vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
പ്രോത്സാഹിപ്പിക്കേണ്ടത്‌ മതേതരത്വവാദികളെ

മതേതരത്വ മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടുള്ള രാഷ്‌ട്രീയ നീക്കങ്ങള്‍ എവിടെ നടന്നാലും ജനങ്ങള്‍ക്ക്‌ സന്തോഷിക്കാം. ആ മൂല്യങ്ങളെ ചവിട്ടിമെതിച്ചവരെന്ന്‌ പരക്കെ അറിയപ്പെടുന്നവര്‍ മതേതര രാഷ്‌ട്രത്തിന്റെ തലപ്പത്തേക്ക്‌ വരാന്‍ ശ്രമിക്കുന്നതുകാണുമ്പോള്‍ മതേതരത്വത്തിന്റെ മഹത്വം നിലനിന്നുകാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ദുഃഖമാണുണ്ടാവുക. വിവാദപുരുഷനായ നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥയായി യായി ഒരു വിഭാഗം മുന്നോട്ടുകൊണ്ടുവന്നത്‌ മതേതരത്വവാദികളുടെ മുഖം ചുളിയാനിടയാക്കി എന്നത്‌ സ്വാഭാവികമാണ്‌. പ്രസ്‌തുത സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടിയില്‍ ആഭ്യന്തര സമരം നടന്നത്‌ മറ്റൊരു സമാനമായ തീവ്രചിന്താഗതിക്കാരനുമായാണ്‌ എന്നത്‌ പ്രശ്‌നത്തിന്റെ ഗൗരവം കുറയ്‌ക്കുന്നില്ല. ഗൗരവം കൂട്ടുന്ന ഒരു പ്രശ്‌നം ജനസംഘം എന്ന പാര്‍ട്ടിക്ക്‌ മതേതരത്വമുഖം നല്‍കാന്‍ ഭാരതീയ ജനതാപാര്‍ട്ടി എന്ന പേര്‌ സ്വീകരിക്കുകയും മിതവാദിയായ എ.ബി. വാജ്‌പേയിയെ നായകനാക്കുകയും ചെയ്‌തിരുന്നതിന്ന്‌ ഒരു പ്രസക്തിയുമില്ലാതായിക്കഴിഞ്ഞു എന്നതാണ്‌. എല്‍.കെ. അദ്വാനിക്കുവേണ്ടി ശബ്‌ദിച്ചിരുന്ന ആര്‍.എസ്‌.എസ്സുകാരാണ്‌ ഇന്ന്‌ അദ്ദേഹത്തെ തഴഞ്ഞ്‌ നരേന്ദ്രമോഡിയെ നായകപദവിയിലേക്കു കൊണ്ടുവന്നത്‌. രഥയാ്രതയും ബാബരിപ്പള്ളി ധ്വംസനവും നടത്തി തീവ്രചിന്താഗതിക്കാരുടെ ആരാധനാപാത്രമായി മാറിയിരുന്ന അദ്വാനി ഇന്ന്‌ അവരാല്‍ തന്നെ തഴയപ്പെട്ടത്‌ കൂടുതല്‍ തീവ്രതയുള്ളത്‌ മോഡിയിലാണ്‌ എന്ന തിരിച്ചറിവാണ്‌. ആ അറിവില്‍ അവര്‍ക്കു തെറ്റുപറ്റിയിട്ടില്ല. ഗുജറാത്ത്‌ നരഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രി എന്ന നിലക്ക്‌ കളങ്കം പറ്റിയ വ്യക്തിയാണദ്ദേഹമെന്ന്‌ ഏവര്‍ക്കുമറിയാം.
നമുക്ക്‌ ചിന്തിക്കാനുള്ളത്‌ ഏതു പാര്‍ട്ടി അധികാരത്തിലേറിയാലും അവര്‍ ഭരണഘടനയോട്‌ പ്രതിബദ്ധത പുലര്‍ത്തി ഭരിക്കണം എന്നതാണ്‌. ഭരിക്കുന്നവര്‍ ഏതു മതക്കാര്‍ എന്നത്‌ പ്രശ്‌നമേയല്ല. അവര്‍ ജനങ്ങളെ തുല്യരായി കാണണം. ഇന്ത്യാ രാഷ്‌ട്രത്തിന്ന്‌ ഇടക്കാലത്ത്‌ സംഭവിച്ച അപചയം ഒരു പള്ളിയുടെ തകര്‍ച്ചയെ ഭരണപീഠത്തിലേക്കു കയറാനുള്ള ചവിട്ടുപടിയാക്കി എന്നതാണ്‌. പള്ളിയുടെ സ്ഥാനത്ത്‌ ക്ഷേത്രം തകര്‍ത്തുകൊണ്ടാണ്‌ രാഷ്‌ട്രീയ മൈലേജ്‌ നേടുന്നതെങ്കില്‍ അതും തെറ്റാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ വര്‍ഗീയത മൂലധനമാക്കിക്കൊണ്ടുള്ള രാഷ്‌ട്രീയ ബിസിനസ്സ്‌ അപകടമാണ്‌.
ഇന്ത്യയില്‍ സവര്‍ണര്‍ക്കും അധഃകൃതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെല്ലാം സംഘടനകളുണ്ട്‌. അതുകൊണ്ട്‌ രാഷ്‌ട്രത്തിന്ന്‌ ഒരു കേടും സംഭവിച്ചിട്ടില്ല. ബ്രാഹ്മണന്‍മാര്‍ സംഘടിച്ച്‌ അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നു. നായന്‍മാര്‍, ഈഴവര്‍ എന്നിവരൊക്കെ അവരുടെ മേഖലയില്‍ സംഘടനകളുണ്ടാക്കി പ്രവര്‍ത്തിക്കുന്നു. മുസ്‌ലിംകളിലെയും ക്രിസ്‌ത്യാനികളിലെയും വിവിധ വിഭാഗങ്ങള്‍ അവരുടെ പ്രത്യേക ലക്ഷ്യങ്ങള്‍ക്കായി സംഘടനാ പ്രവര്‍ത്തനം നടത്തുന്നു. അവക്കെല്ലാം നീണ്ട വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്‌. രാഷ്‌ട്രത്തിന്ന്‌ അവ ഭീഷണിയായിട്ടില്ല.
എന്നാല്‍ സംഘ്‌ പരിവാറിന്റേത്‌ അങ്ങനെയല്ല. ബാബരിപ്പള്ളി ധ്വംസനം ഒരു സുപ്രഭാതത്തിലുണ്ടായ ആശയമല്ല. അതിന്നു ശ്രമിച്ചവര്‍ അനുഭവത്തില്‍നിന്നു പാഠം പഠിച്ച്‌ രാഷ്‌ട്രീയം കളിച്ചവരാണ്‌. ദീര്‍ഘകാലം പാര്‍ലമെന്റില്‍ രണ്ട്‌ എം.പിമാരെക്കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നവര്‍ പാര്‍ലമെന്റിലെ ഒന്നാം കക്ഷിയായി മാറാന്‍കണ്ട മാര്‍ഗം തുറന്ന വര്‍ഗീയത കൈമുതലാക്കലായിരുന്നു.
ഏതോ അവിവേകികള്‍ ഒരു വിഭാഗത്തിന്റെ ആരാധനാലയം തകര്‍ത്താല്‍ അതേ അവിവേകം കൊണ്ട്‌ തിരിച്ചടിക്കാന്‍ മുതിരാതിരിക്കലാണ്‌ വിവേകം. ഭാഗ്യവശാല്‍ ബാബരിപ്പള്ളിയുടെ തകര്‍ച്ചയോടെ അങ്ങനെയൊരു പ്രതിക്രിയ ഇവിടെ ഉണ്ടായിട്ടില്ല. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന്‌ നിഷ്‌കര്‍ഷയുള്ളവരെയാണ്‌ നായകസ്ഥാനത്തേക്ക്‌ കൊണ്ടുവരേണ്ടത്‌. മോഡിക്കു പിന്നിലെ ആവേശക്കാരെ നോക്കുമ്പോള്‍ അവര്‍ എന്താണ്‌ ലക്ഷ്യമിടുന്നത്‌ എന്ന്‌ എളുപ്പത്തില്‍ മനസ്സിലാവും.
ഓരോ ഭരണമാറ്റവും ജനങ്ങള്‍ക്ക്‌ സുരക്ഷിത ബോധമാണ്‌ പ്രദാനം ചെയ്യേണ്ടത്‌. രാഷ്‌ട്രത്തിന്റെ പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കുക, ദേശീയോദ്‌ഗ്രഥനം ഫലപ്രദമായി നടപ്പാക്കുക, സാക്ഷരത, വിദ്യാഭ്യാസം, തൊഴിലവസരം സൃഷ്‌ടിക്കല്‍ പോലുള്ള തുറന്ന അജണ്ടകള്‍ വെച്ചുള്ള മല്‍സരമാണ്‌ തെരഞ്ഞെടുപ്പില്‍ കാണേണ്ടത്‌. ഒരു തരത്തിലുള്ള ഒളിയജണ്ടകളും ഒരു പാര്‍ട്ടിക്കുമുണ്ടാകരുത്‌. ചരിത്രം തിരുത്തിയെഴുതി മഹാന്മാരെ തഴയുകയും മഹാന്മാരല്ലാത്തവരെ മഹാന്മാരായി വാഴ്‌ത്തുകയും ചെയ്യുന്ന ഹീനശ്രമം ഇവിടെ നടന്നിട്ടുണ്ട്‌. ഈ ചിന്താഗതിയുള്ളവര്‍ക്ക്‌ തുടര്‍ച്ചയായി ഭരണം ലഭിച്ചാല്‍ അടുത്ത തലമുറക്കു ലഭിക്കുന്ന ചരിത്രബോധം മറ്റൊന്നായിരിക്കും. പൊതുമാധ്യമങ്ങളും സാം സ്‌കാരിക സ്ഥാപനങ്ങളും കൈയ്യടക്കി നിക്ഷിപ്‌ത താല്‍പര്യം സംരക്ഷിക്കുക എന്ന ഫാസിസ്റ്റ്‌ തന്ത്രം മതേതര വ്യവസ്ഥയില്‍ അനുവദിച്ചുകൂടാ. ജനാധിപത്യത്തിന്റെ തൂണുകളിലൊന്നായ ഫ്രീ പ്രസ്‌ ഇവിടെ ഉള്ളതിനാല്‍ പൗരന്‍മാര്‍ക്ക്‌ ആശ്വാസമാണ്‌. ജനപക്ഷത്ത്‌ നിലകൊള്ളുന്ന പത്രങ്ങള്‍ ഇവിടെ ഇല്ലായിരുന്നുവെങ്കില്‍ പലരുടെയും ഒളിയജണ്ടകള്‍ വിജയം കാണുമായിരുന്നു. സമുദായങ്ങള്‍ തമ്മിലുള്ള സ്‌നേഹപൂര്‍ണമായ സഹവര്‍ത്തിത്വം അന്നവും വെള്ളവും പാര്‍പ്പിടവും എന്നതുപോലെ പ്രധാനമാണെന്ന്‌ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ നേതാക്കളാണ്‌ നമുക്ക്‌ അനിവാര്യം.
രാഷ്‌ട്രീയ ദുരന്തങ്ങളില്‍നിന്നും വര്‍ഗീയ കലാപങ്ങളില്‍ നിന്നും പാഠം പഠിച്ച്‌ തിരുത്തലുകളും മുന്‍കരുതലുകളും നടപ്പാക്കുന്നവരാണ്‌ രാഷ്‌ട്രത്തിന്റെ ആത്മാവിനെ കണ്ടെത്തിയവര്‍. അത്തരക്കാര്‍ക്കേ രാഷ്‌ട്രത്തെ സേവി ക്കാനാവുകയുള്ളൂ.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍