vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
പൂമെത്തയല്ലിത്‌ ജീവിതം

രോഗബാധിതനായതിനാല്‍ വര്‍ഷങ്ങളായി ശയ്യാവലംബിയായ ഒരാള്‍ അതിക്രൂരമായി അക്രമിക്കപ്പെട്ടു. വധശ്രമമായിരുന്നു എന്നതാണ്‌ ആദ്യം വന്ന വാര്‍ത്ത. ആരോരുമില്ലാത്ത ഈ പാവപ്പെട്ടവനെ വധിച്ചിട്ട്‌ ആര്‍ക്ക്‌ എന്തു നേട്ടം എന്നത്‌ ഒരു നീറ്റലായി മനസ്സിലാക്കിയിരിക്കെയാണ്‌ കഥയുടെ ചുരുളഴിയുന്നത്‌. പുറത്തുനിന്നാരും അദ്ദേഹത്തെ അക്രമിച്ചതായിരുന്നില്ല. മറിച്ച്‌ ജീവിതം മടുത്ത്‌ അദ്ദേഹം സ്വയംതന്നെ തന്റെ കാലുകള്‍ വെട്ടിമുറിക്കുകയായിരുന്നുവത്രെ. അതെ അതൊരാത്മഹത്യാശ്രമമായിരുന്നു. ജീവിതം മടുക്കാനുള്ള കാരണം പിന്നീട്‌ അദ്ദേഹം തന്നെ വിശദീകരിച്ചു. ആറുവര്‍ഷമായി കിടക്കയില്‍ തന്നെയാണ്‌. കാലുകള്‍ രണ്ടും തളര്‍ന്നിരിക്കുന്നു. ദൈനംദിന കാര്യങ്ങള്‍ക്കുപോലും ഭാര്യയുടെ സഹായം വേണം. ഭാര്യതന്നെ അധ്വാനിച്ചുകൊണ്ടുവന്നിട്ടുവേണം വല്ലതും കഴിക്കാന്‍. ഒന്നു തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ പോലുമാവാതെ ശരീരം പൊട്ടിയൊലിക്കുന്നു. പരസഹായം ഏറ്റുവാങ്ങിയും വേദന തിന്നും മടുത്ത്‌ ജീവിതത്തെക്കുറിച്ചുള്ള സകല പ്രതീക്ഷകളും നഷ്‌ടപ്പെട്ട ഒരു നിമിഷത്തില്‍ ഭാര്യ പുറത്തുപോയ തക്കംനോക്കി വീല്‍ചെയറിലിരുന്ന്‌ വാക്കത്തികൊണ്ട്‌ കാലുകളില്‍ ആഞ്ഞുവെട്ടുകയായിരുന്നു. ഭാര്യ തിരിച്ചുവരാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളതുകൊണ്ട്‌ അപ്പോഴേക്കും രക്തംവാര്‍ന്ന്‌ മരിക്കാമെന്നായിരുന്നു കരുതിയത്‌. യാദൃച്ഛികമായി എന്തോ കാര്യത്തിനു ഭാര്യ തിരിച്ചുവന്നപ്പോള്‍ രക്തം വാര്‍ന്ന്‌ ബോധരഹിതനായി കിടക്കുന്ന ഭര്‍ത്താവിനെയാണ്‌ കണ്ടത്‌. ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. മാനക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി അദ്ദേഹം മെനഞ്ഞുണ്ടാക്കിയ നുണക്കഥയായിരുന്നു ആക്രമണവും വധശ്രമവുമെല്ലാം.
ജീവിതത്തെ പലരും പലവിധത്തിലാണ്‌ നിരീക്ഷിച്ചിട്ടുള്ളത്‌. എഴുത്തുകാരും ബുദ്ധിജീവികളുമെല്ലാം അതിനെ പലതിനോടും ഉപമിച്ചു. സുഖദുഃഖങ്ങള്‍ക്കിടയില്‍ ആടിക്കളിക്കുന്ന ഒരു പെന്‍ഡുലമായും പല വേഷങ്ങള്‍ പകര്‍ന്നാടുന്ന നാടകമായുമെല്ലാം ജീവിതത്തെ നോക്കിക്കണ്ടവരുണ്ട്‌. ഒരു കാര്യത്തില്‍ സംശയമില്ല. ജീവിതം ഒരു പൂമെത്തയല്ല. ആര്‍ക്കെങ്കിലും അങ്ങനെ ആണെങ്കില്‍ തന്നെ ആ പൂമെത്തയാകെ മുള്ളുപാകിയിട്ടുണ്ട്‌.
ഏതെല്ലാം തരത്തിലാണ്‌ മനുഷ്യന്‍ പരീക്ഷിക്കപ്പെടുന്നത്‌? ഡോ. മുഹമ്മദ്‌ അല്‍ അരീഫി ജീവിതം ആസ്വാദ്യകരമാക്കുക’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഒരു ഭ്രാന്താശുപത്രി സന്ദര്‍ശിച്ച അനുഭവം വിശദീകരിക്കുന്നുണ്ട്‌. വായില്‍ വെള്ളിക്കരണ്ടിയുമായി സമ്പന്നതയുടെ മടിത്തട്ടില്‍ പിറന്നുവീണ ഒരു മനുഷ്യന്‍. ഭ്രാന്താശുപത്രിയിലെ പ്രത്യേകമായ ഒരു സെല്ലില്‍ അദ്ദേഹത്തെ അടച്ചിരിക്കുന്നു. ആള്‍ പൂര്‍ണ്ണ നഗ്നനാണ്‌. ഉടുപ്പിക്കാത്തതുകൊണ്ടല്ല. ഒരു കഷ്‌ണം തുണിപോലും ദേഹത്തു ബാക്കിവെക്കാന്‍ അയാള്‍ അനുവദിക്കില്ലപോലും.. അത്രക്കു മൂത്ത ഭ്രാന്ത്‌. ഭാര്യയും മക്കളും ഇഷ്‌ടംപോലെ സമ്പത്തും ഉണ്ടാവുന്നതാണ്‌ ജീവിതത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമെന്ന്‌ തെറ്റുധരിച്ചവര്‍ക്ക്‌ ഈ സംഭവം ഒരു പാഠമാണ്‌. ജീവിതത്തിന്റെ പരീക്ഷണങ്ങള്‍ പലര്‍ക്കും പലതരത്തിലാണെന്ന്‌ വിശുദ്ധ ക്വുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു. “കുറച്ചൊക്കെ ഭയം പട്ടിണി ധനനഷ്‌ടം ജീവനഷ്‌ടം എന്നിവ മുഖേനയെല്ലാം നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നത്‌ “ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്കുതന്നെ മടങ്ങേണ്ടവരുമാണ്‌” എന്നായിരിക്കും. (വി.ക്വു. 2:155, 156)
ജീവിതമെന്നാല്‍ സുഖാനുഭവങ്ങള്‍ മാത്രമാണെന്ന്‌ ആരാണ്‌ മനുഷ്യനെ പഠിപ്പിച്ചത്‌. കടലിനുപോലും ആഴവും പരപ്പുമുണ്ട്‌. വഴിത്താര കയറ്റവും ഇറക്കവും മാറിമാറിവരുന്നതാണ്‌. കാലമാവട്ടെ രാവും പകലും ചേര്‍ന്നതുമാണ്‌. ജീവിതം കയ്‌പ്പും മധുരവും നിറഞ്ഞതും. മധുരത്തിന്റെ രസവും കയ്‌പ്പിന്റെ കാഠിന്യവും ഒരുപക്ഷേ ഏറിയും കുറഞ്ഞുമിരുന്നേക്കാം. പൂര്‍ണമായും കയ്‌പ്പോ മധുരമോ മാത്രമായിട്ടൊരാളുമില്ല ഈ ഭൂമുഖത്ത്‌. ക്വുര്‍ആന്‍ പറയുന്നു “എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരെളുപ്പമുണ്ടായിരിക്കും. (വി.ക്വു. 94:5, 6)
ബിസിനസ്സ്‌ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തവരോ ഉന്നത ഉദ്യോഗങ്ങള്‍ വഹിക്കുന്നവരോ സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവരോ കുടുംബാംഗങ്ങള്‍ക്കൊപ്പം ജീവിതം ആസ്വദിക്കുന്നത്‌ കാണുമ്പോള്‍ അവര്‍ക്കൊന്നും ഒരല്ലലോ അലട്ടലോ ഇല്ല എന്ന്‌ നാം തെറ്റുധരിക്കരുത്‌. സാധാരണക്കാരന്റെ തലത്തിലായിരിക്കില്ല എന്നതൊഴിച്ചാല്‍ അവരെല്ലാം നോവുന്നതും നീറുന്നതുമായ പലതും ഒളിപ്പിച്ചുവെച്ചുകൊണ്ടാണ്‌ ഇങ്ങനെ പുഞ്ചിരിക്കുന്നത്‌ എന്ന്‌ അല്‍പസമയം അവരോടൊത്ത്‌ ചിലവഴിച്ചാല്‍ ബോധ്യപ്പെടും.
ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളുമായി ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ പലരും പതറിപ്പോവുന്നു. മിനുത്ത റോഡിലൂടെ ഫോര്‍വീലര്‍ ഓടിക്കുന്നതുപോലെ സുഖകരമല്ല ചരല്‍പരപ്പിലൂടെ പഴയ ശകടം തിരിക്കുന്നത്‌. പക്ഷേ രണ്ടായാലും നമ്മുടെ ജീവിതത്തെ നാം തന്നെ നേരിടണം. ജീവിതത്തിന്റെ പരുപരുത്ത പഞ്ചായത്ത്‌ റോഡ്‌ എനിക്കുവേണ്ട, ഹൈവേ അവസാനിക്കുന്നിടത്ത്‌ ഞാനും അവസാനിപ്പിക്കുമെന്നു വെച്ചാല്‍ അത്‌ അപകടകരമായ തീരുമാനം തന്നെയാണ്‌.
പരീക്ഷണങ്ങള്‍ ഒരു തുടര്‍ക്കഥയാണെന്നതില്‍ സംശയമില്ല. വ്യക്തിജീവിതത്തില്‍ പ്രയാസങ്ങളുണ്ടാവാം. ചിലപ്പോഴത്‌ കുടുംബത്തിലോ സമൂഹത്തിലോ ആവാം. ആദര്‍ശരംഗത്തോ പ്രസ്ഥാനത്തിലോ രാഷ്‌ട്രീയ സംഘടനയിലോ ആവാം. രോഗം തന്നെ പല തരത്തിലാവാം. നമുക്കോ ഭാര്യക്കോ മക്കള്‍ക്കോ ഉണ്ടാവാം. ഒരുപക്ഷേ സാമ്പത്തികമായി പ്രയാസം അനുഭവിക്കേണ്ടിവന്നേക്കാം. വെള്ളത്തിന്റെയും വിഭവങ്ങളുടെയും ദൗര്‍ലഭ്യംകൊണ്ട്‌ പരീക്ഷിക്കപ്പെടാം. കച്ചവടത്തില്‍ നഷ്‌ടം, മക്കളുടെ പഠനത്തിനു തടസ്സം, കുടുംബത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്‌മ, അങ്ങനെ പലതും. നേതൃത്വത്തെ അനുസരിക്കാത്തവരും അംഗീകരിക്കാത്തവരുമായ അനുയായികള്‍ ഉണ്ടായെന്നു വരാം. ഒരുപക്ഷേ അതിനുമപ്പുറം നേതൃത്വത്തെ തെറിപറയുകയും അവര്‍ക്കെതിരെ കോടതി കയറുകയും ചെയ്യാന്‍ മാത്രം ധാര്‍ഷ്‌ട്യം അനുയായികളില്‍ തന്നെ ചിലര്‍ കാണിച്ചേക്കാം. എന്തൊക്കെതന്നെ ആയാലും നമ്മുടെ പ്രതികരണവും തീരുമാനവും വിവേക പൂര്‍ണമാക്കുക. ക്ഷമ കൈക്കൊള്ളുക പ്രതിഫലം പ്രതീക്ഷിക്കുക. ഇതാണ്‌ ഒരു വിശ്വാസിക്ക്‌ ചെയ്യാനുള്ളത്‌.
പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ പഴിക്കുകയും കുറ്റപ്പെടുത്തുകയും അക്ഷമ കാണിക്കുകയും ചെയ്യുന്നതിനുപകരം ക്ഷമയവലംബിക്കുകയും പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുവാനാണ്‌ പ്രവാചക കല്‍പന. ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഒരു സംഭവം ഇപ്രകാരം വായിക്കാം. `പ്രവാചകപുത്രി മരണാസന്നനായ തന്റെ മകനെ മടിയിലിരുത്തി പ്രവാചകന്റെ അടുത്തേക്ക്‌ ദൂതനെ വിട്ടു. `മകന്‍ മരണവേദനയിലാണ്‌. പെട്ടെന്ന്‌ വരണം. ഉടനെ റസൂലുല്ലാഹി (സ്വ) പറഞ്ഞയച്ചു. അവരോട്‌ സലാം പറയുക. അല്ലാഹു നല്‍കിയതും തിരിച്ചെടുത്തതുമെല്ലാം അവനുള്ളതാണ്‌. എല്ലാറ്റിനും ഒരവധിയുണ്ട്‌. അതിനാല്‍ അവരോട്‌ ക്ഷമിക്കാനും പ്രതിഫലം പ്രതീക്ഷിക്കാനും പറയുക.
ഇമാം തിര്‍മുദി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു വചനം ഇങ്ങനെയാണ്‌: നബി (സ്വ) പറയുന്നു. ഒരു വിശ്വാസിക്കും വിശ്വാസിനിക്കും അവനിലും മക്കളിലും സമ്പത്തിലും പരീക്ഷണങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അത്‌ മരണം വരെ തുടരും. അന്ന്‌ അവനില്‍ ഒരു പാപവും ബാക്കിയാവുകയില്ല തന്നെ.
അബൂഹുറൈറ (റ) വില്‍ നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു: ഒരു മുസ്‌ലിമിന്‌ ക്ഷീണമോ രോഗമോ ക്ലേശമോ ദുഃഖമോ ഉപദ്രവമോ മനോവ്യാധിയോ ബാധിക്കില്ല. അവന്റെ കാലില്‍ ഒരു മുള്ള്‌ പോലും തറക്കില്ല. അത്‌ മുഖേനയെല്ലാം അവന്റെ പാപം പൊറുക്കപ്പെട്ടിട്ടല്ലാതെ (ബുഖാരി മുസ്‌ലിം)
വിശ്വാസിയോടുള്ള അല്ലാഹുവിന്റെ മനോഭാവം അതിമനോഹരമായി നബി (സ്വ) വിശദീകരിക്കുന്നു. വിശ്വാസിയുടെ കാര്യം അത്ഭുതംതന്നെ. അവന്റെ ഏത്‌ അവസ്ഥയും അവന്നു ഗുണകരമാണ്‌. വിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കും ഈ സൗഭാഗ്യമില്ലതാനും. അവനു വല്ല സന്തോഷവും ബാധിച്ചാല്‍ അവന്‍ തന്റെ നാഥനോട്‌ നന്ദി കാണിക്കും. അത്‌ അവന്‌ നന്മയാണ്‌. ഇനി വല്ല ബുദ്ധിമുട്ടും ബാധിച്ചാല്‍ അവന്‍ ക്ഷമിക്കും. അതും അവനു നന്മയാണ്‌. (മുസ്‌ലിം).
പ്രയാസം എത്ര കഠിനമായാലും പരീക്ഷണം എത്ര ശക്തമായാലും ശരി വിശ്വാസി പതറിപ്പോവരുത്‌. ഒരിക്കലും മരണം ആഗ്രഹിക്കുകയോ സ്വയം മരിക്കുകയോ ചെയ്യാന്‍ പാടില്ല. അങ്ങേയറ്റത്തെ പ്രയാസമുണ്ടായാല്‍ അവനു വേണമെങ്കില്‍ ഇപ്രകാരം പറയാം. “നാഥാ ജീവിതമാണ്‌ ഉത്തമമെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ. അതല്ല മരണമാണെനിക്ക്‌ നല്ലതെങ്കില്‍ നീ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ. (ബുഖാരി, മുസ്‌ലിം) എന്നാല്‍ ആത്മഹത്യക്കെതിരെ നബി (സ്വ) ശക്തമായ താക്കീത്‌ നല്‍കി. ആരെങ്കിലും മലമുകളില്‍ കയറി ആത്മഹത്യ ചെയ്‌താല്‍ അവന്‍ നിത്യമായി നരകത്തില്‍ അത്‌ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. (മുസ്‌ലിം)
നാഥന്റെ കാരുണ്യം ഒന്നുകൊണ്ടല്ലാതെ ഒരാള്‍ക്കും സൗഭാഗ്യവും സമാധാനവും കൈവരിക്കാനാവില്ല. കടുത്ത പരീക്ഷണങ്ങളില്‍ നിന്നും രക്ഷ ലഭിക്കാനും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രയാസങ്ങളെ ഉള്‍ക്കരുത്തോടെ നേരിടാനും മനസ്സിനു കരുത്തുവേണം. ഉറച്ച വിശ്വാസമാണതിനു വേണ്ടത്‌. നാഥനെക്കുറിച്ച്‌ ഉത്തമ ബോധ്യവും അവന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയുമാണ്‌ ഒരു വിശ്വാസിയുടെ കരുത്ത്‌. അതിനാല്‍ സര്‍വ്വവും അവനില്‍ തവക്കുല്‍ ചെയ്‌ത്‌ ജീവിച്ചാല്‍ വിശ്വാസിക്ക്‌ വിജയിക്കാനാവും ഇഹത്തിലും പരത്തിലും.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍