vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
നിസ്സഹായനായ മുഅ്‌മിനിന്റെ വിളി

മാനുഷികമായി തന്റെ എല്ലാ പ്രതീക്ഷകളും അസ്‌തമിച്ച്‌, സമുദ്രത്തില്‍ മല്‍സ്യവയറ്റില്‍പെട്ട്‌ അത്യധികം വിഷമത്തില്‍ അകപ്പെട്ട സന്ദര്‍ഭം പ്രവാചകനായ യൂനുസ്‌ നബി (അ)ക്കുണ്ടായി. അതും ഭൗതികമായ ഒരപകടം.ജിന്നുവാദികളുടെ ഭാഷയില്‍ പറഞ്ഞാല്‍ ജിന്നുകള്‍ക്കും മലക്കുകള്‍ക്കും എല്ലാം രക്ഷപ്പെടുത്താന്‍ കഴിയുന്ന ഒരപകടം. സമുദ്രത്തില്‍ മുങ്ങലും അതിലുള്ള മല്‍സ്യത്തെ പിടിച്ച്‌ കരക്കെത്തിക്കലും ജിന്നുകള്‍ക്കും മലക്കുകള്‍ക്കും പ്രയാസമുള്ള കാര്യമല്ലല്ലോ? കരയിലും കടലിലും എവിടെയും നിഷ്‌പ്രയാസം സഞ്ചരിക്കാന്‍ അവര്‍ക്ക്‌ കഴിയുകയും ചെയ്യും. എന്നിട്ടും മേല്‍പറഞ്ഞ അപകട ഘട്ടത്തില്‍ യൂനുസ്‌ നബി (അ) വിളിച്ചുതേടിയാല്‍ രക്ഷിക്കാന്‍ കഴിവുള്ള മനുഷ്യാതീത അദൃശ്യ ശക്തിയായി അവിടെ കണ്ടത്‌ അല്ലാഹുവിനെ മാത്രമാണ്‌. ഇതാണ്‌ ആരും സഹായിക്കാനില്ലാതെ അത്യധികം വിഷമത്തില്‍ പെട്ട മുഅ്‌മിനിന്റെ വിളി. അല്ലാഹുനെയല്ലാതെ അവിടെ യാഇബാദല്ലാഹി അഈനൂനീ എന്നോ മറ്റോ വിളിച്ചു തേടാന്‍ പറ്റിയ മറ്റൊരു അദൃശ്യ ശക്തിയെ ഒരു മുഅ്‌മിന്‍ കാണുകയില്ല. കാണാന്‍ പാടുമില്ല. കണ്ടാല്‍ അതോടെ അവന്റെ തൗഹീദ്‌ പൊളിഞ്ഞു.
ജിന്നുകളും മലക്കുകളും സ്ഥലത്ത്‌ ഹാളിറായാലും ഗാഇബായാലും മനുഷ്യരെ സംബന്ധിച്ചിടത്തോളം അവര്‍ ഗാഇബാണ്‌. ഈ സത്യം സക്കരിയ്യാ സ്വലാഹിക്കും അദ്ദേഹത്തിന്റെ അബദ്ധ വിശ്വാസത്തെ പിന്താങ്ങുന്ന ആളുകള്‍ക്കും അറിയാത്ത കാര്യമല്ല. നമ്മോടൊപ്പം ഹാളിറുണ്ടെന്ന്‌ സ്ഥിരപ്പെട്ട ക്വരീനായ ജിന്നും, മലക്കും, നന്‍മതിന്‍മകള്‍ രേഖപ്പെടുത്തുന്ന മലക്കുകളും നമ്മുടെ ഈമാനിന്റെ ഭാഗമായത്‌ മനുഷ്യരായ നമ്മെ സംബന്ധിച്ചിടത്തോളം അവര്‍ അദൃശ്യരും അഭൗതികരുമായതുകൊണ്ടാണ്‌. അതിനാല്‍ ഹാളിറിന്റെ പേരും പറഞ്ഞ്‌ അദൃശ്യരുടെ പട്ടികയില്‍ നിന്ന്‌ ജിന്നുകളെയും മലക്കുകളെയും പുറംതള്ളാന്‍ ഒരു ജിന്ന്‌ വാദിക്കും സാധ്യമല്ല. ഹാളിറെന്ന്‌ പ്രമാണങ്ങള്‍ കൊണ്ട്‌്‌ തെളിഞ്ഞ ജിന്നുകളും മലക്കുകളുമെല്ലാം നമ്മുടെ വിശ്വാസ കാര്യമാണെന്ന്‌ ജിന്നുവാദികളും അംഗീകരിക്കുമല്ലോ? എന്തുകൊണ്ട്‌ ഇത്‌ നമ്മുടെ വിശ്വാസകാര്യമായി? ഡോ. ഉസ്‌മാന്‍ സാഹിബിന്റെ വരികള്‍ ഇവിടെ ആവര്‍ത്തിക്കട്ടെ: `വിശ്വാസം എന്ന പ്രശ്‌നം ഉല്‍ഭവിക്കുന്നത്‌ തന്നെ അദൃശ്യമായത്‌ ഉള്ളപ്പോഴാണ്‌. ദൃശ്യവും വ്യക്തവുമായതില്‍ വിശ്വസിക്കുക എന്ന പ്രശ്‌നമില്ല.” (ഗൈബ.്‌ പേജ്‌ 9)
ശാസ്‌ത്രീയമായോ അല്ലാതെയോ ഭൗതികമായി നമുക്കൊരു നിലയിലും കണ്ടെത്താന്‍ കഴിയാത്ത അദൃശ്യ ശക്തികളാണ്‌ ജിന്നുകളും മലക്കുകളും. ഇത്തരം അദൃശ്യശക്തികളെ സംബന്ധിച്ച്‌ ഉസ്‌മാന്‍ സാഹിബ്‌ ഇത്രകൂടി വിശേഷിപ്പിച്ചിട്ടുണ്ട്‌: `ശാസ്‌ത്രീയ പുരോഗതി കൊണ്ടൊന്നും സാക്ഷാല്‍ അദൃശ്യകാര്യങ്ങളെപ്പറ്റിയുള്ള അറിവ്‌ ലഭിക്കുക സാധ്യമല്ല. `(ഗൈബ്‌. പേജ്‌. 17) ഈ അര്‍ഥത്തില്‍ നമ്മെ സംബന്ധിച്ചിടത്തോളം സാക്ഷാല്‍ ഗൈബാണ്‌ ജിന്നുകളും മലക്കുകളും. ശാസ്‌ത്രം കൂടെ കൂടെ വെളിച്ചത്ത്‌ കൊണ്ടുവരുന്ന ഗൈബിനെപ്പറ്റി ഉസ്‌മാന്‍ സാഹിബ്‌ ഇത്ര കൂടിയെഴുതി: `ആപേക്ഷികമായ അദൃശ്യ കാര്യങ്ങള്‍ മാത്രമാണ്‌ ശാസ്‌ത്രം കൂടെകൂടെ വെളിച്ചത്ത്‌ കൊണ്ടുവരുന്നത്‌. ‘ (അതേ പുസ്‌തകം പേജ.്‌ 18) ആപേക്ഷികമായ ഈ ഗൈബില്‍ ജിന്നുകളും മലക്കുകളും അവരുടെ കഴിവും പ്രവര്‍ത്തികളും ഒന്നും ഉള്‍പ്പെടുകയില്ല. ഹാളിറെന്ന്‌ പ്രമാണങ്ങള്‍ കൊണ്ട്‌ തെളിഞ്ഞ ജിന്നുകള്‍ മലക്കുകള്‍ അടക്കമുള്ളവരെപ്പറ്റി 2012ന്‌ മുമ്പും നമ്മുടെ നിലപാട്‌ സക്കരിയ്യാ സ്വലാഹി വിശദീകരിക്കുന്നത്‌ കാണുക: `ചുരുക്കത്തില്‍ ജിന്നും മലക്കും അഭൗതികമാണെന്ന്‌ 2012ന്‌ മുമ്പ്‌ നാം പറയുമ്പോള്‍ നാമുദ്ദേശിച്ചത്‌ അവരെക്കുറിച്ചുള്ള അറിവ്‌ അഭൗതികമാണ്‌ എന്നതായിരുന്നു. അല്ലെങ്കില്‍ അവര്‍ നമുക്ക്‌ കാണാന്‍ കഴിയാത്ത അദൃശ്യ ജീവികളാണ്‌ എന്നത്‌ മാത്രമായിരുന്നു. (അല്‍ ഇസ്വ്‌ലാഹ്‌. 2012 ഡിസംബര്‍) ഗതികെട്ട ഒരു മുഅ്‌മിന്‍ യാ ഇബാദല്ലാഹി അഈനൂനീ എന്ന്‌ വിളിച്ചുതേടിയാല്‍ ഉത്തരം ചെയ്‌തു സഹായിക്കാന്‍ കഴിവുള്ള ജിന്ന്‌, മലക്ക്‌ എന്നീ മനുഷ്യാതീത അദൃശ്യ ശക്തികളെ 2012ന്‌ മുമ്പ്‌ നാം കണ്ടിരുന്നില്ലെന്നര്‍ഥം.
ജിന്നും മലക്കും നമുക്ക്‌ അദൃശ്യ ശക്തികളാണെന്ന്‌ നാം മനസ്സിലാക്കിയല്ലോ? അതിനാല്‍ തേട്ടത്തിന്റെ കാര്യത്തില്‍ മനുഷ്യ കഴിവ്‌ പരിഗണിച്ച നാം അത്‌ കഴിഞ്ഞാല്‍ പിന്നെ പരിഗണിച്ച മനുഷ്യാതീത അദൃശ്യ ശക്തി അല്ലാഹു മാത്രമായിരുന്നു. അതുകൊണ്ടാണ്‌ മനുഷ്യ കഴിവ്‌ വിട്ടുകൊണ്ടുള്ള തേട്ടത്തെ ആദ്യകാലങ്ങളിലേ നാം പ്രാര്‍ഥനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. കുഞ്ഞീതുമദനി തന്നെ എഴുതുന്നത്‌ കാണുക: `ഇനി തനിക്ക്‌ വല്ല രക്ഷയും ലഭിക്കണമെങ്കില്‍ അത്‌ മനുഷ്യാതീത ശക്തിയില്‍ നിന്ന്‌ മാത്രമാണ്‌ എന്ന്‌ അവന്ന്‌ ദൃഢബോധ്യമാവുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തിക്കാണ്‌ ഈ വചനങ്ങളില്‍ ദഅവൂ, തദ്‌ഊന, യദ്‌ഊന എന്നീ പദങ്ങളുപയോഗിച്ചിരിക്കുന്നത്‌. അതിന്നാണ്‌ മലയാളത്തില്‍ പ്രാര്‍ഥിക്കുക, വിളിച്ചു സഹായം തേടുക, വിളിച്ചു പ്രാര്‍ഥിക്കുക, രക്ഷതേടുക എന്നെല്ലാം പറയുന്നത്‌.” (അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ. പേജ്‌ 104). മനുഷ്യരാരും സഹായിക്കാനില്ലെന്ന്‌ കാണുന്ന ഈ പ്രതിസന്ധി ഘട്ടത്തിലാണ്‌ അബ്‌ദുല്‍ജബ്ബാര്‍ മൗലവി സഹായിക്കണേ എന്ന്‌ വിളിച്ചുതേടിയാല്‍ ശിര്‍ക്കും അവരോടുള്ള പ്രാര്‍ഥനയും ഒന്നുമായി മാറാത്ത ഹയ്യും ഖാദിറുമായ ജിന്ന്‌, മലക്ക്‌, എന്നീ അദൃശ്യ ശക്തികളെ ഹാളിറാക്കിയത്‌.
യൂനുസ്‌ നബി (അ)യുടെ തേട്ടം പ്രസക്താകുന്നത്‌ ഇവിടെയാണ്‌. നേരത്തെ സൂചിപ്പിച്ചപോലെ മനുഷ്യരാരും സഹായിക്കാനില്ലെന്ന്‌ ബോധ്യമായ പ്രവാചകന്‍ അത്യധികം വിഷമത്തില്‍ അകപ്പെട്ട്‌ ഗതിമുട്ടിയപ്പോഴുള്ള തൗഹീദിന്റെ വിളി. വിശുദ്ധ ക്വുര്‍ആന്‍ ഈ വിളി നമുക്ക്‌ മുന്നില്‍ വരച്ചുകാട്ടിയതിങ്ങനെ: `ദുന്നൂനിനേയും (ഓര്‍ക്കുക.) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന്‌ ഞെരുക്കമുണ്ടാക്കുകയില്ലെന്ന്‌ അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന്‌ അദ്ദേഹം വിളിച്ചു പറഞ്ഞു. നീയല്ലാതെ യാതൊരു ഇലാഹുമില്ല. നീ എത്ര പരിശുദ്ധന്‍. തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍പ്പെട്ടവനായിരിക്കുന്നു.’ (സൂറ: അമ്പിയാഅ്‌ 87.) മാന്യ മുവഹ്‌ഹിദുകള്‍ ഇവിടെ സഗൗരവം ചിന്തിക്കേണ്ടുന്ന ചില വശങ്ങളുണ്ട്‌. നമുക്കെല്ലാം മാതൃകായോഗ്യനെന്ന്‌ വിശുദ്ധ ക്വുര്‍ആന്‍ വിശേഷിപ്പിച്ച ഗതിമുട്ടിയ ഈ മുഅ്‌മിന്‍ ഇവിടെ എന്തുകൊണ്ട്‌ ഹയ്യും ഹാളിറും ഖാദിറുമായ ജിന്നുകളില്‍ നിന്നും മലക്കുകളില്‍ നിന്നും സഹായം പ്രതീക്ഷിച്ചു അവരോട്‌ യാഇബാദല്ലാഹി അഈനൂനീ എന്ന്‌ വിളിച്ചു തേടിയില്ലേ? അത്യധികം വിഷമത്തില്‍ അകപ്പെട്ട്‌ മനുഷ്യരാരും സഹായിക്കാനില്ലാത്ത ഈ സന്ദര്‍ഭത്തില്‍ മഹാനായ ഈ പ്രവാചകന്‍ ഹയ്യും ഹാളിറും ഖാദിറുമായ ജിന്നുകളേയും മലക്കുകളേയും എന്തിന്‌ കയ്യൊഴിഞ്ഞു? എന്തുകൊണ്ട്‌ അദൃശ്യ ശക്തിയായ അല്ലാഹുവിനോട്‌ മാത്രം തേടി? ഇതിന്‌ മറുപടി വിശുദ്ധ ക്വുര്‍ആന്‍ ഉദ്ധരിച്ച്‌ ഹുസൈന്‍ സലഫി തന്നെ നമുക്ക്‌ പറഞ്ഞുതരുന്നുണ്ട്‌. അത്‌ താഴെ ഉദ്ധരിക്കാം.
`എവിടെ വെച്ചും നമ്മള്‍ പ്രയാസപ്പെട്ടുകൊണ്ട്‌ വിളിച്ചാല്‍ നമ്മുടെ വിളി കേട്ട്‌ ഉത്തരം ചെയ്യാനൊരൊറ്റ ശക്തിയേ മുസ്‌ലിമേ, നമുക്കുള്ളൂ. രണ്ടാമതൊരു ശക്തി നമുക്കില്ല. നമ്മുടെ കഴിവുകള്‍ അവസാനിച്ച്‌, എല്ലാം നമ്മുടെ പ്രതീക്ഷകളറ്റ്‌ നമുക്ക്‌ പ്രതീക്ഷയര്‍പ്പിക്കാവുന്ന മറ്റൊരു ശക്തി അല്ലാഹുവല്ലാതെ ഒരു സ്ഥലത്തുമില്ല. `അമ്മന്‍ യുജീബുല്‍ മുള്‌ത്വര്‍റ ഇദാ ദആഉ…. ക്വലീലമ്മാ തദക്കൂറൂന്‍’. അതെ. എടങ്ങേറായി കൂടുന്നവന്‍, പ്രയാസപ്പെടുന്നവന്‍, അവനെയങ്ങ്‌ വിളിക്കുമ്പോള്‍ ആ വിളി കേട്ട്‌ ഉത്തരം ചെയ്യാന്‍ കഴിവുള്ള ഒരൊറ്റ ശക്തി പ്രയാസത്തില്‍ നിന്ന്‌ നമ്മെ രക്ഷപ്പെടുത്താന്‍ കഴിവുള്ള ഒരേ ഒരു ശക്തി അല്ലാഹുവല്ലാതെ ഉണ്ടോ? പടച്ച റബ്ബല്ലാതെ ഒരു സ്ഥലത്തും നമ്മെ രക്ഷിക്കുന്ന ഒരു ശക്തിയും ഇല്ല.’ (സലഫിയുടെ പ്രസംഗത്തില്‍ നിന്ന്‌. ശബ്‌ദ രേഖ കൈവശമുണ്ട്‌). നോക്കൂ, എവിടെ വെച്ചായാലും മനുഷ്യരായ നമ്മുടെ കഴിവുകള്‍ അവസാനിച്ച്‌, നമ്മുടെ പ്രതീക്ഷകളെല്ലാം അസ്‌തമിക്കുമ്പോള്‍ പ്രയാസത്തിലകപ്പെടുന്ന നമ്മള്‍ വിളിച്ചാല്‍ നമ്മുടെ വിളി കേട്ട്‌ ഉത്തരം ചെയ്യാന്‍ ഖാദിറായവന്‍ അല്ലാഹു മാത്രമേ ഉള്ളൂ എന്നാണ്‌ സൂറ: നംല്‌ 62-ാം വാക്യം ഉദ്ധരിച്ചു സലഫി പറയുന്നത.്‌ രണ്ടാമതൊരു ശക്തി ഇല്ലെന്ന്‌ അദ്ദേഹം തീര്‍ത്ത്‌ പറയുന്നു. യഥാര്‍ഥ തൗഹീദും വസ്‌തുതയും ഇതു തന്നെ. മനുഷ്യന്‌ മനുഷ്യരായ നമ്മുടെ പ്രതീക്ഷ കഴിഞ്ഞാല്‍ ഒരു സ്ഥലത്തും അല്ലാഹുവല്ലാതെ മറ്റൊരു ശക്തിയില്ലെന്ന്‌ സലഫി പ്രത്യേകം പറയുന്നു. ഇവിടെ കരയിലെ വിജനമായ ഭൂമിയും അല്ലാത്ത ഭൂമിയും എല്ലാം ഉള്‍പ്പെട്ടു. ഇക്കാരണം കൊണ്ടാണ്‌ അത്യാപത്തില്‍ അകപ്പെട്ട യൂനുസ്‌ നബി (അ) ആരും സഹായിക്കാനില്ലാതെ ഗതിമുട്ടിയപ്പോള്‍ അല്ലാഹുവിനെ മാത്രം വിളിച്ച്‌ അവനില്‍ നിന്ന്‌ മാത്രം സഹായം പ്രതീക്ഷിച്ചത്‌.
ദൗര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ, അല്ലാഹു അല്ലാതെ ഇങ്ങിനെ വിളിച്ചു തേടിയാല്‍ ഉത്തരം ചെയ്യാന്‍ കഴിയുന്ന മറ്റൊരു ശക്തിയില്ലെന്ന തൗഹീദ്‌ പ്രസംഗിച്ച ഈ സലഫിയാണിപ്പോള്‍ ഗതിമുട്ടിയ മുഅ്‌മിന്‍ ജിന്നുകളോടും മലക്കുകളോടും യാ ഇബാദല്ലാഹി അഈനൂനീ എന്ന്‌ വിളിച്ചു തേടിയാല്‍ സഹായം പ്രതീക്ഷിക്കാം എന്ന കടുത്ത ശിര്‍ക്കന്‍ ആശയം വെച്ചുപുലര്‍ത്തുന്ന ജിന്നുവാദി പാളയത്തില്‍ ചേക്കേറിയത്‌. മനുഷ്യരായ നമ്മുടെ പ്രതീക്ഷകളല്ലാം കഴിഞ്ഞാല്‍ വിളിച്ചുതേടിയാല്‍ ഉത്തരം ചെയ്യാന്‍ കഴിവുള്ള ഒരൊറ്റ ശക്തി മാത്രമേ ഉള്ളൂ എന്ന്‌ പ്രഖ്യാപിച്ച ഈ മൗലവി ഇപ്പോള്‍ ഹയ്യും ഹാളിറും ഖാദിറുമെന്ന്‌ സങ്കല്‍പിച്ച്‌ പ്രയാസപ്പെടുമ്പോള്‍ യാഇബാദല്ലാഹി അഈനൂനീ എന്ന്‌ അദൃശ്യ ശക്തികളായ ജിന്നുകളോടും മലക്കുകളോടും വിളിച്ചു തേടിയാല്‍ അതവരോടുള്ള പ്രാര്‍ഥനയും ശിര്‍ക്കും ആവുകയില്ലെന്ന്‌ തട്ടിവിടുന്ന ജിന്നുവാദികളുടെ പാളയത്തിലെത്തിയിരിക്കുന്നു. നഊദുബില്ലാ… ഈ മൗലവിയോട്‌ വിനയത്തിന്റെ ഭാഷയില്‍ ചിലത്‌ ചോദിക്കട്ടെ.
1. ആരും സഹായിക്കാനില്ലാതെ അത്യധികം വിഷമത്തില്‍ അകപ്പെട്ട മുഅ്‌മിന്‍ അദൃശ്യ ശക്തികളായ ജിന്നുകളോടും മലക്കുകളോടും യാഇബാദല്ലാഹി അഈനൂനീ എന്ന്‌ രക്ഷക്ക്‌ വിളിച്ചു തേടിയാല്‍ അവരില്‍ നിന്ന്‌ സഹായം പ്രതീക്ഷിക്കാമെന്നാണല്ലോ മൗലവീ താങ്കളുടെ പാളയത്തിലുള്ളവരുടെ വാദം? ആ തേട്ടം ജിന്നുകളോടും മലക്കുകളോടുമുള്ള പ്രാര്‍ഥനയും ശിര്‍ക്കും ആവുകയില്ലെന്നും അവര്‍ വാദിക്കുന്നു. ഇങ്ങിനെ വിളിച്ചുതേടിയാല്‍ ഉത്തരം പ്രതീക്ഷിക്കാവുന്ന, ശിര്‍ക്കും പ്രാര്‍ഥനയുമായി മാറാത്ത ആ അദൃശ്യ ശക്തികളെ അല്ലാഹുവിന്ന്‌ പുറമെ രണ്ടാമതായി ഇപ്പോള്‍ നിങ്ങള്‍ക്കെവിടെ നിന്ന്‌ കിട്ടി? ഈ ചോദ്യത്തിന്‌ ഒരു പശ്ചാത്തലമുണ്ട്‌. നേരത്തെ ഈയുള്ളവനും സലഫിയുമായുള്ള ബന്ധം ഹുസൈന്‍ സലഫിയെപ്പോലെ തന്നെ മറ്റെല്ലാവര്‍ക്കും അറിയുന്ന കാര്യമാണല്ലോ? അന്ന്‌ ഈയുള്ളവനോട്‌ സലഫി ഒരു കാര്യം തറപ്പിച്ചു പറഞ്ഞിട്ടുണ്ട്‌. അല്ലാഹുവല്ലാതെ പ്രയാസ ഘട്ടങ്ങളില്‍ നമുക്ക്‌ വിളിച്ചു തേടിയാല്‍ ഉത്തരം ചെയ്‌തു സഹായിക്കാന്‍ കഴിവുള്ള മറ്റൊരു അദൃശ്യ ശക്തി ഇല്ല എന്നതായിരുന്നു അത്‌.
2. ഇപ്പോള്‍ ജിന്നുകളും മലക്കുകളും അവരുടെ കഴിവുകളും ഈ മൗലവിക്ക്‌ മനുഷ്യകഴിവുകള്‍ക്കധീനവും ദൃശ്യവുമായോ? ആരും സഹായിക്കാനില്ലാതെ, അത്യധികം വിഷമത്തില്‍ അകപ്പെടുന്നത്‌ പ്രയാസഘട്ടമല്ലേ?
3. ആരും സഹായിക്കാനില്ലാതെ അത്യധികം വിഷമത്തില്‍പ്പെട്ട്‌ ഗതിമുട്ടുന്നത്‌ സൂറഃ നംല്‌ 62-ാം വാക്യത്തില്‍ പറഞ്ഞ വിഷമഘട്ടത്തില്‍ (മുള്‌തര്‍റ്‌) ഉള്‍പ്പെടുകയില്ലേ? ഈ പ്രയാസഘട്ടത്തില്‍ യാഇബാദല്ലാഹി അഈനൂനീ എന്ന്‌ വിളിച്ചു തേടിയാല്‍ ഉത്തരം പ്രതീക്ഷിക്കാവുന്ന അദൃശ്യ ശക്തി അല്ലാഹുവിന്‌ പുറമെ ഹയ്യും ഹാളിറും ഖാദിറുമായി ജിന്നുകളും മലക്കുകളും വേറെയുണ്ടോ?
4. ഇല്ലെന്നാണ്‌ മൗലവിയുടെ മറുപടിയെങ്കില്‍ പ്രയാസഘട്ടങ്ങളില്‍ അല്ലാഹുവിനോടല്ലാതെ യാഇബാദല്ലാഹി അഈനൂനി എന്നോ മറ്റോ ജിന്നുകളോടും മലക്കുകളോടും വിളിച്ചു തേടുന്നതിന്റെ മതകീയ കാഴ്‌ചപ്പാടെന്ത്‌? അത്‌ ശിര്‍ക്കാവുകയില്ലേ?
5. ഇത്തരം പ്രയാസഘട്ടത്തില്‍ വിളിച്ചു തേടിയാല്‍ ഉത്തരം ചെയ്യാന്‍ കഴിവുള്ള അദൃശ്യ ശക്തി അല്ലാഹു അല്ലാതെ ഹയ്യും ഹാളിറും ഖാദിറുമായി ജിന്നുകളും മലക്കുകളും വേറെയുമുണ്ട്‌. അതിനാല്‍ അവരോടുള്ള തേട്ടം ശിര്‍ക്കല്ല എന്നാണ്‌ മൗലവിയുടെ വാദമെങ്കില്‍ അല്ലാഹു അല്ലാതെ ഇങ്ങിനെ വിളിച്ചു തേടിയാല്‍ ഉത്തരം ചെയ്‌തു സഹായിക്കാന്‍ ഹയ്യും ഹാളിറുമായ ജിന്ന്‌, മലക്ക്‌ എന്നീ അദൃശ്യ ശക്തികള്‍ വേറെയും ഉണ്ടെന്ന താങ്കളുടെ വിശ്വാസത്തിന്‌ വിശുദ്ധ ക്വുര്‍ആനില്‍ നിന്നുള്ള തെളിവെവിടെ? സ്വഹീഹായ ഹദീഥുകളില്‍ നിന്നുള്ള തെളിവെവിടെ?
6. മനുഷ്യരില്‍പ്പെട്ട ഒരാളും സഹായിക്കാനില്ലാതെ വിജനമായ ഭൂമിയില്‍ അപകടത്തില്‍പ്പെട്ട ആള്‍ സൂറ: നംല്‌ 62-ാം വാക്യത്തില്‍ പറഞ്ഞ പ്രയാസത്തില്‍പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുകയില്ലേ? അവിടെ വെച്ച്‌ അവന്‍ രക്ഷക്ക്‌ തേടിയാല്‍ ഉത്തരം ചെയ്‌തു സഹായിക്കാന്‍ കഴിവുള്ള അദൃശ്യ ശക്തി അല്ലാഹു അല്ലാതെ ഹയ്യും ഹാളിറും ഖാദിറുമായി ജിന്നുകളും മലക്കുകളും വേറെയുമുണ്ടോ?
7. രാത്രിയുടെ ഇരുളില്‍ തപ്പിത്തടഞ്ഞ്‌ മനുഷ്യരെ ആരെയും സഹായിയായി കാണാതെ പ്രയാസത്തില്‍ അകപ്പെടുന്ന ഒരാള്‍ അവിടെ രക്ഷക്ക്‌ വിളിച്ചാല്‍ ഉത്തരം ചെയ്‌തു സഹായിക്കാന്‍ കഴിവുള്ള മനുഷ്യാതീത അദൃശ്യ ശക്തിയായി അല്ലാഹുവിനെ മാത്രമാണോ കാണേണ്ടത്‌, അതോ അവനെ കൂടാതെ തേടിയാല്‍ ഉത്തരം ചെയ്യാന്‍ കഴിവുള്ള ഹയ്യും ഹാളിറും ഖാദിറുമായ ജിന്നുകളേയും മലക്കുകളേയും വേറയും കാണണോ? ജിന്നും മലക്കും മനുഷ്യര്‍ക്കതീതമായ അദൃശ്യ ശക്തികളാണെന്ന വസ്‌തുത താങ്കള്‍ക്ക്‌ നിഷേധിക്കുവാന്‍ കഴിയുമോ?
8. മനുഷ്യരായ നമ്മുടെ കഴിവുകള്‍ അവസാനിക്കുമ്പോള്‍ വിളിച്ചു തേടിയാല്‍ ഉത്തരം ചെയ്യാന്‍ കഴിയുന്ന ശക്തി ഒരിടത്തും അല്ലാഹു അല്ലാതെ ഇല്ലെന്നാണല്ലോ മൗലവീ, താങ്കള്‍ പറഞ്ഞത്‌? ഇതില്‍ നിന്ന്‌ അബ്‌ദുല്‍ജബ്ബാര്‍ മൗലവി എഴുതിയ സ്ഥലവും പ്രയാസ ഘട്ടങ്ങളും ഒഴിവാണോ? അവിടെ അല്ലാഹു അല്ലാതെ വിളിച്ചു തേടിയാല്‍ ഉത്തരം ചെയ്യാന്‍ കഴിയുന്ന രണ്ടാമതൊരു ശക്തിയുണ്ടോ?
ജിന്നുകളേയും മലക്കുകളേയും സംബന്ധിച്ച്‌ എഴുതിയപ്പോള്‍ അവരെക്കുറിച്ചുള്ള അറിവ്‌ അഭൗതികമാണെന്ന്‌ സ്വലാഹി എഴുതിയല്ലോ?
അവരെക്കുറിച്ചുള്ള അറിവ്‌ നമുക്ക്‌ അഭൗതികമായതുപോലെ അവരും നമുക്ക്‌ അദൃശ്യവും അഭൗതികവുമാണ്‌. ഇങ്ങിനെ മനുഷ്യരായ നമ്മെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അദൃശ്യവും അഭൗതികവുമായ ജിന്നുകളില്‍ നിന്നും മലക്കുകളില്‍ നിന്നും പ്രയാസഘട്ടങ്ങളില്‍ യാഇബാദല്ലാഹി അഈനൂനീ എന്ന്‌ വിളിച്ചു തേടിയാല്‍ ഉത്തരം ചെയ്‌തു സഹായിക്കാന്‍ ഹയ്യും ഹാളിറും ഖാദിറുമായ ഒരു വിഭാഗത്തെ ജിന്നുവാദികള്‍ക്ക്‌ എങ്ങിനെ കിട്ടി?
ഇതിന്റെ സ്രോതസ്സ്‌ ജിന്നുവാദികള്‍ തന്നെ പറയട്ടെ: `യാഇബാദല്ലാ എന്നതുകൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്‌ മലക്കുകളും ജിന്നുകളും ആണ്‌ എന്നാണ്‌ ഒരു വിഭാഗം പണ്‌ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്‌.’ (അല്‍ ഇസ്വ്‌ലാഹ്‌ 2013. ജനുവരി) ളഈഫായ ഒരു ഹദീഥ്‌ ചര്‍ച്ച ചെയ്‌തപ്പോള്‍ പണ്‌ഡിതന്‍മാരില്‍ ചിലര്‍ പറഞ്ഞ അഭിപ്രായം. മാന്യവായനക്കാരേ, ഇനി നിങ്ങള്‍ ചിന്തിക്കൂ. ഈ വിഭാഗത്തിന്റെ ബുദ്ധിക്ക്‌ എന്തു പറ്റിപ്പോയി? ഹദീഥ്‌ തന്നെ ളഈഫ്‌. ളഈഫ്‌ ചര്‍ച്ച ചെയ്യുമ്പോള്‍ ഏതെങ്കിലും ചില പണ്‌ഡിതന്‍മാര്‍ക്ക്‌ തെളിവില്ലാതെ അഭിപ്രായപ്പെടാന്‍ പറ്റിയ മേഖലയാണോ അദൃശ്യ ശക്തികളായ ജിന്നുകളും മലക്കുകളും അവരുടെ കഴിവുകളും വകുപ്പുകളുമെല്ലാം? സക്കരിയ്യാ സ്വലാഹി തന്നെ പറയട്ടെ: `അതിനാല്‍ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മനുഷ്യര്‍ക്ക്‌ അവരെക്കുറിച്ചും അവയുടെ അവസ്ഥകളെക്കുറിച്ചും അറിയാന്‍ സാധിക്കുകയുള്ളൂ.’ (അല്‍ഇസ്വ്‌ലാഹ്‌. 2012 ഡിസംബര്‍)
സക്കരിയ്യാ, ളഈഫ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ജിന്നുകളും മലക്കുകളുമാണെന്ന പണ്‌ഡിതാഭിപ്രായം വഹ്‌യ്‌ അല്ല. അത്‌ ചില പണ്‌ഡിതന്‍മാരുടെ നിഗമനങ്ങളാണ്‌. നിഗമനങ്ങളിലൂടെ നമുക്ക്‌ വിലയിരുത്താന്‍ പറ്റാത്ത മേഖലയാണ്‌ ഇതെന്ന്‌ താങ്കള്‍ തന്നെ സമ്മതിച്ചിരിക്കെ ഈ കീറാമുട്ടി ഇനിയും എന്തിന്‌ ജനങ്ങളിലേക്ക്‌ വലിച്ചിടുന്നു?
വിശ്വാസ രംഗത്തും കര്‍മരംഗത്തും യാഥാസ്ഥിതിക വിഭാഗം ഇങ്ങിനെ ളഈഫ്‌ ചര്‍ച്ച ചെയ്‌തു ഓരോ കീറാമുട്ടി വലിച്ചിട്ടപ്പോള്‍ അതിന്നെതിരില്‍ ശക്തിയുക്തം പോരാടിയവരല്ലേ മുജാഹിദുകള്‍? ഇപ്പോള്‍ മുജാഹിദെന്ന വ്യാജ ലേബല്‍ സ്വീകരിച്ചവര്‍ തന്നെ സമുദായമധ്യേ ഇത്തരം കീറാമുട്ടികള്‍ വലിച്ചിട്ടാലോ? പഴമക്കാര്‍ പറയുന്നതുപോലെ വാതരോഗത്തിനാണല്ലോ കുറുന്തോട്ടി? കുറുന്തോട്ടിക്ക്‌ തന്നെ വാതം പിടിച്ചാലോ? ഇത്‌ വലിയ ദുരന്തം തന്നെയാണ്‌.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍