തു മുതല്‍ക്കൂട്ടാകുന്ന ഇസ്‌ലാമിക വായനയിലേക്കു തിരിക്കണം.
ഇന്ന്‌ ഇസ്‌ലാമിക പഠനം ഗൃഹങ്ങളില്‍ വെച്ച്‌ നിര്‍വഹിക്കാനുള്ള സൗകര്യം വളരെയധികമുണ്ട്‌. ഒന്നാമതായി എല്ലാ വിഷയങ്ങളിലുമുള്ള പുസ്‌തകങ്ങള്‍ ലഭ്യമാണ്‌. വാങ്ങാന്‍ ആളുകളുടെ പക്കല്‍ പണവുമുണ്ട്‌. കമ്പ്യൂട്ടര്‍ സൗകര്യം സാര്‍വ്വത്രികമായി വരുന്നു. അത്‌ അല്ലാഹു നല്‍കിയ അനുഗ്രഹമാണ്‌. അതിന്ന്‌ നന്ദികാണിക്കല്‍ അതുപയോഗപ്പെടുത്തിക്കൊണ്ടാവണം.
പല കാരണങ്ങളാല്‍ ക്ലാസ്സിലിരുന്ന്‌ വേണ്ടവിധം മതപഠനം നേടാത്തവരാണ്‌ മുസ്‌ലിംകളിലെ ഭൂരിപക്ഷം. അവര്‍ നിത്യവും ഒരു നിശ്ചിതസമയം വായനക്കും കുറിപ്പുണ്ടാക്കുന്നതിന്നും വിനിയോഗിച്ചാല്‍ പല കാര്യത്തിലും അറിവുനേടാം. അങ്ങനെ എഴുത്തുകാരും ഖത്വീബുമാരും ആയവരുണ്ട്‌. അധ്വാനിക്കാന്‍ തയ്യാറുള്ളവര്‍ക്കേ അതു സാധ്യമാവൂ. ക്ഷമ ഏതുകാര്യത്തിന്റെയും വിജയത്തിന്നനിവാര്യമാണ്‌. നിരന്തര പരിശീലനം ക്ഷമയുള്ളവന്നു മാത്രമേ നടത്താനാവൂ.
നമ്മുടെ മുതിര്‍ന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക്‌ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ബാലപാഠത്തില്‍ കവിഞ്ഞ്‌ ഒന്നുമറിയില്ല. മദ്‌റസയിലെ സിലബസിന്റെ കുഴപ്പമല്ല അത്‌. മുപ്പത്തഞ്ചു ശതമാനം മാര്‍ക്കുനേടി വിജയിച്ചവരാണ്‌ അവരെങ്കില്‍ അനിവാര്യമായ മതകാര്യങ്ങളുടെ അറുപത്തഞ്ചുശതമാനത്തെക്കുറിച്ച്‌ അവര്‍ അജ്ഞരായിരിക്കുമല്ലോ. മദ്‌റസയില്‍ ഏഴാം ക്ലാസ്സ്‌ പാസായ കുട്ടികളെ അഞ്ച്‌ മുതല്‍ ഏഴുവരെയുള്ള ക്ലാസ്സുകളിലെ പാഠങ്ങള്‍ സ്ഥിരമായി വായിപ്പിക്കണം. അങ്ങനെ മദ്‌റസാ വിഷയങ്ങളിലെ നൂറുശതമാനവും അവരെ പഠിപ്പിക്കണം. നമ്മുടെ ഉയര്‍ന്ന ക്ലാസ്സുകളിലെ വിശ്വാസം, സ്വഭാവം, കര്‍മ്മം എന്നീ പാഠങ്ങള്‍ നന്നായി പഠിച്ച ഒരു കുട്ടിക്ക്‌ കുടുങ്ങിയ സന്ദര്‍ഭത്തില്‍ ഖുതുബകള്‍ നിര്‍വഹിക്കാന്‍ കഴിയും. അതിന്നു പുറമെയുള്ള അറിവുകള്‍ക്ക്‌ നാം പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങളെ ആശ്രയിക്കണം.
സമ്മേളനങ്ങളില്‍ ധാരാളം പുസ്‌തകങ്ങള്‍ വിറ്റഴിയുന്നു എന്നത്‌ സന്തോഷകരമാണ്‌. അവ പുസ്‌തകക്കടകളില്‍നിന്ന്‌ വീട്ടിലെ അലമാരകളിലേക്ക്‌ മാറിയതുകൊണ്ടായില്ല. വായന നടക്കണം.
ക്വുര്‍ആന്‍ പഠനമാണ്‌ നമുക്കേറ്റവും ആനന്ദം നല്‍കുക. ഒരേ ആയത്ത്‌ ആവര്‍ത്തിച്ചു പഠിക്കുമ്പോള്‍ ഓരോ പുതിയ അറിവ്‌ ലഭിക്കും വിധമാണ്‌ ക്വുര്‍ആനിലെ ആശയങ്ങള്‍. സമുദ്രം മുഴുവന്‍ മഷിയായി ഉരപയോഗപ്പെടുത്തിയാലും അതിന്റെ വ്യാഖ്യാനം പൂര്‍ത്തിയാവുകയില്ല എന്നത്‌ ഏറ്റവും വലിയ സത്യം. പരിശുദ്ധ റമളാന്‍ മുന്നിലെത്തുകയാണ്‌. അതിന്നു മുമ്പേ ക്വുര്‍ആന്‍ പഠനത്തിലേക്ക്‌ പ്രവേശിക്കുക. ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവന്നും അതിന്റെ ആശയസമുദ്രത്തിലേക്കിറങ്ങുന്നവന്നും ലഭിക്കുന്ന അനുഗ്രഹങ്ങള്‍ നബി (സ്വ) പറഞ്ഞുതന്നിട്ടുണ്ട്‌. അതെല്ലാം കണക്കിലെടുത്ത്‌ മഴക്കാലത്തെ വിജ്ഞാന ധന്യകാലമാക്കുക.
അറിവുള്ളവനും അറിവില്ലാത്തവനും സമമാണോ എന്ന്‌ ക്വുര്‍ആന്‍ ചോദിക്കുന്നുണ്ട്‌. മരണപ്പെട്ടവരും ജീവിച്ചിരിപ്പുള്ളവരും സമമാണോ എന്ന ചോദ്യത്തോടൊപ്പമാണിത്‌ എന്നത്‌ നാം പ്രത്യേകം ശ്രദ്ധിക്കണം. അറിവില്ലാത്തവന്‍ മരിച്ചവന്നു തുല്യമാണ്‌. അതിനാല്‍ അറിവിലൂടെ ജീവന്‍ നേടുക.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍