vichinthanam
Sunday,21 April 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
സ്‌ത്രീ സുരക്ഷയുടെ ഇസ്‌ലാമിക വായന

റഹ്‌മത്തുല്ല സ്വലാഹി പുത്തൂര്‍
pg6
പാശ്ചാത്യസംസ്‌കാരത്തെ പുല്‍കാന്‍ വെമ്പുന്ന വഴിവിട്ട സ്‌ത്രീ പുരുഷബന്ധങ്ങളും ലൈംഗിക അരാജകത്വവും അനുദിനം പെരുകുന്ന ആധുനികലോകം. സമൂഹത്തിന്‌ നേര്‌ പറഞ്ഞുകൊടുക്കേണ്ട മാധ്യമങ്ങള്‍ കൂടി അരാജകത്വത്തിന്‌ വളമിട്ടുകൊടുത്താല്‍ ഇവിടെ സ്ഥിതിഗതികളെന്താവും? സാക്ഷരതയിലും ഉന്നതസംസ്‌കാരത്തിലും ഊറ്റംകൊള്ളുന്ന നമ്മുടെ സുന്ദരകേരളം, മനുഷ്യത്വത്തെ വെല്ലുവിളിച്ച്‌ തിന്‍മകളിലേക്ക്‌ ചെന്നടുത്തുകൊണ്ടിരിക്കുകയാണിന്ന്‌.
ഈയടുത്ത കാലത്ത്‌ ഒരു മൂല്യബോധനയാത്ര നയിച്ച്‌, നമ്മുടെ തലസ്ഥാനത്തെ ഗവണ്‍മെന്റ്‌ വിമന്‍സ്‌ കോളജില്‍ എത്തിയ ഡോ. രജിത്‌കുമാര്‍ (മൂല്യബോധന യാത്രയുടെ ക്യാപ്‌റ്റന്‍) നടത്തിയ പ്രഭാഷണം ഇന്ന്‌ സജീവ ചര്‍ച്ചയാണ്‌. ഈ പ്രഭാഷണത്തിലെ പെണ്‍കുട്ടികള്‍ പാലിക്കേണ്ട അച്ചടക്കഭാഷണം കേട്ട്‌ കൂവി പുറത്തുപോയ ആര്യ എന്ന ബിരുദ വിദ്യാര്‍ത്ഥിനിക്ക്‌ ഹീറോ പരിവേഷം നല്‍കാനാണ്‌ ചില മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ ശ്രമം. 2013 ഫെബ്രുവരി 22ന്‌ പുറത്തിറങ്ങിയ `മലയാളം’ വാരികയില്‍ അധികപ്രസംഗിയുടെ മൂല്യബോധനം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം, വര്‍ധിച്ചുവരുന്ന സെക്‌ഷ്വല്‍ ഹര്‍റാസ്‌മെന്റുകള്‍ക്ക്‌ സ്‌നേഹപൂര്‍ണമായ ഒരു തലോടലാണ്‌.
പ്രസ്‌തുത ലേഖനത്തില്‍ ഡോ.രജിത്‌കുമാറിന്റെ പ്രസംഗം ഇപ്രകാരം ചേര്‍ക്കുന്നു. `ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാനാകുന്നവരാണ്‌ പെണ്‍കുട്ടികള്‍. തൊണ്ണൂറ്‌ ശതമാനം പെണ്‍കുട്ടികളും രക്ഷാകര്‍ത്താക്കളോട്‌ നുണപറഞ്ഞ്‌ പ്രേമിച്ച്‌ നടക്കുന്നു. നരകത്തില്‍ ചെന്നാല്‍ ഏറ്റവും കൂടുതല്‍ കാണുക സ്‌ത്രീകളെയാണ്‌. എണ്‍പതു ശതമാനം നല്ല മനുഷ്യരും പുരുഷന്‍മാരാണ്‌. കേവലം ഇരുപതു ശതമാനം മാത്രമേ മിടുക്കികളായ സ്‌ത്രീകളുള്ളൂ. പുരുഷന്‍മാരാണ്‌ മുമ്പില്‍ നില്‍ക്കേണ്ടവര്‍. സ്‌ത്രീകള്‍ പുരുഷന്റെ സംരക്ഷണയില്‍ ഇരിക്കേണ്ടവരാണ്‌. മാത്രമല്ല പെണ്‍കുട്ടികള്‍ കണ്ടമാനം നുണപറയുന്നവരാണ്‌.” ഈ വരികള്‍ കേട്ടപ്പോഴാണത്രെ, പ്രതിഷേധവുമായി ആലപ്പുഴ സ്വദേശിനിയും അവസാനവര്‍ഷ സാഹിത്യബിരുദ വിദ്യാര്‍ഥിനിയുമായ ആര്യ രംഗത്തെത്തിയത്‌. `സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ ഉച്ചസ്ഥായിയില്‍ ആ പെണ്‍കുട്ടി ഒരു പൊട്ടിത്തെറിയായി മാറി’ എന്നാണ്‌ ആ വാരിക പെണ്‍കുട്ടിയുടെ `ധീരകൃത്യ’ ത്തെ വിശേഷിപ്പിച്ചത്‌. ആധുനിക പെണ്‍കുട്ടികള്‍ക്കുണ്ടാവേണ്ട അച്ചടക്കബോധത്തെക്കുറിച്ച്‌ സംസാരിച്ചതിനാണ്‌ ഡോ.രജിത്‌കുമാറിന്‌ പ്രസ്‌തുത വിദ്യാര്‍ഥിനിയുടെ കൂവലും ആനുകാലികങ്ങളുടെ പഴിയും കേള്‍ക്കേണ്ടി വന്നത്‌ എന്നു പറയുമ്പോള്‍ നമ്മുടെ സദാചാരബോധം വലിയ ആശങ്കകളിലൂടെയാണ്‌ കടന്നുപോവുന്നത്‌ എന്ന്‌ വ്യക്തമാവും. ന്യൂജനറേഷന്‌ രാവും പകലും ഒരുപോലെ നാടുചുറ്റാമെന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌ ചെറിയ ആളുകളൊന്നുമല്ല എന്നതാണ്‌ സത്യം. കേരളത്തിലെ സാമൂഹ്യനീതിക്ക്‌ വേണ്ടിയുള്ള ശക്തമായ ശബ്‌ദം എന്ന്‌ വിശേഷിപ്പിക്കപ്പെടാറുള്ള സാറാ ജോസഫ്‌ എഴുതുന്നത്‌ നോക്കൂ. “ഡല്‍ഹി സംഭവത്തെ അപലപിക്കുമ്പോഴും പെണ്‍കുട്ടി രാത്രി സഞ്ചരിച്ചതുകൊണ്ടാണ്‌, ആണ്‍സുഹൃത്തിന്റെ കൂടെ പോയതുകൊണ്ടാണ്‌, മുതലായ വാദഗതികള്‍ നിരത്തി പെണ്‍കുട്ടി സ്വയം വരുത്തിവെച്ച വിനയാണ്‌ അതെന്ന്‌ സ്ഥാപിക്കാനുള്ള വ്യഗ്രതയും സമൂഹത്തില്‍ ശക്തമാണ്‌. `ന്യൂജനറേഷന്‍’ ജോലിയും ജീവിതവും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ രാവും പകലും പണിയെടുക്കുകയും സഞ്ചരിക്കുകയും ചെയ്യേണ്ട തരത്തിലാണുള്ളത്‌. പ്രത്യേകിച്ചും മെട്രോ നഗരങ്ങളില്‍. അവിടെയൊക്കെ സുരക്ഷിതമായ സഞ്ചാരസൗകര്യം ഉണ്ടാവണം എന്ന്‌ കര്‍ശനമായ തീരുമാനമെടുക്കേണ്ടതിനു പകരം പെണ്‍കുട്ടി ഒറ്റക്ക്‌ സഞ്ചരിക്കരുത്‌ എന്നുള്ള ദുര്‍ന്യായങ്ങള്‍കൊണ്ട്‌ അക്രമങ്ങള്‍ ന്യായീകരിക്കുന്ന നിലപാടിലെത്തുകയല്ല പൊതുസമൂഹം ചെയ്യേണ്ടത്‌.’ (മലയാളം 2013 ഫെബ്രു.22) പെണ്‍കുട്ടിയുടെ യാത്രാസുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത്‌ സമൂഹത്തിന്റെ കടമ തന്നെയെന്നതില്‍ സംശയമില്ല. പക്ഷെ, ബോയ്‌ഫ്രണ്ടിന്റെ കൂടെ ഏതു നട്ടപ്പാതിരക്കും യാത്ര ചെയ്യാനും കൂട്ടുകൂടാനും പ്രോല്‍സാഹിപ്പിക്കപ്പെടുന്നത്‌ നല്ല രീതിയാണോ? വേലി തന്നെ വിള തിന്നാന്‍ തുടങ്ങുമ്പോള്‍ ഇവിടെ അപഹാസ്യമാവുന്നത്‌ നാം കാത്തുസൂക്ഷിച്ചുപോരുന്ന മഹത്തായ പൈതൃകം കൂടിയാണ്‌.
ഇസ്‌ലാമിന്‌ പറയാനുണ്ട്‌
മുസ്‌ലിം ബുദ്ധിജീവികളെന്ന പേരില്‍ ഇടക്കിടെ വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട്‌ പര്‍ദയെയും ഇസ്‌ലാം വിഭാവനം ചെയ്യുന്ന അച്ചടക്കബോധത്തെയും ചോദ്യം ചെയ്യാന്‍ പലരും ഇന്ന്‌ വ്യഗ്രത കാട്ടിക്കൊണ്ടിരിക്കുന്നു. മാസങ്ങള്‍ക്ക്‌ മുമ്പ്‌ കശ്‌മീരിലെ ബഷീറുദ്ദീന്‍ അഹമ്മദ്‌ എന്ന ഒരു മതപണ്‌ഡിതന്‍ അവിടുത്തെ പെണ്‍കുട്ടികളുടെ ഒരു ഗാനമേള ട്രൂപ്പിനെതിരെ ഫത്‌വ പുറപ്പെടുവിച്ചതിന്റെ പേരില്‍ വിശുദ്ധ ഇസ്‌ലാമിനെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ `മാതൃഭൂമി’ ദിനപത്രത്തിന്റെ മുഖലേഖനത്തിലൂടെ ഡോ.എം.എന്‍. കാരശ്ശേരി ശ്രമിച്ചത്‌ നാം കണ്ടു. എന്നാല്‍ വഴിവിട്ട സംഗീത കോലാഹലങ്ങള്‍, ആണില്‍ നിന്നാവട്ടെ, പെണ്ണില്‍ നിന്നാവട്ടെ- നടമാടുമ്പോള്‍ അവിടെ ഇസ്‌ലാം എന്ത്‌ നിലപാട്‌ സ്വീകരിക്കുന്നതെന്നത്‌ പഠനവിധേയമാക്കേണ്ടതാണ്‌.
അനസ്‌ (റ)വില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു ഹദീഥില്‍ നബി (സ്വ) പഠപ്പിക്കുന്നത്‌ കാണുക. `ഈ സമൂഹത്തില്‍ ഭൂകമ്പവും ചരല്‍വര്‍ഷവും കോലം മാറ്റലും ശിക്ഷയെന്നോണം വന്നുഭവിക്കും. അവര്‍ കള്ള്‌ കുടിക്കുകയും നര്‍ത്തകിമാരെ സ്വീകരിക്കുകയും സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുകയും ചെയ്‌താല്‍.’ സുരക്ഷിതത്വമുണ്ടാവേണ്ട സ്‌ത്രീത്വത്തിന്‌ മുമ്പില്‍ ലൈംഗിക വൈകൃതങ്ങളിലേക്ക്‌ എടുത്തെറിയപ്പെടുന്ന സംഗീത ആഭാസങ്ങളില്‍ നിന്ന്‌ ഇവിടെ ഇസ്‌ലാം തീര്‍ക്കുന്നത്‌ ശക്തമായ ഒരു രക്ഷാകവചമാണ്‌. അല്ലാതെ ഒരു താലിബാനിസവുമല്ല.
പുരുഷനായി ജനിക്കാത്തതില്‍ ആധി പൂണ്ടും പുരുഷ ന്‍മാരെപോലെ ജീവിക്കാനാണ്‌ ഇഷ്‌ടപ്പെടുന്നതെന്നും പൈങ്കിളി പ്രസിദ്ധീകരണങ്ങള്‍ക്ക്‌ മനുഷ്യത്വവും സ്‌ത്രീത്വവും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളിത്തിരനായികമാര്‍ അഭിമുഖം നല്‍കിക്കൊണ്ടിരിക്കുകയാണ്‌. ഇവിടെ ഒരു പുരുഷനെ പുരുഷനായും സ്‌ത്രീയെ സ്‌ത്രീയായും നിലനിര്‍ത്തുന്നുവെന്നതാണ്‌ പരിശുദ്ധ ഇസ്‌ലാമിന്റെ പ്രത്യേകത. മാന്യമായ കുടുംബജീവിതം നയിക്കുന്നവരെന്ന്‌ സമൂഹം കണ്ടുപോന്നവരുടെ വഴിവിട്ട ബന്ധങ്ങള്‍ ഓരോ സുപ്രഭാതത്തിലും പുറത്തെറിയപ്പടുന്ന ആധുനിക കാലത്ത്‌ ഇസ്‌ലാം വിഭാവനം ചെയ്യുന്ന സ്‌ത്രീ പുരുഷബന്ധം കളങ്കരഹിതമായ വൈവാഹിക ബന്ധത്തിലൂടെ എന്നും പവിത്രമാണ്‌. സത്യവിശ്വാസം നെഞ്ചേറ്റിയ ഒരു മുസ്‌ലിം അവന്റെ രഹസ്യവും പരസ്യവുമായ ജീവിതത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നു.
സല്‍പന്ഥാവില്‍ നിന്ന്‌ മനുഷ്യനെ വഴിതെറ്റിക്കാനാണ്‌ മനുഷ്യശത്രുവായ പിശാച്‌ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. പിശാച്‌ പടച്ചുവെക്കുന്ന റൂട്ടുകളിലൊന്നാണ്‌ പരസ്‌ത്രീയുമായി ഒഴിഞ്ഞിരിക്കല്‍. അല്ലാഹുവിന്റെ റസൂല്‍ (സ്വ) ആകട്ടെ ആ റൂട്ടിന്റെ കവാടം കൊട്ടിയടച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു. `ഒരു പുരുഷനും അന്യസ്‌ത്രീയുമായി ഒറ്റപ്പെടുകയില്ല, മൂന്നാമനായി പിശാച്‌ ഉണ്ടായിട്ടല്ലാതെ.’ (തിര്‍മുദി : 3:474) ഇബ്‌നു ഉമര്‍ (റ) നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന മറ്റൊരു ഹദീഥില്‍ നബി (സ്വ) പറയുന്നു. `എന്റെ ഈ ദിവസത്തിന്‌ ശേഷം ഒന്നോ രണ്ടോ ആള്‍ കൂട്ടിനില്ലാതെ ഒരാളും ഒരന്യസ്‌ത്രീയുടെ അടുക്കല്‍ പ്രവേശിക്കരുത്‌.’ (മുസ്‌ലിം 4:1711)
വ്യഭിചാരത്തെയും അതിലേക്ക്‌ ചെന്നെത്തുന്ന എല്ലാ വഴികളെയും കൊട്ടിയടക്കുന്ന ഇസ്‌ലാം, ഒരു പുരുഷന്‍ അന്യസ്‌ത്രീയെ സ്‌പര്‍ശിക്കുന്നതും ഹസ്‌തദാനം ചെയ്യുന്നതുമെല്ലാം വളരെ ഗൗരവത്തോടെ കാണുന്നു. ഇവിടെയും അരക്ഷിതാവസ്ഥയിലേക്ക്‌ എടുത്തെറിയലല്ല, മറിച്ച്‌ സ്‌ത്രീ സുരക്ഷയാണ്‌ പരിശുദ്ധമതം ഉറപ്പുവരുത്തുന്നത്‌. നബി (സ്വ) പഠിപ്പിക്കുന്നത്‌ കാണുക. `തനിക്ക്‌ അനുവദനീയമല്ലാത്ത ഒരു സ്‌ത്രീയെ സ്‌പര്‍ശിക്കുന്നതിനേക്കാള്‍ ഇരുമ്പിന്റെ സൂചികൊണ്ട്‌ തലയില്‍ കുത്തലാകുന്നു അയാള്‍ക്ക്‌ ഉത്തമമായത്‌. (ത്വബ്‌റാനി) കയ്യാലുള്ള വ്യഭിചാരം എന്നാണ്‌ നബി (സ്വ) അതിനെ വിശേഷിപ്പിച്ചത്‌. `ഇരുകണ്ണുകളും വ്യഭിചരിക്കും. ഇരുകരങ്ങളും വ്യഭിചരിക്കും. ഇരുകാലുകളും വ്യഭിചരിക്കും. ഗുഹ്യസ്ഥാനവും വ്യഭിചരിക്കും. (അഹ്‌മദ്‌) ആയിശ (റ) പറയുന്നു. “അല്ലാഹുവാണ, അല്ലാഹുവിന്റെ റസൂല്‍ (സ്വ)യുടെ കരം ഒരു (അന്യ) സ്‌ത്രീയുടെ കരവുമായും സ്‌പര്‍ശിച്ചിട്ടേയില്ല. തീര്‍ച്ച. പക്ഷെ, അദ്ദേഹം അവരുമായി സംസാരത്തിലൂടെയായിരുന്നു ബൈഅത്ത്‌ ചെയ്‌തിരുന്നത്‌. (മുസ്‌ലിം) സ്‌ത്രീ പുരുഷസ്‌പര്‍ശനത്തിന്റെ വിഷയത്തില്‍ ഇസ്‌ലാമിന്റെ വ്യക്തമായ കാഴ്‌ചപ്പാടാണ്‌ പ്രമാണങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്‌.
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും സ്‌ത്രീ ജീവിതത്തിലെ വില്ലനായി മാറുന്നുവെന്നാണ്‌ പുതിയ നിരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നത്‌. വനിതാദിനത്തോടനുബന്ധിച്ച്‌ കേരളത്തിലെ ഒരു പത്രം പ്രസിദ്ധീകരിച്ച `പറയാനുണ്ട്‌, ഒരുപാട്‌’ എന്ന പംക്തിയില്‍ ഡോ. മിനി പ്രസാദ്‌ എഴുതുന്നത്‌ നോക്കൂ.’ മൊബൈല്‍ ഫോണാണ്‌ സ്‌ത്രീകളുടെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്‌ത്രീകള്‍ ഉള്ളുതുറന്നു പറഞ്ഞ ജീവിതകഥകളില്‍ നിന്ന്‌ വ്യക്തമാകുന്ന സത്യമാണിത്‌. ഏറ്റവും കൂടുതല്‍ സ്‌ത്രീകള്‍ പറഞ്ഞതു ജീവിതം കീഴ്‌മേല്‍ മറിച്ച മൊബൈല്‍ ഫോണ്‍ വിളികളെക്കുറിച്ചാണ്‌. മൊബൈല്‍ ഫോണ്‍ ക്യാമറകളില്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ചെറുപ്പക്കാരുടെ സംഘത്തിനെതിരെയുള്ള കേസ്‌ രാഷ്‌ട്രീയക്കാര്‍ ഇടപെട്ട്‌ ഒതുക്കിയതും വിവാഹേതര ബന്ധങ്ങളുമെല്ലാം കണ്ണീര്‍ വാക്കുകളില്‍ നിറഞ്ഞു. (മലയാള മനോരമ 2013 മാര്‍ച്ച്‌ 3 പേ. 10)
പ്രതിസന്ധികളില്‍ പരിഹാരം തേടി അലയുന്ന മനുഷ്യത്വത്തിന്‌ മുമ്പില്‍ നമുക്ക്‌ വ്യക്തമായി പറയാനുള്ളത്‌, പരിശുദ്ധ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സുരക്ഷാ സന്ദേശങ്ങള്‍ക്ക്‌ ഒരു നിമിഷമെങ്കിലും ചെവികൊടുക്കണമെന്നാണ്‌. മതം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സമര്‍പ്പിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്ക്‌ സമൂഹം മടങ്ങേണ്ടിയിരിക്കുന്നു. വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും ചൂണ്ടിക്കാട്ടുന്ന അതിര്‍വരമ്പുകളെ കാത്തുസൂക്ഷിച്ച്‌ മുമ്പോട്ട്‌ ചലിക്കലാണ്‌ പരിഹാരമാര്‍ഗം. അതിര്‍വരമ്പുകളെയും അച്ചടക്കത്തെക്കുറിച്ചുള്ള ബോധനങ്ങളെയും കാടത്തമെന്ന്‌ വിളിക്കുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്താനേ ഉപകരിക്കുകയുള്ളൂ.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍