vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
ബറാഅത്ത്‌ രാവ്‌ വിമര്‍ശനങ്ങളിലെ വസ്‌തുതകള്‍

വിശുദ്ധ ക്വുര്‍ആനോ തിരുസുന്നത്തോ പഠിപ്പിക്കാത്ത ബറാഅത്ത്‌ രാവെന്ന ദുരാചാരം പാമരജനങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ `സുന്നീ’ വിഭാഗങ്ങള്‍ ചെയ്യുന്ന ഒരു തട്ടിപ്പുണ്ട്‌. വിശുദ്ധ ക്വുര്‍ആനില്‍ ഈ രാവിന്റെ മഹത്വം പറഞ്ഞിട്ടുണ്ടെന്ന പച്ചകള്ളം പാമരജനങ്ങളോട്‌ പറയുക. ക്വുര്‍ആനില്‍ ഇതിന്റെ മഹത്വമുണ്ടെന്ന്‌ പറഞ്ഞാല്‍ പിന്നെ ജനങ്ങള്‍ അത്‌ സ്വീകരിക്കുമല്ലോ? മിക്ക സുന്നീ പ്രസിദ്ധീകരണങ്ങളും പ്രഭാഷണങ്ങളും ബറാഅത്ത്‌ രാവിനെക്കുറിച്ച്‌ പരാമര്‍ശിക്കുമ്പോള്‍ പ്രഥമമായി പറയാറുള്ളത്‌ ഈ നുണയാണ്‌. സാമ്പിളിന്‌ രണ്ടെണ്ണം ഇവിടെ ഉദ്ധരിക്കാം. വിശുദ്ധ ക്വുര്‍ആനിലെ സൂറഃ ദുഖാന്‍ 2,3 ആയത്തുകള്‍ക്ക്‌ സ്വയം വ്യാഖ്യാനം ചമച്ചുകൊണ്ട്‌ ബറാഅത്ത്‌ രാവ്‌ അനുകൂലികള്‍ എഴുതുന്നു: `വിശുദ്ധ ക്വുര്‍ആനിലും ബറാഅത്ത്‌ രാവിനെക്കുറിച്ച്‌ (ശഅ്‌ബാന്‍ പകുതിയുടെ രാത്രി) പരാമര്‍ശമുണ്ട്‌. `വ്യക്തമാക്കുന്ന ഈഗ്രന്ഥം തന്നെയാണ്‌ സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ നാം അതിനെ അവതരിപ്പിച്ചു. (വി.ക്വു. 44-2,3) ഈ സൂക്തത്തിലെ ലൈലത്തുല്‍ മുബാറക്‌ (അനുഗ്രഹീത രാവ്‌) എന്നത്‌ ശഅ്‌ബാന്‍ പതിനഞ്ചിന്റെ രാവാണെന്നാണ്‌ പണ്‌ഡിതാഭിപ്രായം’ (ചന്ദ്രിക 2005. സപ്‌തംബര്‍ 20. പി.പി.മുഹമ്മദ്‌ സ്വാലിഹ്‌ അന്‍വരി). ക്വുര്‍ആനില്‍ ഈ രാവിന്റെ മഹത്വമുണ്ടെന്നാണ്‌ ഇവിടെ എഴുതിയത്‌. എന്നിട്ട്‌ പറഞ്ഞതോ? പണ്‌ഡിതാഭിപ്രായവും. ഏതെങ്കിലും പണ്‌ഡിതന്‍മാരുടെ അഭിപ്രായങ്ങളല്ല വിശുദ്ധ ക്വുര്‍ആനെന്ന്‌ അറിയാത്തവര്‍ മുസ്‌ലിം സമുദായത്തിലുണ്ടോ?
സുന്നീ വിഭാഗത്തിന്റെ ഒരു വനിതാ മാസികയില്‍ എഴുതുന്നു: `ബറകത്താക്കപ്പെട്ട രാത്രി നാം ക്വുര്‍ആനിനെ ഇറക്കി. ശഅ്‌ബാന്‍ പതിനഞ്ചാണ്‌ ഈ ബര്‍കത്താക്കപ്പെട്ട രാവ്‌. മനുഷ്യനെ അപഥ സഞ്ചാരത്തില്‍ നിന്നും നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുന്ന പരിശുദ്ധ ക്വുര്‍ആനിന്റെ അവതരണത്തിന്‌ തുടക്കം കുറിച്ചത്‌ ഈ ബറാഅത്ത്‌ രാവിലായിരുന്നു. അതുകൊണ്ട്‌ തന്നെ ഇതിന്‌ ധാരാളം പ്രത്യേകതകള്‍ ഉണ്ട്‌.’ (സന്തുഷ്‌ട കുടുംബം മാസിക 2003 ഒക്‌ടോബര്‍). ഇ.കെ.വിഭാഗം സമസ്‌തയുടെ വനിതാ മാസികയാണിത്‌. ലൗകികമായും മതപരമായും വിവരം കുറഞ്ഞ സ്വന്തം പാളയത്തിലെ ഏതെങ്കിലും ചില വനിതകളെയെങ്കിലും തെറ്റുധരിപ്പിക്കാമെന്ന വ്യാമോഹത്തിലാണ്‌ ഈ കള്ളം ഇത്ര ധൈര്യമായിട്ടെഴുതിയത്‌.
ആ രാത്രിയേത്‌?
ബറാഅത്ത്‌ രാവിന്റെ മഹത്വത്തിന്‌ പറഞ്ഞ്‌ തെളിവായി സുന്നീ വിഭാഗം പറഞ്ഞത്‌ സൂറഃദുഖാന്‍ 2,3 എന്നീ വാക്യങ്ങളാണല്ലോ? പ്രസ്‌തുത അധ്യായത്തില്‍ പറഞ്ഞ രാത്രിയുടെ മഹത്വം വായിച്ചാല്‍ തന്നെ അത്‌ ശഅ്‌ബാന്‍ മാസവും ബറാഅത്ത്‌ രാവുമായി ബന്ധപ്പെട്ട രാത്രിയല്ലെന്ന്‌ ഏതൊരു കുട്ടിക്കും മനസ്സിലാവും. കാരണം ക്വുര്‍ആന്‍ അവതരിപ്പിച്ച രാത്രിയെക്കുറിച്ചാണ്‌ ഇവിടെ പ്രതിപാദ്യം. അത്‌ ശഅ്‌ബാന്‍ മാസത്തിലല്ല, വിശുദ്ധ റമളാന്‍ മാസത്തിലാണെന്നറിയാത്ത ഏതെങ്കിലും കുട്ടിയുണ്ടോ? ക്വുര്‍ആന്‍ അവതരിച്ച മാസം ഒരു തര്‍ക്കത്തിനും ഇടമില്ലാത്ത വധം വിശുദ്ധ ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നത്‌ കാണുക: `റമളാന്‍ മാസത്തില്‍ വിശുദ്ധ ക്വുര്‍ആനിനെ നാം ഇറക്കി.’ (ബക്വറ 185). ആ രാത്രിയും അര്‍ഥശങ്കക്കിടമില്ലാത്തവിധം വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നു: `തീര്‍ച്ചയായും നാം ഇതിനെ ലൈലത്തുല്‍ ക്വദ്‌റില്‍ അവതരിപ്പിച്ചിരിക്കുന്നു.’ (ക്വദ്‌ര്‍ 1) കാര്യം വിശുദ്ധ ക്വുര്‍ആന്‍ തന്നെ ഇവിടെ തീര്‍ത്തു പറഞ്ഞിരിക്കെ നാം എന്തിന്‌ തെളിവില്ലാത്തതും അങ്ങേ അറ്റം ദുര്‍ബലമായതുമായ ഏതെങ്കിലും പണ്‌ഡിതാഭിപ്രായത്തിന്‌ പിന്നാലെ പോകണം?
സുന്നീ വിഭാഗം തന്നെയും ഇവിടെ അംഗീകരിച്ച ഒരു യാഥാര്‍ഥ്യമില്ലേ? അവരെഴുതുന്നു: `ക്വുര്‍ആനിനും സുന്നത്തിനും മാത്രമേ ഒരിക്കലും തെറ്റ്‌ പറയാതിരിക്കുകയുള്ളൂ എന്നതാണ്‌ സത്യപ്രസ്‌ഥാനക്കാരുടെ വീക്ഷണം. അത്‌ കൊണ്ട്‌ പാപ സുരക്ഷിതരായ റസൂല്‍ (സ്വ) ഒഴികെയുള്ള മറ്റു ഇമാമുകളുടെ അഭിപ്രായങ്ങളില്‍ സ്വീകരിക്കുന്നതും ഒഴിവാക്കേണ്ടതും ഉണ്ടായേക്കാം.’ (സിറാജ്‌ 1990 ജനുവരി 1) വിശുദ്ധ ക്വുര്‍ആനികാധ്യാപനത്തിന്‌ വിരുദ്ധമായി ചില പണ്‌ഡിതന്‍മാര്‍ക്ക്‌ പറ്റിയ അബദ്ധങ്ങള്‍ ഇവരെന്തിന്‌ സ്വീകരിക്കണം.
കളവിനെതിരെ
സ്വന്തം പരിഭാഷകളും
ദുഖാന്‍ സൂറയില്‍ പറഞ്ഞ അനുഗ്രഹീത രാത്രി ബറാഅത്ത്‌ രാവല്ലെന്ന്‌ നാം മനസ്സിലാക്കിയല്ലോ? അങ്ങിനെയാണെന്ന സുന്നീ വിഭാഗത്തിന്റെ കളവുകള്‍ അവരുടെ ക്വുര്‍ആന്‍ പരിഭാഷകള്‍ പോലും തള്ളിക്കളയുന്ന ദയനീയ കാഴ്‌ച നമുക്ക്‌ കാണാം. ഏതാനും തെളിവുകള്‍ താഴെ.
1. ദുഖാന്‍ സൂറയിലെ അനുഗ്രഹീത രാത്രി ഏതാണെന്ന്‌ പ്രസ്‌തുത ആയത്തിന്റെ വ്യാഖ്യാനത്തില്‍ തിരൂരങ്ങാടി ഖാദി ബഹു. അബ്‌ദുറഹിമാന്‍ മഖ്‌ദൂമിയെഴുതുന്നു: `അനുഗ്രഹീതമായ ഒരു രാത്രിയിലാണ്‌ വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. പരിശുദ്ധ റമളാനിലെ ലൈലത്തുല്‍ ക്വദ്‌റാണ്‌ ആ അനുഗ്രഹീത രാത്രിയെന്ന്‌ ക്വുര്‍ആന്‍ കൊണ്ട്‌ തന്നെ മനസ്സിലാവുന്നുണ്ട്‌.’ (ഫത്‌ഹുല്‍ അലീം ഫീ തഫ്‌സീറില്‍ ക്വുര്‍ആനില്‍ അളീം. 2/1059)
2. സൂറഃ ക്വദ്‌റിന്റെ വിശദീകരണത്തില്‍ ദുഖാനില്‍ പറയുന്ന അനുഗ്രഹീത രാത്രിയേതെന്ന്‌ ഇതേ പരിഭാഷയില്‍ തന്നെ വ്യക്തമാക്കുന്നു: `റമളാന്‍ മാസത്തിലാണ്‌ ക്വുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന്‌ ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അനുഗ്രഹീതമായ ഒരു രാത്രിയിലാണ്‌ ക്വുര്‍ആന്‍ അവതരിപ്പിച്ചതെന്ന്‌ സൂറഃ ദുഖാനിലും പറയുന്നു. റമളാന്‍ മാസത്തിലെ അനുഗ്രഹീതമായ ഒരു രാത്രിയാണ്‌ ലൈലത്തുല്‍ ക്വദ്‌ര്‍ എന്ന്‌ ഇതില്‍ നിന്നും മനസ്സിലാക്കാം.” (ഫത്‌ഹുല്‍ അലീം. 2/1314)
3. കെ.വി.മുഹമ്മദ്‌ മുസ്‌ല്യാര്‍ കൂറ്റനാടിന്റെ തഫ്‌സീറില്‍ ദുഖാന്‍ സൂറയില്‍ പറഞ്ഞ അനുഗ്രഹീത രാത്രിയെ ഇങ്ങിനെ വിശദീകരിക്കുന്നു: `അനുഗ്രഹീത രാത്രി എന്നാല്‍ റമളാന്‍ മാസത്തിലെ ലൈലത്തുല്‍ ക്വദ്‌റാണെന്നാകുന്നു ബഹുഭൂരിപക്ഷം ഇമാമുകളും പ്രസ്‌താവിച്ചിട്ടുള്ളത്‌. ക്വുര്‍ആന്‍ അവതരിപ്പിച്ചത്‌ റമളാനിലാണെന്‌ സൂറത്തുല്‍ ബക്വറയിലും ലൈലത്തുല്‍ ക്വദ്‌റിലാണെന്ന്‌ സൂറഃ ക്വദ്‌റിലും പ്രസ്‌താവിച്ചിട്ടുണ്ട്‌. ലൈലത്തുല്‍ ക്വദ്‌ര്‍ റമളാനിലാണെന്ന്‌ പ്രബലങ്ങളായ പല നബി വചനങ്ങളും സ്ഥിരപ്പെട്ടതാണ്‌. ഇതാണ്‌ അവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന തെളിവ്‌. ഈ അഭിപ്രായമാണ്‌ ശരി എന്നാണ്‌ ഇബ്‌നു ജരീര്‍ (റ) പ്രസ്‌താവിക്കുന്നത്‌. ശഅ്‌ബാന്‍ മാസത്തിലെ പതിനഞ്ചാം രാവാണ്‌ അതുകൊണ്ടുദ്ദേശ്യമെന്ന്‌ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അതിന്‌ സ്വീകാര്യമായ തെളിവൊന്നും താന്‍ കണ്ടിട്ടില്ലെന്ന്‌ അല്ലാമാ നൈസാബൂരി ഗ്വറാഇബുല്‍ ക്വുര്‍ആന്‍ എന്ന തഫ്‌സീറില്‍ പറയുന്നു.’ (ഫത്‌ഹുറഹ്‌മാന്‍ ഫീ തഫ്‌സീറില്‍ ക്വുര്‍ആന്‍. 5/197)
4. ലൈലത്തുല്‍ ക്വദ്‌റിന്റെ വിശദീകരണത്തില്‍ സൂറഃദുഖാനില്‍ പറഞ്ഞ അനുഗ്രീത രാത്രിയെ പരാമര്‍ശിച്ചുകൊണ്ട്‌ കൂറ്റനാട്‌ മുസ്‌ല്യാരുടെ തഫ്‌സീറില്‍ പറയുന്നു: `അപ്പോള്‍ ലൈലത്തുല്‍ ക്വദ്‌ര്‍ എന്ന വാക്കിന്‌ നിര്‍ണയത്തിന്റെ രാത്രി എന്നും ബഹുമാനത്തിന്റെ രാത്രി എന്നും അര്‍ഥം പറയാം. ദൂഖാന്‍ സൂറയില്‍ ഈ രാത്രിയെക്കുറിച്ചു തന്നെയാണ്‌ ലൈലത്തുല്‍ മുബാറക (അനുഗ്രഹീത രാത്രി) എന്ന്‌ പറഞ്ഞിട്ടുള്ളത്‌.’ (ഫത്‌ഹുറഹ്‌മാന്‍ 5/565)
5. സമസ്‌തയുടെ നേതാവ്‌ കെ.ടി.മാനുമുസ്‌ല്യാര്‍ ദുഖാന്‍ സൂറയില്‍ പറഞ്ഞ അനുഗ്രഹീത രാത്രി ലൈലത്തുല്‍ ക്വദ്‌റാണെന്ന യാഥാര്‍ഥ്യം എഴുതുന്നു: `മനുഷ്യര്‍ക്ക്‌ മാര്‍ഗദര്‍ശകമായും സന്‍മാര്‍ഗ ദര്‍ശനത്തിന്റെയും വ്യക്തമായ തെളിവുകളായും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമത്രെ റമളാന്‍. (2:185). നിശ്ചയം നാം അതിനെ അനുഗ്രഹീത രാത്രിയില്‍ ഇറക്കി. (44:3) അനുഗ്രഹീത രാത്രിയും ലൈലത്തുല്‍ ക്വദ്‌റും ഒന്നുതന്നെ. അത്‌ റമളാന്‍ മാസത്തിലും.’ (ഫിര്‍ദൗസ്‌ മാസിക 1985. സപ്‌തംബര്‍)
മുഫസ്സിറുകള്‍ എന്ത്‌ പറഞ്ഞു?
ക്വുര്‍ആനില്‍ പറഞ്ഞ അനുഗ്രഹീത രാത്രി ബറാഅത്ത്‌ രാവല്ലെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയ മുസ്‌ല്യാക്കന്‍മാര്‍ പിന്നീട്‌ ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പേര്‌ പറഞ്ഞാണ്‌ ജനങ്ങളെ കബളിപ്പിക്കാറുള്ളത്‌. അവരില്‍ പ്രമുഖരായ ആളുകളും ദുഖാന്‍ സൂറയില്‍ പറഞ്ഞ അനുഗ്രഹീത രാത്രി റമളാന്‍ മാസത്തിലെ ലൈലത്തുല്‍ ക്വദ്‌റാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. മറിച്ചു പറഞ്ഞ ഒരാളും ശഅ്‌ബാന്‍ മാസത്തിലാണ്‌ ക്വുര്‍ആന്‍ ഇറങ്ങിയതെന്ന പൊള്ളവാദത്തിന്‌ യാതൊരു തെളിവും നിരത്തിയിട്ടില്ല. മുഫസ്സിറുകളില്‍ പ്രമുഖരുടെ ചില സാക്ഷ്യങ്ങള്‍ കാണുക.
1. തഫ്‌സീര്‍ ക്വുര്‍ത്വുബിയിലെഴുതുന്നു: `ലൈലത്തുല്‍ മുബാറക്ക എന്നാല്‍ ശഅ്‌ബാന്‍ പതിനഞ്ചാണെന്നാണ്‌ ഇക്‌്‌രിമയുടെ അഭിപ്രായം. പല കാരണങ്ങളാലും അനുഗ്രഹീത രാവെന്നാല്‍ ലൈലത്തുല്‍ ക്വദ്‌റാണെന്ന അഭിപ്രായമാണ്‌ കൂടുതല്‍ പ്രബലം. `നിശ്ചയം ലൈലത്തുല്‍ ക്വദ്‌റിലാണ്‌ ക്വുര്‍ആന്‍ അവതരിപ്പിച്ചത്‌.’ (തഫ്‌സീര്‍ ക്വുര്‍ത്വുബി. 16/126)
2. തഫ്‌സീര്‍ ഇബ്‌നു കസീറിലെഴുതുന്നു: അനുഗ്രഹീത രാവ്‌ എന്നതിന്റെ വിവക്ഷ ശഅ്‌ബാന്‍ പതിനഞ്ചാം രാവാണെന്ന്‌ ഇക്‌രിമയില്‍ നിന്ന്‌ ഉദ്ധരിക്കപ്പെട്ടതുപോലെ ആരെങ്കിലും പറഞ്ഞാല്‍ മേച്ചില്‍ സ്ഥലത്ത്‌ നിന്ന്‌ അപ്പുറത്താണ്‌ അവരരെത്തിപ്പെട്ടത്‌. ക്വുര്‍ആനിന്റെ മൂലവാക്യം അത്‌ റമളാനിലാണെന്ന്‌ പ്രഖ്യാപിക്കുന്നു.’ (ഇബ്‌നുകസീര്‍ 4/137)
3. തഫ്‌സീര്‍ റാസി : `എന്നാല്‍ ഈ സൂക്തത്തില്‍ ബറക്കത്തായ രാവ്‌ എന്നതിന്റെ വിവക്ഷ ശഅ്‌ബാന്‍ പകുതിയുടെ രാവാണ്‌ എന്ന്‌ പറയുന്നവര്‍ക്ക്‌ അവലംബിക്കാന്‍ പറ്റുന്ന യാതൊരു തെളിവും ഞാന്‍ കണ്ടിട്ടില്ല. ചില ആള്‍ക്കാരില്‍ നിന്ന്‌ ഈ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട്‌ അവര്‍ സംതൃപ്‌തരാവുകയാണ്‌.’ (റാസി 7/316)
4. തഫ്‌സീര്‍ ത്വബ്‌രി; `അഭിപ്രായങ്ങളില്‍ പ്രബലമായത്‌ അനുഗ്രഹീതമായ രാവ്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ലൈലത്തുല്‍ ക്വദ്‌റാണെന്ന്‌ പ്രസ്‌താവിച്ചവരുടേതാണ്‌.’ (11/64)
5. ക്വതാദ, ഇബ്‌നു സൈദ്‌ തുടങ്ങിയ ഭൂരിപക്ഷം ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍:- `ക്വതാദ, ഇബ്‌നു സൈദ്‌ തുടങ്ങിയ ഭൂരിപക്ഷം പണ്‌ഡിതന്‍മാരും അനുഗ്രഹീത രാത്രിയെന്നാല്‍ ലൈലത്തുല്‍ ക്വദ്‌റെന്ന പക്ഷക്കാരാണ്‌. നിരവധി ന്യായീകരണങ്ങള്‍ അതിനുണ്ട്‌. അല്ലാഹു പറയുന്നു: തീര്‍ച്ചയായും നാം ക്വുര്‍ആന്‍ ലൈലത്തുല്‍ ക്വദ്‌റില്‍ അവതരിപ്പിച്ചു. അപ്പോള്‍ ആ അനുഗ്രഹീത രാത്രി ലൈലത്തുല്‍ ക്വദ്‌ര്‍ ആവുക നിര്‍ബന്ധമായി. ക്വുര്‍ആനിന്‌ ക്വുര്‍ആന്‍ തന്നെയാണ്‌ അത്യുത്തമ വിശദീകരണം. അല്ലാഹു പറഞ്ഞു. റമളാന്‍ മാസം അതില്‍ ക്വുര്‍ആന്‍ അവതരിപ്പിച്ചു. ഈ അനുഗ്രഹീത രാത്രി റമളാനിലായിരിക്കല്‍ നിര്‍ബന്ധമായി. അപ്പോള്‍ അത്‌ ലൈലത്തുല്‍ ക്വദ്‌റിലാണെന്ന്‌ സ്ഥിരപ്പെട്ടു. ഇതാണ്‌ മുഅ്‌തമദായ അഭിപ്രായം. (തഫ്‌സീര്‍ സ്വാവി. 4/50,51)
സുന്നീ വിഭാഗവും
അംഗീകരിക്കുന്നു
മുഫസ്സിറുകളില്‍ ഭൂരിഭാഗവും പ്രബലരും തങ്ങളുടെ പൊള്ളവാദങ്ങള്‍ക്ക്‌ അനുകൂലമല്ലെന്ന്‌ സുന്നീ വിഭാഗം മനസ്സിലാക്കിയിട്ടുണ്ട്‌. അതിനാല്‍ മുഫസ്സിറുകളുടെ കാര്യത്തിലും അവര്‍ക്ക്‌ സത്യം അംഗീകരിക്കേണ്ടി വന്നു എന്നതിന്റെ ഏതാനും സാക്ഷ്യങ്ങള്‍ ചുവടെ.
1. സുന്നീ വോയ്‌സ്‌ വാരികയിലെഴുതുന്നു: `അനുഗ്രഹീത രാത്രി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ റമളാന്‍ മാസത്തിലെ ലൈലത്തുല്‍ ക്വദ്‌ര്‍ ആണെന്ന്‌ അധിക വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. ‘ (1977. ജൂലായ്‌ 29)
2. സിറാജ്‌- `സൂറത്തുദ്ദുഖാനിലെ അനുഗ്രഹീത രാവ്‌ (ലൈലത്തുല്‍ മുബാറക്‌) ശഅ്‌ബാന്‍ പതിനഞ്ചാം രാത്രിയാണെന്ന്‌ ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക്‌ അഭിപ്രായമുണ്ട്‌. അത്‌ പ്രബലമല്ല.” (2007. ആഗസ്റ്റ്‌ 24) പ്രബലമല്ലാത്ത ഈ അഭിപ്രായം എടുത്തുവെച്ച്‌ കൊണ്ടാണ്‌ അല്‍മുബാറക്‌ വാരികയില്‍ ബറാഅത്ത്‌ രാവുകള്‍ പ്രബലമായ തെളിവുകള്‍ എന്നെഴുതിയത്‌. (1990 മാര്‍ച്ച്‌ 21). തൊലിക്കട്ടി അപാരംതന്നെ.
3. സുന്നി അഫ്‌കാര്‍ വാരികയിലെഴുതുന്നു. `സൂറത്തുദ്ദുഖാനില്‍ പ്രസ്‌താവിച്ച ലൈലത്തുല്‍ മുബാറക്ക ഏതാണെന്നതില്‍ പണ്‌ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്‌. ലൈലത്തുല്‍ ക്വദ്‌റാണ്‌ അതെന്നാണ്‌ ബഹുഭൂരിപക്ഷവും പറയുന്നത്‌.’ (2002. ആഗസ്റ്റ്‌ 14)
4. ഇക്‌രിമയുടെ തെറ്റായ അഭിപ്രായത്തെക്കുറിച്ച്‌ ഇബ്‌നുകഥീര്‍ രേഖപ്പെടുത്തിയത്‌ സുന്നീ അഫ്‌കാറിലെഴുതുന്നു: `ഇക്‌രിമ തുടങ്ങിയ ചുരുക്കം ചിലര്‍ക്കേ ശഅ്‌ബാന്‍ പകുതിയുടെ രാവ്‌ (ബറാഅത്തുരാവ്‌)ആണെന്ന അഭിപ്രായമുള്ളൂ. ഈ അഭിപ്രായത്തെ ഇബ്‌നുകസീര്‍ തുടങ്ങിയവര്‍ ന്യായ സഹിതം ഖണ്‌ഡിച്ചിട്ടുമുണ്ട്‌.’ (2002 ആഗസ്റ്റ്‌ 14)
5. സൂറത്തുദ്ദുഖാനില്‍ ബറാഅത്തിന്റെ മഹത്വം പറഞ്ഞിട്ടുണ്ടെന്ന നിലയില്‍ അതിനെ അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത സുന്നീ വിഭാഗം ഒടുവില്‍ അതില്‍ നിന്ന്‌ തലയൂരേണ്ടി വരുന്നു. അതും കാണുക: `എന്നാല്‍ ബറാഅത്ത്‌ രാവിന്റെ മഹത്വം കഴിഞ്ഞ കാല പണ്‌ഡിതന്‍മാരെല്ലാം അംഗീകരിച്ചിട്ടുണ്ടെന്നതാണ്‌ യാഥാര്‍ഥ്യം. അതു ദുഖാനില്‍ പരാമര്‍ശിച്ച രാവ്‌ എന്നതുകൊണ്ടല്ല.’ (സുന്നീ അഫ്‌കാര്‍ 2002 ആഗസ്റ്റ്‌ 14). പിന്നെ എന്തിനായിരുന്നു കൂട്ടരെ നിങ്ങള്‍ ഇതിന്റെ മഹത്വം ക്വുര്‍ആനിലുണ്ടെന്ന പച്ചക്കള്ളം എഴുതിയത്‌. മഹത്വം ഈ രാവിന്‌ ഉണ്ടെന്ന്‌ പറഞ്ഞ പണ്‌ഡിതന്‍മാരാരും തന്നെ അതിന്‌ ക്വുര്‍ആനില്‍ നിന്നോ സ്വഹീഹായ ഹദീഥുകളില്‍ നിന്നോ തെളിവ്‌ ഉദ്ധരിച്ചിട്ടില്ല. തെളിവില്ലാതെ കുറേ പണ്‌ഡിതന്‍മാര്‍ പറഞ്ഞാല്‍ ഉണ്ടാവുന്നതല്ലല്ലോ ഇസ്‌ലാമിലെ മഹത്വരാവുകളും ഫള്‌ലുമൊന്നും?
6.റഹ്‌മത്തുല്ലാ ഖാസിമി മുത്തേടം: “വിശുദ്ധ റമളാനിലെ ലൈലത്തുല്‍ ക്വദ്‌റാണ്‌ അനുഗ്രഹീത രാത്രികൊണ്ട്‌ വിവക്ഷ. ഇക്കാര്യം ക്വുര്‍ആനിലെ തന്നെ 97-ാം അധ്യായമായ ക്വദ്‌റില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. (വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷ പേജ്‌ 889) ദുഖാനിലെ അനുഗ്രഹീത രാത്രിയെപ്പറ്റിയാണ്‌ ഖാസിമി ഈ വിവരണം നല്‍കിയിരിക്കുന്നത്‌.
7. സുന്നീ അഫ്‌കാറില്‍ എഴുതുന്നു: `ക്വുര്‍ആന്‍ വാക്യത്തിലെ പുണ്യരാവ്‌ കൊണ്ടുദ്ദേശ്യം ശഅ്‌ബാന്‍ 15ന്റെ രാത്രിയാണെന്നും ഇമാം ഇക്‌രിമ (റ)യും മറ്റും പറഞ്ഞതായി തഫ്‌സീറില്‍ വന്നിട്ടുണ്ട്‌. (റാസി 27/237), (ക്വുര്‍ത്വുബി. 16/126) (ജാമിഉല്‍ബയാന്‍. 25/109), (റൂഹുല്‍ബയാന്‍ 8/42), സ്വാവി. 4/402) (റൂഹുല്‍ മആനി. 13/110) പക്ഷെ പ്രസ്‌തുത അഭിപ്രായം ദുര്‍ബലമാണെന്ന്‌ ഇമാം നവവി (റ) ശറഹുല്‍ മുസ്‌ലിമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.” (2008 ആഗസ്റ്റ്‌ 20) തെളിവിന്‌ ബറാഅത്തുരാവുകാര്‍ കൊണ്ടുവന്ന തഫ്‌സീറുകളിലെ അഭിപ്രായങ്ങള്‍ ദുര്‍ബലങ്ങളാണെന്ന്‌ ഇവര്‍ക്ക്‌ തന്നെ അംഗീകരിക്കേണ്ടി വന്നു. അല്‍ഹംദുലില്ലാ.
8. ദുര്‍ബലം എന്ന്‌ മാത്രമല്ല, ഇതെങ്ങിനത്തെ ദുര്‍ബലം എന്ന്‌ കൂറ്റനാട്‌ മുസ്‌ല്യാര്‍ തന്നെ വ്യക്തമാക്കുന്നു: `എന്നാല്‍ സൂറത്തുദ്ദുഖാനിലുള്ള അനുഗ്രഹീത രാവുകൊണ്ടുള്ള വിവക്ഷ ശഅ്‌ബാന്‍ പതിനഞ്ചാം രാവാണെന്ന അഭിപ്രായം അങ്ങേയറ്റം ദുര്‍ബലമാണ്‌. ആ രാവുകൊണ്ടുള്ള വിവക്ഷ ലൈലത്തുല്‍ ക്വദ്‌ര്‍ ആണ്‌. അത്‌ റമളാനിലാണെന്ന്‌ പ്രസ്‌പഷ്‌ടവുമാണ്‌.’ (ഹിക്‌മത്ത്‌ വാരിക. 1985. മെയ്‌ 6) അങ്ങേയറ്റം ദുര്‍ബലമായ ഒരു വാറോലയാണ്‌ ബറാഅത്ത്‌ രാവെന്ന ദുരാചാരം സ്ഥാപിക്കാന്‍ വേണ്ടി സുന്നീ വിഭാഗം അല്ലാഹുവിന്റെയും വിശുദ്ധ ക്വുര്‍ആനിന്റെയും പേരില്‍ കെട്ടിപ്പറഞ്ഞത്‌. അല്ലാഹുവിന്റെയും നബി (സ്വ)യുടെയും പേരില്‍ കള്ളം കെട്ടിപ്പറയുന്നതിന്റെ ശിക്ഷ ഇവര്‍ക്ക്‌ അറിയാത്തത്‌ കൊണ്ടാണോ ഇതെല്ലാം? എങ്കില്‍ സ്വന്തം ഉസ്‌താദിന്റെ വരികള്‍ തന്നെ ഇവിടെ ഉദ്ധരിക്കട്ടെ: `അല്ലാഹുവിന്റെ പേരില്‍ കള്ളം ആരോപിക്കുകയോ അഥവാ യാതൊരു ദിവ്യസന്ദേശവും ലഭിക്കാതെ എനിക്ക്‌ ദിവ്യസന്ദേശം ലഭിക്കുന്നുവെന്ന്‌ പറയുകയോ ചെയ്യുന്നവനേക്കാള്‍ അക്രമി ആരാണുള്ളത്‌?’ (ആത്മസംസ്‌കരണം. പേജ്‌ 35, പി.എ. അബ്‌ദുല്ല മുസ്‌ല്യാര്‍.)
ഇത്രയൊക്കെ വ്യക്തമാക്കിയെഴുതിയിട്ടും ശഅ്‌ബാന്‍ പതിനഞ്ചിന്‌ വീണ്ടും ക്വുര്‍ആനിന്റെ പേരില്‍ മഹാകള്ളംപറഞ്ഞ്‌ ലേഖനങ്ങളെഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന മുസ്‌ല്യാക്കന്‍മാരേയും എഴുത്തുകാരേയും മുസ്‌ലിം ബഹുജനം കരുതിയിരിക്കണം. മേല്‍ ഉദ്ധരിച്ച തെളിവുകളെപ്പറ്റി ഇത്തരം വഞ്ചനകളുമായി പുറപ്പെടുന്ന മുസ്‌ല്യാക്കളോട്‌ ജനങ്ങള്‍ ചോദിച്ചറിയുകയും വേണം.
(തീര്‍ന്നില്ല.)

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍