vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
പണം നിങ്ങളുടേത്‌; വിഭവങ്ങള്‍ എല്ലാവരുടേതും

സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു സുഹൃത്ത്‌ പറഞ്ഞ സംഭവമാണ.്‌ ഔദ്യോഗിക ജോലിയുടെ ഭാഗമായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം ഒരു പാശ്ചാത്യ രാജ്യത്തെത്തി. രാത്രി ഭക്ഷണത്തിനായി പരിസരത്തുള്ള ഒരു റസ്റ്റോറന്റില്‍ കയറി കഴിക്കാനുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്‌ത്‌ കാത്തിരിക്കുമ്പോള്‍ അടുത്തുള്ള തീന്‍മേശയില്‍ ബഹളം കേട്ട്‌ തിരിഞ്ഞുനോക്കി. വലിയ തീന്‍മേശയില്‍ ഒരാള്‍ ഭക്ഷണം കഴിക്കുന്നുണ്ട്‌. മേശ നിറയെ വിവിധതരം ഭക്ഷണപദാര്‍ഥങ്ങള്‍. അയാളും വെയിറ്ററും തമ്മിലാണ്‌ വാഗ്വാദം. തര്‍ക്കം മൂത്തപ്പോള്‍ ഹോട്ടല്‍ മാനേജരും രംഗത്തെത്തി.
പ്രശ്‌നം നിസ്സാരമാണ്‌. ധനികനായ യുവാവ്‌ രാത്രി ഭക്ഷണത്തിനെത്തിയതാണ്‌. പലതരം ഭക്ഷണങ്ങള്‍ അയാള്‍ ഓര്‍ഡര്‍ ചെയ്‌തു. പണവും നല്‍കി. ഭക്ഷണം ഒന്ന്‌ രുചിച്ചുനോക്കി. അടുത്തത്‌ അല്‍പം കഴിച്ചു. കുടിക്കാനുള്ള പാനീയം അല്‍പം കുടിച്ചു. അവസാനം കാര്യമായൊന്നും കഴിക്കാതെ എഴുന്നേറ്റു പോകാനൊരുങ്ങിയ കസ്റ്റമറെ, വെയിറ്റര്‍ തടഞ്ഞുനിര്‍ത്തിയതാണ്‌ ബഹളത്തിനു കാരണം. ഇത്രയധികം ഭക്ഷണം നശിപ്പിച്ചിട്ട്‌ പോകാന്‍ അനുവദിക്കില്ല, ഒന്നുകില്‍ മുഴുവന്‍ ഇവിടെയിരുന്ന്‌ തിന്നുക. അല്ലെങ്കില്‍ ബാക്കി പൊതിഞ്ഞു വീട്ടിലേക്ക്‌ കൊണ്ടുപോകുക. പണം തന്നതല്ലേ, പിന്നെ നിങ്ങളെന്തിനാണ്‌ ഇടപെടുന്നത്‌ എന്ന ചോദ്യത്തിന്‌ പണം നിങ്ങളുടേതാകാം എന്നാല്‍ വിഭവങ്ങള്‍ സമൂഹത്തിന്റേതാണ്‌. അത്‌ എല്ലാവരുടേതുമാണ്‌’ എന്നാണ്‌ ഹോട്ടല്‍ തൊഴിലാളിയുടെ വാദം. അവസാനം ഭക്ഷ്യാവശിഷ്‌ടങ്ങള്‍ വലിയ കവറിലാക്കി കസ്റ്റമര്‍ കൊണ്ടുപോയി എന്നതാണ്‌ സംഭവം.
ലോകപരിസ്ഥിതി ദിനം ആഘോഷപൂര്‍വം കൊണ്ടാടുന്നത്‌ കണ്ടപ്പോള്‍ മനസ്സിലേക്ക്‌ ഓടിയെത്തിയതാണ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ഈ സംഭവം. ഭക്ഷ്യവിഭവങ്ങള്‍ പാഴാക്കരുത്‌ എന്ന സന്ദേശമാണ്‌ പരിസ്ഥിതി ദിനാചരണത്തിലും ഇത്തവണ ലക്ഷ്യമിടുന്നത്‌. വ്യക്തി മുതല്‍ രാജ്യാന്തര തലത്തില്‍ വരെ അതീവ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്‌ വിഭവങ്ങളുടെയും സ്രോതസ്സുകളുടയും ദൗര്‍ലഭ്യവും ശോഷിപ്പും. ഭക്ഷണത്തിന്‌ വേണ്ടി ഒട്ടകത്തിന്റെ മലദ്വാരത്തിനടുത്ത്‌ വായവെച്ചുകൊണ്ട്‌, ഒട്ടകത്തിന്റെ വിസര്‍ജ്യം `ഭക്ഷണമാക്കി’ മാറ്റുന്ന ആഫ്രിക്കന്‍ ജനത ഒറ്റപ്പെട്ട വിഭാഗമാണെങ്കിലും വസ്‌തുത സത്യമാണ്‌. വിശന്നു പിടയുന്ന കൊച്ചുകുട്ടിയുടെ `പിടച്ചില്‍’ നിന്നാല്‍ ഭക്ഷണമാക്കി മാറ്റാന്‍ കഴുകന്‍ തയ്യാറായി നിന്ന ചിത്രത്തിന്‌ പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചതിലൂടെ നാം അറിഞ്ഞതാണ്‌.
അതീവ ഗുരുതരമായ പ്രതിസന്ധിയാണ്‌ നമ്മുടെ ഭക്ഷ്യവിഭവരംഗത്തുള്ളത്‌ എന്ന യാഥാര്‍ഥ്യം നാം വിസ്‌മരിച്ചുകൂടാ. ഭക്ഷ്യപ്രതിസന്ധിക്കു കാരണം കൂടുതല്‍ കുട്ടികളുണ്ടാകുന്നതും ആളുകളുടെ എണ്ണം കൂടുന്നതും വാര്‍ധക്യമായവര്‍ മരിക്കാത്തതുമാണെന്നാണ്‌ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്‌. ഗര്‍ഭനിരോധന മാര്‍ഗങ്ങളിലൂടെ കുട്ടികളുടെ എണ്ണം കുറക്കുക, വാര്‍ധക്യ സഹജമായ രോഗങ്ങളെ ഗൗരവത്തോടെ ചികില്‍സിക്കുന്നതിനു പകരം ലക്ഷണങ്ങളെ മാത്രം ചികില്‍സിക്കുക തുടങ്ങിയ വരട്ടുവാദങ്ങളാണ്‌ തല്‍പരകക്ഷികള്‍ പ്രചരിപ്പിക്കുന്നത്‌.
ഒരു വര്‍ഷം ലോകം പാഴാക്കുന്ന ഭക്ഷ്യവസ്‌തുക്കളുടെ കണക്ക്‌ ഐക്യരാഷ്‌ട്രസഭ പുറത്തുവിട്ടിട്ടുണ്ട്‌. 130 കോടി ടണ്‍ തൂക്കം വരുന്ന ഭക്ഷണസാധനങ്ങളാണ്‌ പാഴാക്കിക്കൊണ്ട്‌ ചവറ്റുകൂനകളില്‍ എറിയപ്പെടുന്നത്‌. മെട്രോ നഗരങ്ങളില്‍ കോടിക്കണക്കിന്‌ രൂപ വിലവരുന്ന ഭക്ഷണ സാധനങ്ങളാണ്‌ ഭക്ഷ്യമാലിന്യമായി തള്ളിക്കളയുന്നത്‌. അതേ രാഷ്‌ട്രങ്ങളിലോ അടുത്ത രാജ്യങ്ങളിലോ ഭക്ഷണം ലഭിക്കാതെ ലക്ഷക്കണക്കിന്‌ കുട്ടികള്‍ വിശന്നു മരിക്കുന്നു. സാമൂഹ്യമായ ഈ അസന്തുലിതാവസ്ഥയാണ്‌ പ്രധാന പ്രശ്‌നമെന്ന്‌ പഠനങ്ങള്‍ വിലയിരുത്തുന്നു.
ഒരുഭാഗത്ത്‌, ഒരു നേരത്തെ ഭക്ഷണത്തിന്‌ പോലും വകയില്ലാതെ പട്ടിണി മരണങ്ങള്‍ നടക്കുമ്പോള്‍, മറുഭാഗത്ത്‌ ഭക്ഷണാര്‍ഭാടങ്ങള്‍ പൊടിപൊടിക്കുകയാണ്‌. ചിന്തിക്കുക, ഭക്ഷിക്കുക, പാഴാക്കാതെ സംരക്ഷിക്കുക എന്നതാണ്‌ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനസന്ദേശം. ഭക്ഷണം പാഴാകുമ്പോള്‍, അതിന്റെ ഉല്‍പാദനത്തിനും വിപണനത്തിനും പാചകത്തിനും ചെലവാകുന്ന മറ്റു സ്രോതസ്സുകളെക്കുറിച്ച്‌ നാം ചിന്തിക്കുന്നതേയില്ല. ഒരു പഠന റിപ്പോര്‍ട്ട്‌ പ്രകാരം ഒരു ഗ്ലാസ്‌ ജൂസ്‌ തയ്യാറാക്കുന്നതിന്‌ ഏകദേശം നൂറ്റി അമ്പത്‌ ലിറ്റര്‍ വെള്ളം ചെലവാകുന്നുണ്ടത്രേ. പഴവര്‍ഗങ്ങളുടെ ഉല്‍പാദനം മുതല്‍ പാചകാവശ്യങ്ങള്‍ വരെയുള്ള ചെലവ്‌ അത്രയും ഭീമമാണെന്ന്‌ ചുരുക്കം.
വികസിത രാജ്യത്ത്‌ ഒരാള്‍ ഒരു വര്‍ഷത്തില്‍ പാഴാക്കുന്ന ഭക്ഷണം ഏതാണ്ട്‌ നൂറ്‌ കിലോയാണ്‌ എന്നുമുള്ള പഠനങ്ങള്‍ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്‌. ചെറു പ്രായത്തില്‍ തന്നെ കുട്ടികളെ പരിശീലിപ്പിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ഭക്ഷണസാധനങ്ങളും മറ്റു വിഭവങ്ങളും ധാരാളിത്തത്തോടെ ഉപയോഗിക്കരുത്‌ എന്നും അവ ശ്രദ്ധിച്ച്‌ കൈകാര്യം ചെയ്യണമെന്നുമാണ്‌. പ്രത്യേകിച്ച്‌ ഇസ്‌ലാംമതം ഈ വിഷയത്തില്‍ കാണിക്കുന്ന ശ്രദ്ധയും ജാഗ്രതയും പുതിയ തലമുറക്ക്‌ എത്തിച്ചുകൊടുക്കേണ്ട ബാധ്യതയും മുസ്‌ലിംകള്‍ക്കുണ്ട്‌.
ആഡംബര ജീവിതവും ആഘോഷവുമാണ്‌ യഥാര്‍ഥ ജീവിതമെന്ന്‌ തെറ്റുധരിക്കുകയും സിനിമ-കായിക താരങ്ങളെയും സെലിബ്രിറ്റികളെയും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുതിയ തലമുറ വിശപ്പിന്റെ വിളിയെയും ഭക്ഷ്യക്ഷാമത്തെയും തിരിച്ചറിയാതെ പോകുന്നതിന്റെ പിറകില്‍ വിപണിയുടെ തന്ത്രങ്ങളുണ്ട്‌.
വികസനോന്‍മുഖ സാമ്പത്തിക ശാസ്‌ത്രം വളരെ പ്രതീക്ഷയോടെയാണ്‌ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നോക്കിക്കാണുന്നത്‌. അമിതവ്യയത്തിനും ധൂര്‍ത്തിനുമെതിരെയുള്ള പോരാട്ടത്തില്‍, ആഗോള സമൂഹം ഇസ്‌ലാമില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്‌. വിഭവങ്ങളും സ്രോതസ്സുകളും ക്ഷയിച്ചുപോകുമെന്ന ഭീതിയില്‍ ഐക്യരാഷ്‌ട്രസംഘടന പ്രശ്‌നത്തെ വിലയിരുത്തുമ്പോള്‍, ഇസ്‌ലാം സമഗ്രമായ ഒരു വീക്ഷണഗതിയാണ്‌ പരിസ്ഥിതി വികസനത്തില്‍ പ്രകടിപ്പിക്കുന്നത്‌. അതാകട്ടെ തികച്ചും ക്രിയാത്മകവും നിര്‍മാണാത്മകവുമാണ്‌ എന്നതാണ്‌ യാഥാര്‍ഥ്യം.
വിഭവങ്ങളെയും സ്രോതസ്സുകളെയും ആശ്രയിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്നും ദുര്‍വ്യയമോ അമിതവ്യയമോ പാടില്ലെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. പരിസ്ഥിതിക്കുമേലുള്ള കടന്നുകയറ്റം കരയിലും കടലിലും നാശം വിതക്കുമെന്നുള്ള വിശുദ്ധ വചനം ഒരു പ്രവചനം എന്ന രീതിയിലല്ല ദൈവദത്തമായ ഒരു മുന്നറിയിപ്പായാണ്‌ മുസ്‌ലിംകള്‍ തിരിച്ചറിയുന്നത്‌. ദുര്‍വ്യയവും ധൂര്‍ത്തും ഒഴിവാക്കുന്നത്‌ നല്ലതാണ്‌ എന്നല്ല, മറിച്ച്‌ ദൈവിക ശിക്ഷക്ക്‌ കാരണമാകുന്ന പാപങ്ങളായാണ്‌ ദൈവികമതം വിലയിരുത്തുന്നത്‌. പ്രകൃതി വിഭവങ്ങളില്‍ മാത്രമല്ല, ആരാധനകളിലടക്കമുള്ള മുഴുവന്‍ ജീവിത വ്യവഹാരങ്ങളിലും മിതത്വം പാലിക്കണമെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു.
യഥാര്‍ഥ ഇസ്‌ലാമിക അധ്യാപനങ്ങളെ പിന്‍പറ്റുന്ന ഒരു മുസ്‌ലിം, അമിതവ്യയമോ ധൂര്‍ത്തോ പ്രകടിപ്പിക്കുകയില്ല എന്നതിനാല്‍ സമൂഹത്തില്‍ അതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമാകുന്നു. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവല്‍ക്കരണങ്ങള്‍ക്ക്‌ കോടിക്കണക്കിന്‌ രൂപയാണ്‌ വിവിധ സര്‍ക്കാര്‍ സര്‍ക്കാറേതര ഏജന്‍സികള്‍ ആഗോളാടിസ്ഥാനത്തില്‍ ചെലവഴിക്കുന്നത്‌. യഥാര്‍ഥ ഇസ്‌ലാമിന്റെ സന്ദേശങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുക വഴി, ജനസംഖ്യയില്‍ അഞ്ചിലൊന്നിലധികം വരുന്ന ഒരു വലിയ വിഭാഗത്തെ ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും വഴിയില്‍ നിന്ന്‌ രക്ഷപ്പെടുത്താനാകുക എന്ന മഹത്തായ ദൗത്യവും സംരക്ഷിക്കപ്പെടുന്നു.
നിഷ്‌പക്ഷമായും ഋജുവായും സാമൂഹ്യ പ്രശ്‌നങ്ങളെ വിലയിരുത്തുന്ന സാമൂഹ്യ ശാസ്‌ത്രജ്ഞന്‍മാര്‍ പറയാന്‍ ശ്രമിക്കുന്ന ഒരു സത്യമുണ്ട്‌. ഇസ്‌ലാം മതവിശ്വാസികളില്‍ മദ്യപാനികളും വ്യഭിചാരികളും കുറവാണ്‌, സ്വവര്‍ഗരതിക്കാരില്ല, കൈക്കൂലി, സാമ്പത്തികചൂഷണം, കള്ളക്കടത്ത്‌ തുടങ്ങിയ സാമൂഹ്യ തിന്‍മകള്‍ താരതമ്യേന കുറവാണ്‌. പലിശ എന്ന ഗുരുതരമായ സാമ്പത്തിക ചൂഷണത്തിന്‌ മുസ്‌ലിംകള്‍ എതിരാണ്‌. ധൂര്‍ത്തും അമിതവ്യയവും ധാരാളിത്തവും നിഷിദ്ധമാണെന്ന്‌ മുസ്‌ലിംകള്‍ വിശ്വസിക്കുക മാത്രമല്ല, അത്തരം കാര്യങ്ങളില്‍ നിന്ന്‌ മാറിനില്‍ക്കുകയും ചെയ്യുന്നു. ഇതിന്റെ ഗുണഫലം ഏറെയാണ്‌. മദ്യപാനം കൊണ്ടുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും കുടുംബ-സാമൂഹ്യ പ്രശ്‌നങ്ങളും മുസ്‌ലിംകളിലില്ല. എയ്‌ഡ്‌സടക്കമുള്ള ലൈംഗിക രോഗങ്ങളും അനുബന്ധ പ്രശ്‌നങ്ങളും യഥാര്‍ഥ മുസ്‌ലിം സമൂഹത്തില്‍ വിരളമാണ്‌. പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന പ്രവണത യഥാര്‍ഥ മുസ്‌ലിംകളില്‍ ഉണ്ടാകില്ല, ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടുതന്നെ, സമൂഹത്തില്‍ ഒരു വലിയ ശതാനം ജനങ്ങളിലേക്ക്‌ സമൂഹ സന്തുലിതത്വത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാന്‍ ഇസ്‌ലാമിന്‌ സാധിക്കുന്നുവെന്നത്‌ ചില ശാസ്‌ത്രജ്ഞരെങ്കിലും എടുത്തുപറയാന്‍ തുടങ്ങിയിരിക്കുന്നത്‌ ആശാസ്യമാണ്‌.
മുസ്‌ലിമിന്റെ പരമമായ ലക്ഷ്യം പരലോകമോക്ഷവും സ്വര്‍ഗീയ ജീവിതവുമാണ്‌. ഐഹിക ജീവിതം, ആ പാരത്രിക വിജയത്തിനായുള്ള വിളവെടുപ്പ്‌ സ്ഥലമാണ്‌. ആഡംബരവും ധൂര്‍ത്തും പരലോക ചിന്തയില്‍ നിന്നും മനുഷ്യനെ അകറ്റുകയും ഭൗതിക ജീവിതത്തില്‍ ആസക്തിയുണ്ടാക്കുകയും ചെയ്യുന്നു.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും മിതത്വം ശീലിക്കണമെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു. അമിതത്വവും തീവ്രതയും അപകടത്തിലേക്കാണെന്ന്‌ ഇസ്‌ലാം ബോധ്യപ്പെടുത്തുന്നു. ചുരുങ്ങിയ അളവ്‌ വെള്ളം കൊണ്ട്‌ അംഗശുദ്ധി (വുളു) വരുത്താനും കുളിക്കാനും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്‌. ധാരാളം വെള്ളം ഒഴുകിപ്പോകുന്ന പുഴയില്‍ നിന്നുപോലും ആവശ്യത്തിന്‌ മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്ന്‌ പ്രവാചകന്‍ (സ്വ) പഠിപ്പിച്ചിട്ടുണ്ട്‌.
വയറിന്റെ മൂന്നിലൊരുഭാഗം ഭക്ഷണവും മൂന്നിലൊരുഭാഗം വെള്ളവും മൂന്നിലൊരുഭാഗം കാലിയാക്കിയിടണമെന്നുമുള്ള പ്രവാചകന്റെ അധ്യയനം സ്വീകരിച്ചാല്‍ ഭൂമിയില്‍ ഭക്ഷ്യപ്രതിസന്ധി ഉണ്ടാകില്ലെന്ന്‌ ശാസ്‌ത്രജ്ഞര്‍ വിലയിരുത്തുന്നു. അമിതാഹാരത്തിന്റെ ഉപോല്‍പന്നങ്ങളായ കൊളസ്‌ട്രോള്‍, പ്രമേഹം, രക്താതിസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രധാന കാരണവും അമിതമായ ഭക്ഷണക്രമമാണ്‌. ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിച്ച്‌, അത്‌ ദഹിപ്പിക്കാനും ഊര്‍ജം കത്തിച്ചുകളയാനും മണിക്കൂറുകള്‍ ജിംനേഷ്യത്തിലും മറ്റും ചെലവഴിക്കുന്ന ഒട്ടേറെ പേരുണ്ട്‌. വിശപ്പകറ്റാന്‍ മാത്രം ഭക്ഷണം കഴിക്കുക എന്ന ശൈലിയിലേക്ക്‌ പുതിയ ഭക്ഷണസംസ്‌കാരം രൂപപ്പെടേണ്ടതുണ്ട്‌.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍