vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
ജോര്‍ജ്‌ ബുഷും ജിന്നു വിവാദവും

മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ജിന്നു വിവാദം പ്രക്ഷുബ്‌ധമായ അന്തരീക്ഷമാണ്‌ സൃഷ്‌ടിച്ചത്‌. മുസ്‌ലിംകളിലെ എല്ലാ വിഭാഗക്കാര്‍ക്കും അവര്‍ക്കിടയില്‍ ജീവിക്കുന്ന അമുസ്‌ലിംകള്‍ക്കും എന്താണീ വിവാദമെന്നറിയാം.
ജിന്നുകളോടുള്ള എല്ലാ സഹായത്തേട്ടങ്ങളും ശിര്‍ക്കാണ്‌ എന്ന്‌ ഒരു വിഭാഗം. ജിന്നുകളോടുള്ള എല്ലാ സഹായാര്‍ഥനകളും ശിര്‍ക്കല്ല; വസീലത്തുശ്‌ശിര്‍ക്കേ ആവുകയുള്ളൂ എന്ന്‌ മറ്റൊരു വിഭാഗം. ഇരുളില്‍ തപ്പിത്തടഞ്ഞു നടക്കുന്നവന്‍ ജിന്നിനോട്‌ വെളിച്ചം ചോദിക്കുന്നതും പുഴയില്‍ മുങ്ങുന്നവന്‍ പുഴയിലേക്ക്‌ വീഴുമെന്ന ഘട്ടത്തില്‍ ഒന്ന്‌ കൈപിടിക്കൂ എന്ന്‌ ജിന്നിനോട്‌ സഹായം തേടുന്നതും ശിര്‍ക്കാവില്ലെന്നാണ്‌ രണ്ടാമത്‌ പറഞ്ഞ കൂട്ടര്‍ ഉദാഹരണം നിരത്തുന്നത്‌. അത്‌ ശിര്‍ക്കാവാതിരിക്കാനുള്ള കാരണമായി അവര്‍ പറയുന്നത്‌ അത്‌ ജിന്നിന്ന്‌ ചെയ്യാന്‍ കഴിയുന്ന സഹായമാണ്‌ എന്നതുകൊണ്ടാണ്‌. കെ.എന്‍.എം. പറയുന്നത്‌ ഇതെല്ലാം ശിര്‍ക്കാവുമെന്നാണ്‌.
വസ്‌തുത ഇതാണെങ്കിലും ശിര്‍ക്കല്ലെന്ന വാദക്കാര്‍ പറയുന്നത്‌, ജിന്നു വിഷയത്തില്‍ പുതിയ ഒരു വാദവും തങ്ങളുന്നയിച്ചിട്ടില്ലെന്നും കെ.എന്‍.എമ്മിലെ ചില അധികാരമോഹികളും അസൂയാലുക്കളും യാതൊരു കാരണവുമില്ലാതെ കെ.കെ. സക്കരിയ്യാ സ്വലാഹിയെയും പി. അബ്‌ദുല്‍ ജബ്ബാര്‍ മൗലവിയെയും മറ്റും പുറത്താക്കിയെന്നുമാണ്‌ അല്‍ ഇസ്വ്‌ലാഹ്‌ മാസികയിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. അല്‍ ഇസ്വ്‌ലാഹിന്റെ വരികള്‍ നോക്കൂ.
“വൈജ്ഞാനിക വളര്‍ച്ചയും ആദര്‍ശബോധവുമുള്ള ഒരു തലമുറ പിന്നില്‍ വളര്‍ന്ന്‌ വരുന്നത്‌ കാണുമ്പോള്‍ അഭിനവ ഫറോവമാരിലുണ്ടാകുന്ന ഭയമാണ്‌ ഈ വിരോധത്തിന്റെയൊക്കെ യഥാര്‍ഥ കാരണം. ഇവരുടെ വിരോധത്തിന്റെ തുടക്കം ഡോ. സക്കരിയ്യാ സ്വലാഹിയിലൂടെയായി എന്നു മാത്രം. സദ്ദാം ഹുസൈനെ പെരുന്നാള്‍ ദിനത്തില്‍ പരസ്യമായി തൂക്കിലേറ്റിക്കൊണ്ട്‌ അമേരിക്കന്‍ സാമ്രാജ്യത്വം അറബ്‌ ലോകത്തെ ഭരണാധികാരികള്‍ക്ക്‌ ഒരു സന്ദേശം നല്‍കുകയുണ്ടായല്ലോ. അതേ മനഃശാസ്‌ത്രതന്ത്രം സ്വലാഹിയെ പുറത്താക്കിക്കൊണ്ട്‌ അഭിനവ ബുഷുമാര്‍ സംഘടനയില്‍ നടപ്പാക്കിയെന്നു മാത്രം. (അല്‍ ഇസ്വ്‌ലാഹ്‌ 2013 ഫെബ്രുവരി 13. പേജ്‌ 36)
ജിന്നു വിവാദത്തിലെ ബുഷ്‌ ഫാക്‌ടര്‍ ഇത്ര വ്യക്തമായി പറഞ്ഞിരിക്കെ അതാണോ പ്രശ്‌നം എന്ന്‌ പരിശോധിക്കല്‍ അനിവാര്യമാണ്‌. 2012ല്‍ പെട്ടെന്ന്‌ രൂപംകൊണ്ടതല്ല ജിന്നു പ്രശ്‌നം. 2002ല്‍ മടവൂര്‍ വിഭാഗം വിട്ടുപോകുന്നതിന്നു മുമ്പ്‌ ഡോ. സുബൈര്‍ ജിന്നു സംബന്ധമായ മൂന്നുനാല്‌ ക്ലാസ്സുകളെടുത്തിരുന്നു. അത്‌ അറിഞ്ഞപ്പോള്‍ പ്രോത്സാഹിപ്പിക്കാന്‍ പറ്റിയതല്ല എന്ന്‌ മനസ്സിലാക്കി നേതൃത്വം ആ വിഷയം ഒഴിവാക്കി. ഇതാണ്‌ ഒന്നാമത്തെ സംഭവം.
രണ്ട്‌
ഡോ. സുബൈറിന്റെ ക്ലാസ്സുകള്‍ക്ക്‌ വര്‍ഷങ്ങളോളം തുടര്‍ച്ചയുണ്ടായില്ല. 2002ല്‍ മടവൂര്‍ വിഭാഗം വിട്ടുപോയതോടെ കെ.എന്‍.എംന്റെ യുവഘടകമായ ഐ.എസ്‌.എം. സംസ്ഥാന സമിതിയുടെ അംഗീകാരത്തോടെ പെരിന്തല്‍മണ്ണ മേഖലയില്‍ ഓഫീസും സംവാദം മള്‍ട്ടിമീഡിയ എന്ന സ്ഥാപനവും തുടങ്ങി. പണ്ട്‌ ഡോ. സുബൈര്‍ വിതറിയ വിത്ത്‌ പെരിന്തല്‍മണ്ണയിലെ ഐ.എസ്‌.എം. കേന്ദ്രത്തില്‍ ചിലരുടെ ക്ലാസുകളിലൂടെയും ചര്‍ച്ചകളിലൂടെയും വളരാന്‍ തുടങ്ങി. ഹാരിസ്‌ബ്‌നു സലീമിന്റെ സജീവ സാന്നിധ്യവും ഐ.എസ്‌.എം. സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയും കെ.കെ. സക്കരിയ്യാ സ്വലാഹി പോലുള്ളവരുടെ പ്രോത്സാഹനവുമെല്ലാമായി അതങ്ങനെ മുന്നോട്ടുപോയി. ജിന്നു വിഷയം പഠിപ്പിക്കാനായി ഒരു കേന്ദ്രം തുറന്നു എന്നല്ല ഞാന്‍ പറയുന്നത്‌. സംസ്‌കരണപരമായ ഒരുപാട്‌ സി.ഡികള്‍ സംവാദം മള്‍ട്ടിമീഡിയയില്‍ നിന്ന്‌ പുറത്തിറങ്ങിയിട്ടുണ്ട്‌. പക്ഷേ ജിന്ന്‌ വിഷയത്തില്‍ പ്രത്യേക താല്‍പര്യമുള്ളവര്‍ ഡോ. സുബൈറിന്റെ ആശയങ്ങള്‍ക്ക്‌ ഇതിലൂടെ പ്രചാരം നല്‍കി. ഈ ജിന്നു സി.ഡി. മടവൂര്‍ വിഭാഗത്തിന്റെയും സുന്നികളുടെയും കൈകളിലെത്തുകയും അവര്‍ അതുകൊണ്ട്‌ നമ്മെ ആക്രമിക്കുകയും ചെയ്‌തപ്പോള്‍ കെ.എന്‍.എം. നേതൃത്വം അത്‌ പിന്‍വലിക്കാന്‍ പറഞ്ഞു.
മൂന്ന്‌
സംവാദം മള്‍ട്ടിമീഡിയയുടെ അറിയിപ്പ്‌ വിചിന്തനത്തില്‍ വന്നു. അതിങ്ങനെയാണ്‌.
“സംവാദം മള്‍ട്ടിമീഡിയ പുറത്തിറക്കിയ മുഖ്യശത്രു എന്ന ശംസുദ്ദീന്‍ പാലത്തിന്റെ സി.ഡിയിലെ ചില പരാമര്‍ശങ്ങള്‍ കേവലം പണ്‌ഡിതാഭിപ്രായങ്ങള്‍ മാത്രമായതിനാലും തെളിവിന്റെ പിന്‍ബലമില്ലാത്തതിനാലും പ്രസ്‌തുത പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചതില്‍ പ്രഭാഷകന്‍ വിചിന്തനത്തിലൂടെ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പ്രസ്‌തുത സി.ഡി. ഞങ്ങള്‍ പിന്‍വലിച്ചിരിക്കുന്നു. ആയതുകൊണ്ട്‌ നേരത്തെ ഈ സി.ഡി. വാങ്ങിയവര്‍ അത്‌ പ്രചരിപ്പിക്കരുതെന്ന്‌ അപേക്ഷിക്കുന്നു. ഇനിയും ആരെങ്കിലും ഇത്‌ പ്രചരിപ്പിക്കുകയാണെങ്കില്‍ അത്‌ ദുരുദ്ദേശ്യപരം മാത്രമായിരിക്കും.
കണ്‍വീനര്‍,
സംവാദം മള്‍ട്ടിമീഡിയ (വിചിന്തനം 2007, ഫെബ്രുവരി 16)
നാല്‌ അടിച്ചിറക്കല്‍
ജിന്നിനെ അടിച്ചിറക്കുന്ന സംഭവമുണ്ടായപ്പോള്‍ അതിന്റെ വിശദീകരണം ചോദിക്കാനും ജിന്ന്‌ പിശാച്‌ വിഷയത്തില്‍ പ്രബോധകര്‍ സ്വീകരിക്കേണ്ട സമീപനം എങ്ങനെയായിരിക്കണമെന്ന്‌ തീരുമാനിക്കാനുമായി പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ പ്രഭാഷകരും കെ.ജെ.യു, കെ.എന്‍.എം. ഭാരവാഹികളുമടങ്ങുന്ന ഒരു ചെറിയ യോഗം ചേരുന്നു. ടി.പി. അബ്‌ദുല്ലക്കോയ മദനി, എ.പി. അബ്‌ദുല്‍ ഖാദിര്‍ മൗലവി, പി.കെ. അലി അബ്‌ദുറസാഖ്‌ മദനി, എം. മുഹമ്മദ്‌ മദനി, അബ്‌ദുറഹ്‌മാന്‍ സലഫി, പി.കെ. അഹമ്മദലി മദനി, പാലത്ത്‌ അബ്‌ദുറഹ്‌മാന്‍ മദനി, ഇ.കെ.എം. പന്നൂര്‍, കെ.കെ. സക്കരിയ്യാ സ്വലാഹി, ശംസുദ്ദീന്‍ പാലത്ത്‌, ജമാല്‍ ചെറുവാടി, അബൂബക്കര്‍ സലഫി തുടങ്ങിയവര്‍ പങ്കെടുത്ത ആ യോഗത്തില്‍ നാലു കാര്യങ്ങള്‍ തീരുമാനിച്ചു. ജിന്നിനെ അടിച്ചിറക്കുന്ന പരിപാടി ആരും നടത്തരുത്‌. ജിന്ന്‌, പിശാച്‌ വിഷയം നാം പണ്ടുമുതലേ കൈകാര്യം ചെയ്‌തുപോന്ന രീതിയിലല്ലാതെ ഒരു പ്രധാന പ്രബോധന വിഷയമാക്കേണ്ടതില്ല. മടവൂര്‍ വിഭാഗം നടത്തുന്ന വിമര്‍ശനങ്ങളോട്‌ പൊതുവേദിയില്‍ പ്രതികരിക്കുക. അമാനി മൗലവിയുടെ ക്വുര്‍ആന്‍ പരിഭാഷയില്‍ ജിന്നു സംബന്ധമായി എഴുതിയ വിശദീകരണം പുസ്‌തകമാക്കുക.
മറുപടി പ്രസംഗം കുറച്ചു മാസങ്ങള്‍കൊണ്ട്‌ നിര്‍ത്തി. ജിന്നു വിഷയം കെട്ടടങ്ങുക എന്നതായിരുന്നു നേതൃത്വത്തിന്റെ ലക്ഷ്യം. അതിനാല്‍ അതു സംബന്ധമായ ക്ലാസ്സോ, ഖുത്വുബകളില്‍ ഇത്‌ വിഷയമാക്കുകയോ ചെയ്യരുതെന്ന നിര്‍ദ്ദേശം ശക്തമാക്കി. അതു പാലിക്കപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ ബന്ധപ്പെട്ട പ്രഭാഷകര്‍ക്ക്‌ വീണ്ടും ശാസന നല്‍കി.
ജിന്ന്‌ വെളിച്ചം തരുമെന്ന വാദം
മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈജ്ഞാനിക വളര്‍ച്ചയുള്ള പുതുതലമുറ വളര്‍ന്നുവരുന്നതില്‍ അഭിനവ ഫറോവമാര്‍ക്കുള്ള അസൂയയാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തില്‍ പ്രശ്‌നമായത്‌ എന്ന അല്‍ ഇസ്വ്‌ലാഹിന്റെ വാദം സത്യമല്ലെന്ന്‌ ബോധ്യപ്പെടും. മേല്‍പറഞ്ഞ ഒരു ജിന്നുമയ കാലഘട്ടം തുടരുകയായിരുന്നു.
ജിന്നിന്‌ വെളിച്ചം തന്ന്‌ സഹായിക്കാന്‍ കഴിയുമെന്നും ജിന്നിനോട്‌ അതാവശ്യപ്പെടുന്നത്‌ ശിര്‍ക്കല്ലെന്നുമുള്ള വാദം 2007 ഏപ്രിലിലെ ഇസ്വ്‌ലാഹ്‌ മാസികയില്‍ പ്രത്യക്ഷപ്പെട്ടു. ആ കുറിപ്പ്‌ പ്രശ്‌നം രൂക്ഷമാക്കി. പി.അബ്‌ദുല്‍ജബ്ബാര്‍ മൗലവി എഴുതിയ ആ വരികള്‍ ശ്രദ്ധിക്കുക. `രാത്രിയുടെ ഇരുളില്‍ തപ്പിത്തടഞ്ഞു നീങ്ങുന്ന ഒരാള്‍ തന്റെ തൊട്ടടുത്ത്‌ നിന്ന്‌ ശബ്‌ദം കേള്‍ക്കുന്നു. ആളെ കാണുന്നില്ല. തന്റെ മുമ്പിലുള്ള ഈ ശബ്‌ദത്തിന്റെ ഉടമ ജിന്നായിരിക്കാം എന്ന വിശ്വാസത്തില്‍ എന്നെ ഒന്നു സഹായിക്കാമോ, ഒരു വെളിച്ചം തരാമോ എന്നാവശ്യപ്പെട്ടാല്‍ അത്‌ അഭൗതികമോ കാര്യകാരണബന്ധത്തിന്‌ അപ്പുറമുള്ളതോ, അല്ലെങ്കില്‍ സൃഷ്‌ടികളുടെ കഴിവില്‍പെടാത്തത്‌ തേടുകയോ അല്ല.’ (ഇസ്വ്‌ലാഹ്‌. മാസിക 2007 ഏപ്രില്‍)
ഈ ഉദ്ധരണിക്ക്‌ യാഇബാദല്ലാഹി അഈനൂനീ എന്ന ദുര്‍ബല ഹദീഥുമായി ഒരു ബന്ധവുമില്ലെന്നും തന്റേത്‌ ഒരു സ്വതന്ത്ര ജിന്നു തത്വമാണെന്നുമാണ്‌ ലേഖകന്‍ പറഞ്ഞത്‌. ഈ വരികളാണ്‌ നമ്മുടെ തൗഹീദീ പ്രബോധനത്തില്‍ വലിയ തടസ്സമായത്‌. പ്രസ്ഥാന പ്രതിയോഗികളുടെ പ്രസിദ്ധീകരണങ്ങളിലും വേദികളിലും ഇത്‌ വലിയ ചര്‍ച്ചയായി. സംവാദങ്ങളില്‍ മാത്രമല്ല സംവാദ ചര്‍ച്ചകളില്‍ വരെ സുന്നീ പണ്‌ഡിതര്‍ ഇതില്‍ മുറുക്കിപ്പിടിച്ച്‌ നമ്മെ നന്നായി അടിച്ചു. 2002ല്‍ എറണാകുളത്തും 2007ല്‍ ചങ്ങരംകുളത്തും നടന്ന മുജാഹിദ്‌ സംസ്ഥാന സമ്മേളനങ്ങളും ജനശ്രദ്ധ പിടിച്ചുപറ്റിയ രണ്ട്‌ സാല്‍വേഷന്‍ എക്‌സിബിഷനുകളുമായി ഒരുപാട്‌ ഉയരത്തിലെത്തിയ പ്രസ്ഥാനം ജിന്നുസംബന്ധമായ സി.ഡി.കളും ഇസ്വ്‌ലാഹിലെ ഉപര്യുക്ത വരികളുമെല്ലാം കാരണം ആഴത്തിലേക്കു വീണു.
തിരുത്തിക്കല്‍ ശ്രമം
ജിന്നിനോട്‌ വെളിച്ചം ചോദിക്കല്‍ ശിര്‍ക്കല്ല, അത്‌ ജിന്നിന്‌ നമുക്ക്‌ ചെയ്‌തുതരാന്‍ കഴിയുന്ന ഭൗതിക കാര്യമാണ്‌ എന്ന വരികള്‍ തിരുത്തിക്കാന്‍ അഹമ്മദ്‌ അനസ്‌ മൗലവി, ഹുസൈന്‍ സലഫി എന്നിവര്‍ അബ്‌ദുല്‍ജബ്ബാര്‍ മൗലവിയുടെ വീട്ടില്‍ പോയി. അതില്‍ അബ്‌ദുറഹ്‌മാന്‍ സലഫിയുടെ പ്രേരണയുണ്ടായിരുന്നു. അവര്‍ ചര്‍ച്ച ചെയ്‌തിട്ട്‌ ഫലമില്ലെന്നു കണ്ടപ്പോള്‍ അബ്‌ദുറഹ്‌മാന്‍ സലഫിയെ അബ്‌ദുല്‍ ജബ്ബാര്‍ മൗലവിയുടെ നാടായ തുറക്കലിലേക്ക്‌ വരുത്തി. അദ്ദേഹം സംസാരിച്ചിട്ടും ഇസ്വ്‌ലാഹിലെ വരികള്‍ തിരുത്താന്‍ അബ്‌ദുല്‍ ജബ്ബാര്‍ മൗലവി തയ്യാറായില്ല. ആ വിവാദം തുടരവേ കെ.കെ.സക്കരിയ്യാ സ്വലാഹി നാട്ടിലും വിദേശത്തും ജിന്നുവിവാദവുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അങ്ങനെ സംഘടന സ്വലാഹിക്ക്‌ പ്രസംഗത്തിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തി. പിന്നീട്‌ ഉപാധിയോടെ വിലക്ക്‌ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ നാല്‌ പ്രധാന സംഭവങ്ങളുണ്ട്‌.
1. 21.6.2011ല്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്‌ കോളജ്‌ ലൈബ്രറിയില്‍ പി.എന്‍.അബ്‌ദുല്‍ലത്വീഫ്‌ മദനി മുന്‍കൈയ്യെടുത്ത ഒരു യോഗം നടന്നു. ജിന്നിനോട്‌ സഹായം തേടല്‍ തൗഹീദിന്‌ വിരുദ്ധവും ശിര്‍ക്കുമാണെന്ന്‌ അതില്‍ പങ്കെടുത്ത എല്ലാവരും ഒപ്പിട്ടു. കുഞ്ഞിമുഹമ്മദ്‌ പറപ്പൂര്‍, പി.എന്‍.അബ്‌ദുല്ലത്തീഫ്‌ മദനി, എം.അബ്‌ദുറഹ്‌മാന്‍ സലഫി, കെ.കെ. സക്കരിയ്യാ സ്വലാഹി, അബൂബക്കര്‍സലഫി, ഹനീഫ്‌ കായക്കൊടി, ശമീര്‍ മദനി, ശംസുദ്ദീന്‍പാലത്ത്‌, ഹംസ മദീനി, അഹ്‌മദ്‌ അനസ്‌ മൗലവി, എന്നിവരാണ്‌ അതില്‍ പങ്കെടുത്തത്‌. അതില്‍ ജിന്നിനോട്‌ സഹായം തേടല്‍ ശിര്‍ക്കാണെന്നതിനു പുറമെ 11 കാര്യങ്ങള്‍കൂടി തീരുമാനമായി. ക്വുര്‍ആന്‍ കൊണ്ടും സ്വഹീഹായ ഹദീഥുകൊണ്ടും സ്ഥിരപ്പെട്ട ദിക്‌റുകള്‍കൊണ്ട്‌ രോഗശമനത്തിനുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ട്‌ റുക്വയ്യ: ശറഇയ്യ നടത്താമെന്നും എന്നാല്‍ ജിന്നിനെ അടിച്ചിറക്കുക എന്നത്‌ പ്രമാണങ്ങള്‍കൊണ്ട്‌ സ്ഥിരപ്പെട്ടതല്ലെന്നതുമാണ്‌ അതിലെ പ്രധാനപ്പെട്ട മറ്റൊന്ന്‌. ഇത്‌ കെ.ജെ.യുവിന്റെ തീരുമാനത്തിനു വിടാനാണ്‌ ആ യോഗം തീരുമാനിച്ചത്‌. അന്തിമമായ തീരുമാനം കെ.ജെ.യു.വിന്നാണ്‌.
2. ജിന്നിനോട്‌ സഹായം തേടല്‍ ശിര്‍ക്കാണെന്ന്‌ എഴുതി ഒപ്പിട്ടതറിഞ്ഞപ്പോള്‍ അബ്‌ദുല്‍ ജബ്ബാര്‍ മൗലവി തനിക്കതില്‍ എരിതഭിപ്രായമുണ്ടെന്നും അതവതരിപ്പിക്കാന്‍ കെ.ജെ.യുവിന്റെ ജനറല്‍ബോഡി വിളിച്ചുചേര്‍ക്കണമെന്നും അപേക്ഷിച്ചുകൊണ്ട്‌ കെ.ജെ.യു. സെക്രട്ടറിയായ എം.മുഹമ്മദ്‌ മദനിക്ക്‌ കത്തെഴുതി.
3. ഇതിന്‌ കെ.ജെ.യു. ജനറല്‍ബോഡിവിളിക്കേണ്ട ആവശ്യമില്ലെന്നും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ.ജെ.യു.സംഘടിപ്പിച്ചു വരാറുള്ള ദൗറയില്‍ അവതരിപ്പിക്കാമെന്നും അബ്‌ദുല്‍ജബ്ബാര്‍ മൗലവിക്ക്‌ മുഹമ്മദ്‌ മദനി മറുപടി കൊടുത്തു.
4. അബ്‌ദുല്‍ ജബ്ബാര്‍ മൗലവിക്കു മാത്രമായി 26.12.2011ന്‌ പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ ദൗറ ചേര്‍ന്നു. അതില്‍ ഒന്നരമണിക്കൂര്‍ ജിന്നിനോട്‌ വെളിച്ചം ചോദിക്കുന്നത്‌ അതിന്‌ അല്ലാഹു കൊടുത്ത കഴിവില്‍പെട്ടത്‌ ചോദിക്കല്‍ മാത്രമേ ആവുകയുള്ളൂവെന്നും ശിര്‍ക്കാവുകയില്ലെന്നും അതിനാല്‍ താന്‍ 2007 ഏപ്രില്‍ ലക്കത്തില്‍ ഇസ്വ്‌ലാഹിലെഴുതിയത്‌ തിരുത്തേണ്ടതില്ലെന്നും അദ്ദേഹം ശക്തമായി വാദിച്ചു. അതിലെ അപകടം വ്യക്തമാക്കിക്കൊണ്ട്‌ ഹംസബാഖവി, ഹനീഫ്‌ കായക്കൊടി, ഇ.കെ.എം. പന്നൂര്‍, മുനീര്‍ മദനി, സുഹൈര്‍ ചുങ്കത്തറ എന്നിവര്‍ സംസാരിച്ചു.
2007 ഏപ്രില്‍ ലക്കത്തില്‍ എഴുതിയ കാര്യത്തിന്റെ നിജസ്ഥിതി എന്താണെന്ന്‌ ഈ ദൗറ നടക്കുന്ന 2011 ഡിസം. 26വരെ കെ.ജെ.യു. വിന്റെ ഉത്തരവാദപ്പെട്ട ഒരാളും തന്നോട്‌ ചോദിച്ചില്ലെന്ന്‌ അബ്‌ദുല്‍ജബ്ബാര്‍ മൗലവി പരിഭവിച്ചു. അപ്പോള്‍ അബ്‌ദുറഹ്‌മാന്‍ സലഫി എഴുന്നേറ്റ്‌ ഇങ്ങനെ പറഞ്ഞു. താങ്കളുടെ വീട്ടില്‍ ഇക്കാര്യം സംസാരിക്കാന്‍ അഹമദ്‌ അനസ്‌ മൗലവിയും ഹുസൈന്‍ സലഫിയും വന്നില്ലേ? എന്നേക്കാള്‍ താങ്കളുമായി ബന്ധമുള്ളത്‌ ഹുസൈന്‍ സലഫിക്കായതിനാല്‍ ഞാനാണ്‌ അദ്ദേഹത്തിന്റെ പേര്‍ നിര്‍ദേശിച്ചത്‌. അവര്‍ സംസാരിച്ചിട്ടും താങ്കള്‍ പഴയ വാദത്തില്‍ ഉറച്ചുനിന്നപ്പോള്‍ എന്നെ അങ്ങോട്ടു കൊണ്ടുവരാന്‍ ആളു വന്നു. ഞാന്‍ കെ.ജെ.യു. ഭാരവാഹികളില്‍ ഒരാളാണല്ലോ. അപ്പോള്‍ ഉത്തരവാദപ്പെട്ട ആരും താങ്കളോട്‌ സംസാരിച്ചില്ല എന്ന്‌ താങ്കള്‍ പറഞ്ഞത്‌ മറവിയോ സത്യവിരുദ്ധമോ ആണ്‌. 26.2.11ന്റെ ദൗറ വൈകുന്നേരം വരെ തുടര്‍ന്നു. മൂന്നു പേരൊഴികെ എല്ലാവരും ജിന്നിനോട്‌ സഹായം തേടല്‍ ശിര്‍ക്കാണെന്നു പറഞ്ഞു. ഫൈസല്‍ മുസ്‌ല്യാര്‍ ശാഫിസ്വലാഹി എന്നിവര്‍ ഹറാമാണെന്നും പറഞ്ഞു. അടുത്തമാസം 26ന്‌ വീണ്ടും ചേരാന്‍ തീരുമാനിച്ചുകൊണ്ട്‌ യോഗം പിരിഞ്ഞു. യാ ഇബാദല്ലാഹി എന്ന ദുര്‍ബല ഹദീഥിന്റെ വ്യാഖ്യാനങ്ങള്‍ ശേഖരിക്കാന്‍ ഹനീഫ്‌ കായക്കൊടിയെയും ഫൈസല്‍ മുസ്‌ല്യാരെയും ചുമതലപ്പെടുത്തി.
5. 2012 ജനു. 26ന്‌ ഇതേ കാര്യത്തിന്‌ ദൗറ ചേര്‍ന്നു. യാഇബാദല്ലാഹി എന്നതിന്റെ വ്യാഖ്യാനങ്ങള്‍ ശേഖരിക്കാന്‍ ഏല്‍പിക്കപ്പെട്ടവര്‍ അത്‌ അവതരിപ്പിച്ചു. അബ്‌ദുല്‍ജബ്ബാര്‍ മൗലവി ജിന്നിനോട്‌ വെളിച്ചം ചോദിക്കല്‍ ശിര്‍ക്കല്ലെന്ന വാദം കൂടുതല്‍ ശക്തമായി ന്യായീകരിച്ചു. ശക്തമായ വാഗ്വാദം നടന്നെങ്കിലും ഇസ്വ്‌ലാഹിലെഴുതിയത്‌ തിരുത്തുന്ന പ്രശ്‌നമേയില്ല എന്നു ജബ്ബാര്‍ മൗലവി തറപ്പിച്ചു പറഞ്ഞപ്പോള്‍ അക്കാര്യം കെ.ജെ.യു.വിന്‌ വിടാമെന്ന്‌ തീരുമാനിച്ചു.
6. ഇതിന്റെയടിസ്ഥാനത്തില്‍ കെ.ജെ.യുവിന്റെ ഫത്‌വാ ബോര്‍ഡില്‍ നിന്ന്‌ അബ്‌ദുല്‍ ജബ്ബാര്‍ മൗലവിയെ പുറത്താക്കി. അബ്‌ദുല്‍ ജബ്ബാര്‍ മൗലവി പറഞ്ഞ ഇതേ ആശയം കെ.കെ. സക്കരിയ്യാ സ്വലാഹി സ്വകാര്യ വര്‍ത്തമാനങ്ങളിലും ക്ലാസ്സുകളിലുമെല്ലാം പറയാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തോട്‌ ഇത്‌ നിര്‍ത്തണമെന്ന പഴയ നിര്‍ദേശം നേതാക്കള്‍ കൂടുതല്‍ ശക്തമായ രീതിയില്‍ നല്‍കി. (2004 മുതല്‍ തന്നെ സ്വലാഹിക്ക്‌ ജിന്നുവിഷയത്തില്‍ പ്രത്യേക താല്‍പര്യമുള്ളതായി ഈയുള്ളവന്‌ മനസ്സിലായിട്ടുണ്ട്‌. ഞങ്ങളിരുവരും 2004 ജനുവരിയിലെ ഹജ്ജില്‍ ഒന്നിച്ചുണ്ടായിരുന്നു. സക്കരിയ്യ ജാമിഅ: നദ്‌വിയ്യായില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ശബാബ്‌ വാരികയുടെ എഡിറ്റര്‍ സ്ഥാനം വഹിക്കുകയായിരുന്നു. അന്നുമുതല്‍ ഞങ്ങള്‍ വളരെ സ്‌നേഹത്തിലായിരുന്നു. അതിനാല്‍ ജിന്നുവിഷയത്തിലെ പുതിയ രീതികളോടുള്ള ശക്തമായ എതിര്‍പ്പ്‌ പ്രകടിപ്പിക്കാന്‍ എനിക്ക്‌ സൗകര്യം കിട്ടി. 2011 ഒക്‌ടോ-നവംബര്‍ മാസങ്ങളിലും മക്കയില്‍വെച്ച്‌ ഇതുസംബന്ധമായി കൂടുതല്‍ ഗൗരവത്തില്‍ ഇരുവരും സംസാരിച്ചിട്ടുണ്ട്‌.)
പിന്നീട്‌ കുറച്ചു കാലത്തേക്ക്‌ അദ്ദേഹത്തെ വേദികളില്‍ നിന്ന്‌ വിലക്കി. പിന്നീട്‌ വിലക്കു നീക്കുകയും പ്രസംഗം നിരീക്ഷണ വിധേയമാക്കുമെന്ന്‌ നേതൃത്വം അദ്ദേഹത്തെ അറിയിക്കുകയും ചെയ്‌തു. വീണ്ടും വിശദീകരണം തേടേണ്ട കാരണങ്ങളുണ്ടായി. പെട്ടെന്ന്‌ കാരണമില്ലാതെ ഒരു അമേരിക്കന്‍ തന്ത്രം ആവിഷ്‌കരിച്ച്‌ അദ്ദേഹത്തെ പിരിച്ചുവിടുകയായിരുന്നില്ല. ജോര്‍ജ്‌ ബുഷിന്റെ സദ്ദാം വധത്തിനു തുല്യമാണ്‌ സക്കരിയ്യാ സ്വലാഹിയുടെ പേരിലുള്ള നടപടി എന്ന്‌ കുറ്റപ്പെടുത്തിയ ലേഖകന്‍തന്നെ യാഇബാദല്ലാഹി എന്ന ദുര്‍ബ്ബല ഹദീഥുമായി ബന്ധമില്ലാത്ത സ്വതന്ത്രമായ ഒരു പൊതുജിന്ന്‌ സിദ്ധാന്തം അവതരിപ്പിച്ചിട്ടുണ്ട്‌. അത്‌ ശ്രദ്ധിച്ചുവായിക്കുക.
`മനുഷ്യന്റെ പരിസരത്തുള്ള, ഉണ്ടെന്നു കരുതപ്പെടുന്ന അദൃശ്യ സൃഷ്‌ടികളോട്‌ അവയുടെ പ്രൃകൃതത്തിനനുസരിച്ച്‌ അവര്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാണെന്നു പറയാന്‍ പറ്റില്ല. ശിര്‍ക്കാണെന്ന്‌ പറഞ്ഞാല്‍ സുലൈമാന്‍ നബി (അ)യും ഹാജര്‍ബീവിയും മുശ്‌രിക്കാണെന്ന്‌ പറയേണ്ടിവരും. (നഊദുബില്ലാഹ്‌) ഇസ്വ്‌ലാഹ്‌ 2013 ഡിസം. പേ. 13) സുലൈമാന്‍ നബിയും ഹാജറയും മുശ്‌രിക്കുകളാവില്ലെ എന്ന സങ്കീര്‍ണത തീര്‍ക്കാനാണ്‌ ഇങ്ങനെയെഴുതിയത്‌ എന്നാണ്‌ ശേഷമുള്ള വിശദീകരണം. സുലൈമാന്‍ നബിയുടേത്‌ മുഅ്‌ജിസത്തും ഹാജറിന്റേത്‌ ഭാവിയില്‍ പ്രവാചകനാകാന്‍ പോകുന്ന കുഞ്ഞിന്റെ മാതാവിന്‌ അല്ലാഹു സംഭവിപ്പിച്ച ഒരു അത്ഭുത സംഭവവുമാണ്‌ സംസം എന്നും തര്‍ക്കത്തിലിരിക്കുന്ന ഇസ്‌തിഗാസയുമായി ഇതിനു ബന്ധമില്ലെന്നും പറഞ്ഞ്‌ സുന്നീ മുസ്‌ല്യാക്കളെ നമുക്ക്‌ അടക്കിയിരുത്താവുന്നതേയുള്ളൂ. അതിന്നു പകരം ജിന്നിന്റെ പ്രകൃതിക്കനുസരിച്ച്‌ അതിന്‌ ചെയ്യാന്‍ കഴിയുന്ന കാര്യം മനുഷ്യന്‍ ആവശ്യപ്പെടുന്നത്‌ ശിര്‍ക്കാവുകയില്ലെന്ന തത്വവും അതിന്നുദാഹരണമായി പുഴയില്‍ മുങ്ങുന്നവന്‍ കരയിലെ ജിന്നിനോട്‌ സഹായം തേടുന്നതും ചൂണ്ടയിടുന്നവന്‍ ജിന്നേ എന്റെ കൈപിടിക്കൂ എന്നു പറയുന്നതു ശിര്‍ക്കാവില്ലെന്നും ജിന്നിനോട്‌ വെളിച്ചം ആവശ്യപ്പെടല്‍ അതിന്റെ കഴിവില്‍പെട്ടത്‌ മാത്രം ചോദിക്കലായതിനാല്‍ അത്‌ പ്രാര്‍ഥനയാകില്ലെന്നും ഈ ചോദ്യത്തിന്‌ യാഇബദല്ലാ എന്ന ദുര്‍ബല ഹദീഥുമായി ബന്ധമില്ലെന്നും അഥവാ ഒരു സ്വതന്ത്ര ജിന്നുതത്വമാണിതെന്നുമെല്ലാം പറഞ്ഞ്‌ അബദ്ധ ന്യായീകരണങ്ങള്‍ രംഗത്തിറക്കുകയാണിവര്‍ ചെയ്‌തത്‌. ഇതിനെല്ലാം യുക്തമായ മറുപടി വേദികളില്‍ നിന്നും വിചിന്തനത്തില്‍ നിന്നും ലഭിച്ചപ്പോള്‍ സുലൈമാന്‍ നബിയുടേത്‌ മുഅ്‌ജിസത്തല്ല, നിഅ്‌മത്താണെന്നും പറയാന്‍ തുടങ്ങി. ചിന്തിക്കൂ വായനക്കാരേ ജോര്‍ജ്‌ ബുഷിന്റെ സദ്ദാം വധമാണോ മുജാഹിദ്‌ പ്രസ്ഥാനത്തില്‍ നടന്നത്‌?

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍