vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
തിരുദൂതന്‍ വിളിച്ചു അവര്‍ ഉത്തരം കൊടുത്തു

pg3aഹിറാഗുഹയില്‍ നിന്ന്‌ വിറച്ചുകൊണ്ട്‌ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ മുഹമ്മദ്‌ നബി (സ്വ) ക്ക്‌ ലോകത്തെവിടെയും ഒരനുയായിയും ഉണ്ടായിരുന്നില്ല. വഴിയറിയാത്തവനായി ഹിറാ ഗുഹയിലേക്ക്‌ പോയ അവിടുന്ന്‌ തിരിച്ചുപോരുമ്പോള്‍ മനസ്സില്‍ സത്യത്തിന്റെ റൂട്ട്‌മാപ്പ്‌ പതിഞ്ഞത്‌ അവിടുന്നിന്ന്‌ വേണ്ടപോലെ അറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ്‌ വിറയ്‌ക്കുന്ന പ്രിയതമനെ പുതപ്പിട്ട്‌ മൂടുന്ന ഖദീജ (റ) യുടെ സാന്ത്വനങ്ങളില്‍നിന്ന്‌ നമുക്ക്‌ മനസ്സിലാവുക. പ്രവാചകത്വത്തിന്റെ ആദ്യവര്‍ഷത്തില്‍ അവിടുത്തെ അനുചരന്‍മാരുടെ എണ്ണം വിരലിലൊതുങ്ങിയിരുന്നു. ഏറെ പ്രിയംകരനായ മുഹമ്മദ്‌ പലര്‍ക്കും ഏറെ വെറുക്കപ്പെട്ടവനും സമൂഹവിലക്ക്‌ അര്‍ഹിക്കുന്നവനുമായി തോന്നിയേടത്തുനിന്ന്‌ പല അത്ഭുതങ്ങളും മുളപൊട്ടുകയായി. മുഹമ്മദിന്റെ തല ഇനി ഈ വാളിന്റെ മുനയിലായിരിക്കും എന്ന്‌ ഒരിക്കല്‍ പറഞ്ഞ പോക്കിരിയും ധിക്കാരിയും ബഹുദൈവാരാധകനുമായിരുന്ന ഉമര്‍ ഇരുപത്തിമൂന്നാം ആണ്ടില്‍ പറഞ്ഞത്‌, മുഹമ്മദ്‌ മരിച്ചു എന്നു പറഞ്ഞവന്റെ തല ഞാന്‍ വെട്ടും എന്നായിരുന്നു. തിരുദൂതന്റെ വിളിക്ക്‌ വിചിത്രമായ ഒരുത്തരമാണ്‌ ഈ സംഭവത്തിലൂടെ ലഭിച്ചത്‌. തിരുദൂതന്‍ മരിച്ചു എന്നുകേട്ടപ്പോള്‍ അവിടുന്നിനോടുള്ള സ്‌നേഹപാരവശ്യത്താല്‍ മരണവാര്‍ത്ത അറിയിച്ചവന്റെ നേരെ കോപം ചൊരിയുന്നിടത്തോളം ഉമര്‍ (റ) ന്റെ സംയമനം തെറ്റി. തിരുദൂതരുടെ ഉറ്റമിത്രമായ അബൂബക്കര്‍ സിദ്ദീഖ്‌ (റ) ഉമറിന്റെ മനസ്സിലതാ മരുന്നു പുരട്ടുന്നു.
“മുഹമ്മദ്‌ അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്റെ മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പിറകോട്ടുതിരിച്ചുപോവുകയോ? ആരെങ്കിലും പിറകോട്ടു തിരിച്ചുപോകുന്നപക്ഷം അല്ലാഹുവിന്ന്‌ ഒരു ദ്രോഹവും അത്‌ വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക്‌ അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌” (വി.ക്വു. 3:144)
മുമ്പ്‌ ഉഹ്‌ദില്‍ പ്രവാചകന്‍ കൊല്ലപ്പെട്ടു എന്ന കിംവദന്തി കേട്ട്‌ യുദ്ധത്തില്‍നിന്ന്‌ പിന്തിരിഞ്ഞോടിയവരെ വിമര്‍ശിച്ചുകൊണ്ടിറങ്ങിയ സൂക്തമായിരുന്നു ഇത്‌. ഇന്നാകട്ടെ അവിടുന്നിന്റെ മരണം യാഥാര്‍ഥ്യമായി. അപ്പോള്‍ ഈ സൂക്തമെടുത്താണ്‌ അബൂബക്കര്‍ സിദ്ദീക്വ്‌ (റ) ഉമര്‍ (റ) യെ ശാന്തനാക്കിയത്‌. ഈ സൂക്തത്തിന്നു പുറമെ തന്റേതുമാത്രമായ ഒരു വാക്യം കൂടി അദ്ദേഹം `പറഞ്ഞു. വല്ലവനും മുഹമ്മദിനെയാണ്‌ ആരാധിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം മരിച്ചുകഴിഞ്ഞിരിക്കുന്നു. മറിച്ച്‌ അല്ലാഹുവിനെയാണ്‌ ആരാധിച്ചിരുന്നതെങ്കില്‍ അവന്‍ മരണമില്ലാത്ത നിത്യജീവിയായി നിലകൊള്ളുന്നു…. (ബുഖാരി)
അല്ലാഹുവിന്റെയും റസൂലിന്റെയും വിളികേട്ടാല്‍ ബധിരന്മാരും ഊമകളുമായി കഴിയാത്ത ഒരു സമൂഹം മക്കയില്‍ വളരുകയായിരുന്നു. ആ വിളി എന്തിലേക്കായാലും അവര്‍ പോകാന്‍ തയ്യാറായിരുന്നു. ഹിജ്‌റയോ മരണത്തിലേക്കെത്താവുന്ന യുദ്ധം മുന്നില്‍ കണ്ടാലോ അവര്‍ പിന്‍മാറിയിരുന്നില്ല. കാരണം അത്‌ നിത്യജീവന്‍ ലഭിക്കുന്ന കാര്യമായി അവര്‍ കണ്ടിരുന്നു.
“്‌നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക്‌ നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്നും റസൂലിന്നും ഉത്തരം നല്‍കുക. മനുഷ്യന്നും അവന്റെ മനസ്സിന്നുമിടയില്‍ അല്ലാഹു മറയിടുന്നതാണ്‌ എന്നും അവങ്കലേക്ക്‌ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞുകൊള്ളുക’. (വി.ക്വു. 8:24)
വിശ്വാസത്തിന്ന്‌ പ്രവേശം ലഭിക്കാത്ത മനസ്സുകള്‍ തങ്ങള്‍ക്കുണ്ടാവാതിരിക്കണമെങ്കില്‍ പ്രവാചകന്റെ വിളിക്ക്‌ ഉത്തരം നല്‍കിയേ പറ്റൂ എന്നും മനസ്സിന്റെ ധന്യത സത്യവിശ്വാസം കൊണ്ടുമാത്രമേ കൈവരികയുള്ളൂ എന്നും ഉറപ്പുള്ള അവര്‍ക്ക്‌ അതിന്റെ പേരിലുള്ള ഒരു പീഡനവും ത്യാഗത്തിന്ന്‌ തടസ്സമായില്ല. അവര്‍ ഭയപ്പെട്ടത്‌ ഇതിനെ. “ഒരു പരീക്ഷണം (ശിക്ഷ) വരുന്നത്‌ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. അത്‌ ബാധിക്കുന്നത്‌ നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക്‌ മാത്രമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.” (8:25)
ക്വുര്‍ആന്‍ എന്ന ഇന്ധനം, പ്രവാചകന്റെ സാന്നിധ്യം, അദൃശ്യനായ അല്ലാഹു എപ്പോഴും തങ്ങളുടെ കൂടെയുണ്ടെന്ന ദൃഢവിശ്വാസം-ഇത്‌ മൂന്നും അവരുടെ ജീവിതവാഹനത്തെ ചലിപ്പിച്ചു. എത്ര പ്രയാസമേറിയ വഴിയായാലും ആ വാഹനം മുന്നോട്ടുനീങ്ങുമായിരുന്നു. സത്യവിശ്വാസം അംഗീകരിച്ചതിന്റെ പേരില്‍ അതികഠിനമായ പീഡനമേല്‍ക്കേണ്ടിവന്നപ്പോള്‍ അഹദ്‌ അഹദ്‌ എന്ന ഏകദൈവ വിശ്വാസം ഉച്ചരിച്ചുകൊണ്ട്‌ സഹനത്തിന്റെ അതുല്യമാതൃക കാട്ടിയ ബിലാല്‍ (റ) ന്ന്‌, അതേ ശബ്‌ദം ബദ്‌ര്‍ യുദ്ധവേളയില്‍ പ്രവാചകന്‍ മുദ്രാവാക്യമാക്കി നിശ്ചയിച്ചതറിഞ്ഞപ്പോഴുള്ള സന്തോഷം എത്രമാത്രമായിരിക്കാം. തിരുദൂതനിനില്‍നിന്ന്‌ തങ്ങള്‍ക്ക്‌ സമ്പത്ത്‌ ലഭിക്കുമെന്ന്‌ വിചാരിച്ചുകൊണ്ടായിരുന്നില്ല അവര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചത്‌. മരണാനന്തരം മരണമില്ലാത്ത ഒരു ലോകമുണ്ടെന്ന ഉറച്ച വിശ്വാസവും അവിടെ സ്വര്‍ഗം ലഭിക്കണമെന്നുള്ള അതിയായ ആഗ്രഹവുമാണ്‌ സ്വഹാബിമാരെ അതിന്ന്‌ പ്രേരിപ്പിച്ചത്‌. ആ മോഹം അവരിലുണ്ടായി എന്നതിന്റെ അര്‍ത്ഥം തിരുദൂതന്റെ ദൗത്യം വിജയിച്ചു എന്നാണ്‌. അവര്‍ സ്വര്‍ഗം ലഭിക്കുന്നതില്‍ ആഗ്രഹവും തേട്ടവും പരിമിതമാക്കിയില്ല. അവിടെ തിരുദൂതന്റെ സാമീപ്യം ലഭിക്കണം. “ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിച്ചുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ നബിമാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍.’ (4:69)
സ്‌നേഹവായ്‌പോടെ, തെറ്റു സംഭവിക്കുമ്പോള്‍ തിരുത്തിക്കൊണ്ട്‌ കൂട്ടുകാരനും രക്ഷിതാവും അധ്യാപകനുമൊക്കെയായി പ്രവാചകന്‍ അവര്‍ക്കിടയില്‍ ജീവിച്ചപ്പോള്‍ ആ സമൂഹം ഭദ്രമായ ഒരു കെട്ടിടം പോലെയായി. ശാരീരിക സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുമെന്ന അവസ്ഥയിലും അവാച്യമായ ഒരു സുരക്ഷിതത്വം ഇസ്‌ലാമില്‍ അവര്‍ കണ്ടെത്തി. പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്‌. “വിശ്വാസവും മനോധൈര്യവും വലിയ രണ്ടു കാര്യങ്ങളാണ്‌. ഇതിന്നു പുറമെ ഇസ്‌ലാം അവര്‍ക്ക്‌ മുസ്‌ലിംകളായ എല്ലാവരും സമന്മാരാണെന്ന ഒരു സാഹോദര്യ സന്ദേശവും നല്‍കി. ഇങ്ങനെ ഒരുതരം ജനകീയ തത്വം ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കപ്പെട്ടു. (വിശ്വചരിത്രാവലോകം)
പ്രവാചകന്‍ ജനങ്ങളില്‍ നിന്ന്‌ നേടിയത്‌ തന്റെ സാമീപ്യത്തെക്കുറിച്ചുള്ള ഇഷ്‌ടമാണ്‌. അവിടുത്തോട്‌ നീരസം തോന്നി അകന്നുനില്‍ക്കേണ്ട ഒരനുഭവവും അവര്‍ക്കുണ്ടായില്ല.
(നബിയേ) അല്ലാഹുവിന്റെ കാരുണ്യംകൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷ സ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക്‌ മാപ്പുകൊടുക്കുകയും അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട്‌ കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്‌ടപ്പെടുന്നതാണ്‌.” (3:159)
തിരുദൂതന്റെ ഏതു തീരുമാനവും അവരുടെ കൂടി തീരുമാനമായി. അഥവാ അവിടുന്നിന്റെ രീതി അതിന്നു കാരണമായി. റസൂലിനെ അനുസരിച്ചവന്‍ അല്ലാഹുവിനെ അനുസരിച്ചു എന്ന്‌ ക്വുര്‍ആന്‍ പറഞ്ഞപ്പോള്‍ അത്ര വേണോ എന്ന ചിന്ത അവരിലുദിച്ചതേയില്ല. കാരണം “അദ്ദേഹം തന്നിഷ്‌ടപ്രകാരം സംസാരിക്കുന്നുമില്ല. അത്‌ അദ്ദേഹത്തിന്ന്‌ ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉദ്‌ബോധനം മാത്രമാകുന്നു” (53:3,4) എന്ന്‌ വിശ്വാസപ്രഖ്യാപനത്തിന്റെ ഒന്നാം തിയ്യതിയില്‍ തന്നെ അവര്‍ക്കറിയാമായിരുന്നു. സ്ഥാപിക്കപ്പെട്ടിടത്തുനിന്ന്‌ അനങ്ങാന്‍ കഴിയാത്ത ഹജറുല്‍ അസ്‌വദിനെ ചുംബിക്കുമ്പോള്‍ ഉമര്‍ (റ) പറഞ്ഞതില്‍ ഈ വിശ്വാസത്തിന്റെ ആഴമുള്ള സ്വാധീനമുണ്ടായിരുന്നു.
“ആസിബ്‌ബ്‌നു റബീഅ (റ) യില്‍ നിന്ന: ഉമര്‍ (റ) ഇങ്ങനെ പറഞ്ഞുകൊണ്ട്‌ ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്നത്‌ ഞാന്‍ കണ്ടു: നീ ഒരു കല്ലാണ്‌. നീ ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല. നബി (സ്വ) നിന്നെ ചുംബിക്കുന്നത്‌ ഞാന്‍ കണ്ടിരുന്നില്ലെങ്കില്‍ നിന്നെ ഞാന്‍ ചുംബിക്കുമായിരുന്നില്ല.” (ബുഖാരി-കിതാബുല്‍ മനാസിക്‌)
നബി (സ്വ) യുടെ വിളിക്ക്‌ എങ്ങനെയെല്ലാമാണ്‌ ഉത്തരം നല്‍കേണ്ടത്‌ എന്ന്‌ സ്വഹാബിമാര്‍ കൃത്യമായി പഠിച്ചു. പ്രവാചകാനുസരണത്തില്‍ അവര്‍ യുക്തി പ്രയോഗിച്ചില്ല. അല്ലാഹുവും ദൂതനും കല്‍പിച്ചാല്‍ അതനുസരിക്കുകയല്ലാതെ നിരാകരണത്തിന്നുള്ള സ്വാതന്ത്ര്യമില്ല എന്നതാണ്‌ സത്യവിശ്വാസിയുടെ അവസ്ഥ.
“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ പുരുഷന്നാകട്ടെ സ്‌ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വന്തമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചുപോയി.” (33:36)
കല്‍പനകള്‍ ആത്മാര്‍ഥമായി അനുസരിക്കുന്ന, അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകളില്‍ ഏറ്റവും പ്രധാനമേത്‌ എന്ന്‌ മനസ്സിലാക്കുന്ന സമൂഹമായിരുന്നു അത്‌. അല്ലാഹു മതിയായവനല്ലേ അവന്റെ അടിമക്ക്‌ എന്നാണ്‌ അല്ലാഹുവിന്റെ ചോദ്യം. അതിന്നവര്‍ ഉത്തരം കൊടുത്തു. ഹസ്‌ബുനല്ലാഹ്‌-ഞങ്ങള്‍ക്ക്‌ അല്ലാഹു മതി എന്ന്‌.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍