vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
നവോത്ഥാന വഴികള്‍-ചില വിയോജിപ്പുകള്‍

കോതമംഗലം 2013 മെയ്‌ 13ന്‌ ചന്ദ്രികയില്‍ വന്ന `നവോത്ഥാന വഴികളിലെ മുള്ളും മലരും’ എന്ന ലേഖനമാണ്‌ ഈ കുറിപ്പിന്‌ പ്രേരകം. ചില നവോത്ഥാന നായകരെയും നവോത്ഥാന പ്രസ്ഥാനത്തെയും നീതിപൂര്‍വ്വകമായി അവതരിപ്പിക്കാന്‍ ലേഖകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും സമസ്‌തയെ നവോത്ഥാനത്തിന്റെ നാന്ദികുറിച്ച സംഘടനയായി അവതരിപ്പിക്കാന്‍ ശ്രമിച്ചതില്‍ ഒട്ടും നീതി സ്‌പര്‍ശിച്ചിട്ടില്ലെന്നത്‌ സത്യമാണ്‌. സമസ്‌തയും അനുബന്ധ സംഘടനകളും കുറച്ചുകാലമായി നവോത്ഥാനത്തെപ്പറ്റി ചിന്തിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്‌ എന്ന വാസ്‌തവം അംഗീകരിച്ചുകൊണ്ടുതന്നെ ചില വിയോജനക്കുറിപ്പുകള്‍ ഇവിടെ രേഖപ്പെടുത്തുകയാണ്‌.
മത-മതേതര മേഖലകളില്‍ കേരള മുസ്‌ലിംകള്‍ക്ക്‌ ഒരു `ഇരുണ്ടകാലം’ ഉണ്ടായിരുന്നു. ഇത്‌ ലേഖകനും സമ്മതിക്കുന്ന കാര്യമാണ്‌. ലോകത്തിന്റെ വിവിധ ദേശങ്ങളില്‍ വ്യത്യസ്‌ത കാലങ്ങളിലായി ഉണ്ടായിത്തീര്‍ന്ന നവോത്ഥാനംപോലെ വിപ്ലവകരമായ വല്ല നവോത്ഥാന സംരംഭങ്ങളും കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടോ എന്നാണ്‌ ലേഖകന്‍ ചോദിക്കുന്നത്‌. ഈ ചോദ്യത്തെ അപ്രസക്തമാക്കുന്നത്‌ ഒരു നൂറ്റാണ്ട്‌ മുമ്പുള്ള മുസ്‌ലിം കേരളത്തിന്റെ മത-സാമൂഹ്യ രംഗങ്ങളെപ്പറ്റി പഠനം നടത്തിയതില്‍ ലേഖകന്‌ വന്ന വീഴ്‌ചയായി മാത്രമേ വിലയിരുത്താന്‍ കഴിയൂ എന്നതാണ്‌.
കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്‌ലിം കേരളത്തിന്റെ വിശ്വാസ മണ്‌ഡലത്തെ ഭരിച്ചിരുന്നത്‌ ഗണിതക്കാര്‍, മുല്ലമാര്‍, ജിന്ന്‌-കുട്ടിച്ചാത്തന്‍ സേവകര്‍, ഒടിയന്മാര്‍, ഇസ്‌മിന്റെ പണിക്കാര്‍ തുടങ്ങിയവരായിരുന്നു. അന്തരീക്ഷമാകട്ടെ; ജിന്ന്‌-പിശാച്‌-ചെകുത്താന്‍-കുട്ടിച്ചാത്തന്‍-കൂളി-റൂഹാനി-പൊട്ടിച്ചൂട്ട്‌ തുടങ്ങിയവ നിറഞ്ഞതും! മുസ്‌ലിം ഭവനങ്ങളില്‍ നമസ്‌കാരാദി കര്‍മങ്ങള്‍ വേണ്ടുംവിധം ഇല്ലെങ്കിലും മാലപ്പാട്ടുകളും കുപ്പിപ്പാട്ടുകളും കിസ്സപ്പാട്ടുകളും യഥേഷ്‌ടം! വെള്ളിക്കാലും വെള്ളിക്കയ്യും വെള്ളിക്കണ്ണും തുടങ്ങി വെള്ളി ശരീരം വരെ വീട്‌ വീടാന്തരം കയറിയിറങ്ങി ശേഖരിച്ച്‌ ഉദ്ദിഷ്‌ട സ്ഥലങ്ങളിലെത്തിക്കുന്നവര്‍ ധാരാളം. ശാരീരിക-മാനസിക രോഗങ്ങള്‍ പിടിപെട്ടാല്‍ മന്ത്രവും ഹോമവും മാത്രം അവലംബം. ജിന്നുകളുടെ പടയോട്ടമില്ലാത്ത രാത്രികളില്ല. റൂഹാനികള്‍ രാത്രികാലങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങിയിരുന്നു! കോളറ തട്ടു ചെകുത്താന്റെയും വസൂരി കുരുപ്പു ചെകുത്താന്റെയും അപസ്‌മാരം കൂകി ചെകുത്താന്റെയും വിളയാട്ടമായി കണക്കാക്കിയിരുന്നു. കുട്ടിച്ചാത്ത സേവകരും ഒടിയന്‍മാരും ഒക്കെയായിരുന്നു മനുഷ്യന്റെ ഭാവി-ഭൂത-വര്‍ത്തമാനങ്ങള്‍ തീരുമാനിച്ചിരുന്നത്‌. ഒരു കൂമനെങ്ങാനും മൂളിപ്പോയാല്‍ അത്‌ ആപത്‌ സൂചകമായി കരുതിയിരുന്നു. വിശന്നോ-ഭയന്നോ കോഴിയെങ്ങാനും ഒന്ന്‌ കൂകിപ്പോയാല്‍ പരിസരത്താരോ `പോവാന്‍’ സമയമായി എന്നാണ്‌ ധാരണ. പൂച്ചയും ചേരയും മുതല്‍ അല്ലാഹുവിന്റെ സൃഷ്‌ടികളേതെങ്കിലും വഴി വട്ടംചാടുകയോ പുറകില്‍ നിന്നാരെങ്കിലും വിളിക്കുകയോ ചെയ്‌താല്‍ ദുശ്ശകുനം!….
ഒരു നൂറ്റാണ്ട്‌ മുമ്പുള്ള മുസ്‌ലിം കേരളത്തിന്റെ വിശ്വാസ ആചാര വൈകല്യങ്ങളുടെ ഒരു രേഖാചിത്രം മാത്രമാണിത്‌. ചരിത്ര ഗ്രന്ഥങ്ങള്‍ പരതിയാല്‍ മേല്‍ വിവരിച്ചതിന്റെ എത്രയോ അപ്പുറത്താണ്‌ മുസ്‌ലിം വിശ്വാസ-ആചാരങ്ങള്‍ എന്ന്‌ കാണാം.
ഇംഗ്ലീഷില്‍ `റിനൈസന്‍സ്‌’ എന്നും മലയാളത്തില്‍ `പുതിയ ഉയര്‍ച്ച’ എന്നും അര്‍ത്ഥം ലഭിക്കുന്ന `നവോത്ഥാനം’ എന്ന വാക്കിന്റെ പ്രായോഗികത ആരംഭിക്കുന്നത്‌ മേല്‍ വിവരിച്ച ആത്യന്തം അപകടകരമായ അവസ്ഥാവിശേഷത്തില്‍ നിന്നാണ്‌. കേരള മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന വിപ്ലവകരമായ നവോത്ഥാന പരിശ്രമങ്ങളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ചരിത്രം ആരംഭിക്കുന്നതും ഇവിടെനിന്നു തന്നെ.
മുസ്‌ലിം സമൂഹത്തില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത പരിഷ്‌കരണങ്ങള്‍ നടത്തിയത്‌ സമസ്‌തയാണെന്നാണ്‌ ലേഖകന്റെ വിലയിരുത്തല്‍! ഇതിനുവേണ്ടി-പള്ളി ദര്‍സുകള്‍ സ്ഥാപിച്ചത്‌ സമസ്‌തയാണെന്നാണ്‌ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്‌. എന്നാലിത്‌ ശരിയല്ല. വിശുദ്ധ ഇസ്‌ലാമിന്റെ സത്യസന്ദേശം കേരളക്കരയുടെ മണ്ണിലേക്ക്‌ ആദ്യമായി കടന്നുവന്ന കൊടുങ്ങല്ലൂരില്‍ സ്ഥാപിതമായ ആദ്യത്തെ പള്ളിയില്‍ വെച്ച്‌ ഇസ്‌ലാമിന്റെ സവിശേഷമായ വിശ്വാസ-ആചാരാനുഷ്‌ഠാനങ്ങളെപ്പറ്റി മാലിക്‌ ദീനാര്‍ (റ) ഉം സംഘവും മതപഠനമാരംഭിക്കുമ്പോള്‍ സമസ്‌തയോ സമസ്‌ത പണ്‌ഡിതരോ ഉണ്ടായിരുന്നില്ല. പിന്നീട്‌ ദീനുല്‍ ഇസ്‌ലാം കേരളക്കരയാകെ വ്യാപിച്ചപ്പോള്‍ അന്നത്തെ സാമൂഹ്യ പശ്ചാത്തലമനുസരിച്ച്‌ പള്ളികളില്‍ ദര്‍സ്‌ നടന്നുവന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം. എന്നാല്‍ പിന്നീട്‌ ലേഖകന്‍ നിരീക്ഷിച്ചതുപോലെ സരളവും ഹൃദ്യവും സാരസമ്പൂര്‍ണ്ണവുമായ ഇസ്‌ലാമിന്റെ തൗഹീദിനെയും തിരുസുന്നത്തുകളെയും വിശുദ്ധ ക്വുര്‍ആനിന്റെയും പ്രവാചക അദ്ധ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കപ്പെടേണ്ടതിനു പകരം `ആയിരം വര്‍ഷം പഴക്കമുള്ള പഠിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുന്ന അറബി ഗ്രാമര്‍ ഗ്രന്ഥങ്ങള്‍ ആവര്‍ത്തന വിരസതയോടെയും ആധുനിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കാതെയുള്ള കര്‍മ്മശാസ്‌ത്ര പഠനം, വിശുദ്ധ ക്വുര്‍ആനിന്റെ ഗവേഷണ ചിന്തകളെ ഉള്‍ക്കൊള്ളാതെയുള്ള വ്യാഖ്യാനങ്ങള്‍ എന്നിവയില്‍ സമുദായം തളച്ചിടപ്പെടുകയാണുണ്ടായത്‌. എന്ന്‌ മാത്രമല്ല; വിശുദ്ധ ക്വുര്‍ആന്‍ പഠിക്കല്‍ സാധാരണക്കാരന്‌ വേണ്ടതില്ല എന്നും കര്‍മ്മശാസ്‌ത്ര പണ്‌ഡിതരുടെ അഭിപ്രായങ്ങള്‍ക്ക്‌ വിപരീതമായി തിരുസുന്നത്തില്‍ ഒരു കാര്യം സ്ഥിരപ്പെട്ടാലും അത്‌ കര്‍മ്മശാസ്‌ത്ര പണ്‌ഡിതരുടെ അഭിപ്രായത്തിന്നെതിരാണെങ്കില്‍ `ഫിക്വ്‌ഹ്‌’ സ്വീകരിക്കുകയും `സുന്നത്ത്‌’ തിരസ്‌ക്കരിക്കുകയും ചെയ്യാനുള്ള ആഹ്വാനമാണ്‌ അക്കാലത്തെ സമസ്‌ത പണ്‌ഡിതന്മാരില്‍ നിന്നുണ്ടായത്‌.
“ക്വുര്‍ആനില്‍ നിന്ന്‌ ഒരായത്തിന്റെയും അര്‍ത്ഥം പഠിക്കല്‍ പൊതുജനങ്ങള്‍ക്ക്‌ നിര്‍ബന്ധമില്ല. ഓതല്‍ നിര്‍ബന്ധമായത്‌ ഫാതിഹ: മാത്രമാണ്‌. അതും അര്‍ത്ഥം പഠിക്കല്‍ നിര്‍ബന്ധമില്ല. പ്രത്യേക സുന്നത്തുമില്ല” (ഇ.കെ. ഹസ്സന്‍ മുസ്‌ല്യാര്‍, തഹ്‌ദീറുല്‍ ഇഖ്‌വാന്‍ മിന്‍ തര്‍ജുമതില്‍ ക്വുര്‍ആന്‍-പേജ്‌ 16).
“ക്വുര്‍ആനിലും സുന്നത്തിലും ഒരു കാര്യം സ്ഥിരപ്പെട്ടാലും അക്കാര്യം മദ്‌ഹബിന്റെ ഇമാമീങ്ങളുടെ അഭിപ്രായത്തിന്നെതിരാണെങ്കില്‍ ക്വുര്‍ആനിനെയും സുന്നത്തിനെയും മാറ്റിവയ്‌ക്കുകയും മദ്‌ഹബിന്റെ അഭിപ്രായം സ്വീകരിക്കുകയും ചെയ്യുകയുമാണ്‌ വേണ്ടത്‌.” (മുസ്‌ത്വഫല്‍ ഫൈസി പരിഭാഷപ്പെടുത്തിയ ഫത്‌ഹുല്‍ മുഈന്‍ പരിഭാഷയുടെ ആമുഖം.)
ഇതിനുമപ്പുറം അക്കാലത്ത്‌ `ക്വുര്‍ആന്‍ ക്ലാസ്സു’കളിലൂടെ സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ച നവോത്ഥാന പണ്‌ഡിതരെ `ക്വുര്‍ആന്‍ ഗ്ലാസ്സിലാക്കിയവര്‍’ എന്ന്‌ പറഞ്ഞ്‌ ആക്ഷേപിക്കുകയുമായിരുന്നു ചെയ്‌തിരുന്നത്‌.
പാതിരാത്രികളില്‍ നടത്തപ്പെട്ടിരുന്ന `വഅളു’ പരമ്പരകള്‍ പ്രധാനമായും ധനശേഖരണാര്‍ത്ഥമാണ്‌ സംഘടിപ്പിച്ചിരുന്നത്‌. അത്താഴം കഴിഞ്ഞ്‌ രാത്രി വൈകി ആരംഭിച്ചിരുന്ന `വഅളു’ സദസ്സുകളില്‍ അധികസമയവും ലേലം വിളിക്കായി നീക്കിവയ്‌ക്കപ്പെട്ടിരുന്നു. ബാക്കിയുള്ള ഏതാനും സമയങ്ങളില്‍ ആലങ്കാരികത നിറഞ്ഞതും ഇസ്‌ലാമിക അദ്ധ്യാപനങ്ങളുമായി ബന്ധമില്ലാത്തതുമായ സാങ്കല്‍പിക കഥകള്‍ പൊടിപ്പുംതൊങ്ങലും വച്ച്‌ `വഅളു’ പറയുന്ന ഉസ്‌താദിന്റെ ശബ്‌ദ-മാധുര്യ ഗാംഭീര്യത്തിനൊത്ത്‌ മയക്കത്തിലും അര്‍ദ്ധ മയക്കത്തിലുമായി ജനങ്ങള്‍ ആസ്വദിച്ച്‌ പോരുകയായിരുന്നു പതിവ്‌. വിഷയാധിഷ്‌ഠിതമല്ലാതെ നടത്തപ്പെട്ടിരുന്ന ഇത്തരം `വഅളു’കള്‍ എവിടെ ആരംഭിച്ചാലും എവിടെ അവസാനിപ്പിച്ചാലും പിറ്റേന്ന്‌, ശ്രോതാക്കളുടെ ചര്‍ച്ച തലേന്ന്‌ ഉസ്‌താദ്‌ `മന്ത്രിച്ചോതി’ ലേലം വിളിച്ച കോഴിമുട്ടയുടെ തുകയെക്കുറിച്ച്‌ മാത്രമായിരുന്നു.
ഇസ്‌ലാമിക പ്രബോധനത്തിന്‌ എക്കാലത്തും ഉപയോഗപ്പെടുത്തിവരുന്ന ശക്തമായ ഉപാധിയായ `മതപ്രസംഗങ്ങളെ ചെറുതാക്കാനോ മോശമായി ചിത്രീകരിക്കാനോ അല്ല ഇത്രയും പറഞ്ഞത്‌. നവോത്ഥാനത്തിന്റെ നിമിത്തമായി ലേഖകന്‍ അവതരിപ്പിച്ച `വഅളു’കളുടെ ഒരു കാലഘട്ടത്തിലെ അവസ്ഥ വിശദീകരിക്കാന്‍ വേണ്ടി മാത്രമാണ്‌.
മദ്‌റസ വിദ്യാഭ്യാസത്തില്‍ സമസ്‌ത സ്വീകരിച്ച നിലപാട്‌ മതരംഗത്തെ പുറകോട്ട്‌ വലിക്കുന്നതായിരുന്നു. കേരളത്തിലാദ്യമായി മദ്‌റസാ സംവിധാനത്തിന്‌ മര്‍ഹൂം ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി തുടക്കം കുറിച്ചപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തത്‌ സമസ്‌തയുടെ ആലിമീങ്ങളായിരുന്നു.
“ഒരു കാലവും ലാ തജ്‌അലുല്‍ ബനീന
മദ്‌റസ വഴിയില്‍ യതഅല്ലമൂനാ…..
മദ്‌റസിന്റെ അവ്വലിലെ `മീമ്‌’
ജഹന്നമിന്റെ ആഖിറിലെമീമാ…..’ എന്നതായിരുന്നു അക്കാലത്ത്‌ സമസ്‌ത പണ്‌ഡിതര്‍ സ്വീകരിച്ച നിലപാട്‌. ഇന്ന്‌ ആ നിലപാട്‌ മാറ്റുകയും ഏറ്റവും അധികം മദ്‌റസകള്‍ സ്ഥാപിച്ച്‌ നടത്തിവരുന്നതും സമസ്‌തയാണെന്ന കാര്യം സന്തോഷദായകവും ശുഭോദര്‍ക്കവുമാണ്‌. സമസ്‌ത ആധുനിക വിദ്യാഭ്യാസത്തോട്‌ കഴിഞ്ഞ കാലങ്ങളില്‍ പുറംതിരിഞ്ഞ്‌ നിന്നതും ഭൗതിക വിദ്യാഭ്യാസത്തോടും സ്‌ത്രീ വിദ്യാഭ്യാസത്തോടും സ്വീകരിച്ച നിലപാടും `ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കാത്തതാണെന്ന്‌’ ലേഖകന്‍ തന്നെ സമര്‍ത്ഥിക്കുന്നതിനാല്‍ ഈ രംഗത്ത്‌ സമസ്‌ത കൈക്കൊണ്ട നിലപാട്‌ സമുദായത്തിന്‌ എത്രമാത്രം ദുസ്സഹമായിരുന്നു എന്ന്‌ വിവരിക്കേണ്ടതില്ലല്ലോ? എങ്കിലും പറയട്ടെ, `ശുദ്ധ ആര്യഭാഷ (മലയാളമുള്‍പ്പെടെ) സംസാരിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെ നീ ഉള്‍പ്പെടുത്തരുതേ’ എന്ന്‌ പ്രാര്‍ത്ഥിച്ച സമസ്‌ത പണ്‌ഡിതരും ഇംഗ്ലീഷ്‌ നരകത്തിലെ ഭാഷയായതിനാല്‍ മാപ്പിളമാര്‍ (മലബാര്‍ മുസ്‌ലിംകള്‍) ഇംഗ്ലീഷ്‌ ഭാഷ പഠിക്കരുതെന്നും, സ്‌ത്രീ അക്ഷരവിദ്യ അഭ്യസിക്കുന്നത്‌ `ശറഇല്‍ മക്‌റൂഹ്‌’ ആണെങ്കിലും ഇക്കാലഘട്ടത്തില്‍ അത്‌ ഹറാം (നിഷിദ്ധം) ആകാനേ തരമുള്ളൂ’ എന്നുമായിരുന്നു സമസ്‌തയുടെ പ്രസംഗങ്ങളിലും പ്രമേയങ്ങളിലും ഉണ്ടായിരുന്നത്‌ എന്നുകൂടി ലേഖകന്‍ തിരിച്ചറിയണം.
മലയാളവും ഇംഗ്ലീഷും കരസ്ഥമാക്കണം. മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിക്കണം. സ്‌ത്രീക്ക്‌ വിദ്യാഭ്യാസം നല്‍കണം. വേദഗ്രന്ഥങ്ങളും വെള്ളിയാഴ്‌ച ഖുത്വുബകളും ശ്രോതാക്കള്‍ക്ക്‌ മനസ്സിലാകണം. തുടങ്ങിയ ആശയങ്ങളും സമുദായഗാത്രത്തില്‍ അടിഞ്ഞുകൂടിയ അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ധീരോദാത്തമായ നിലപാടുകളും ഇവിടെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിലൂടെ പ്രതിധ്വനിച്ചു എന്ന ലേഖകന്റെ നിരീക്ഷണം തികച്ചും ശരിയും സ്വാഗതാര്‍ഹവുമാണ്‌.
ഈ നിരീക്ഷണം തന്നെയാണ്‌ റിനൈസന്‍സ്‌ (നവോത്ഥാനം) എന്ന പദത്തിന്‌ മലയാളീ ഇസ്‌ലാമിക ഭൂമികയില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ വേറിട്ടു നിറുത്തുന്നതും! സമുദായത്തില്‍ അള്ളിപ്പിടിച്ചിരുന്ന ഭയാനകമായ അന്ധവിശ്വാസ-അനാചാരങ്ങളുടെ ഒരു ഹ്രസ്വരൂപം ഈ ലേഖനത്തിന്റെ തുടക്കത്തില്‍ എഴുതിയതും സമുദായം എത്രമാത്രം അന്ധകാരത്തിന്റെ ചളിക്കുണ്ടിലായിരുന്നു എന്ന്‌ സൂചിപ്പിക്കാന്‍ കൂടിയാണ്‌.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍