vichinthanam
Sunday,21 April 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
വനിതകളും നിയമവും

എ.മുഹമ്മദ്‌ മാറഞ്ചേരി

മതങ്ങളെ അന്ധമായി എതിര്‍ക്കുന്നവരില്‍ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തുകാര്‍ മുന്‍പന്തിയിലാണ്‌. അതിന്നവര്‍ക്ക്‌ കാരണങ്ങളും ലഭ്യമാകും. മതങ്ങളെ വിമര്‍ശിക്കുമ്പോള്‍ വേദങ്ങള്‍ ഇവര്‍ ശ്രദ്ധിക്കാറില്ല. വിശ്വാസികളിലെ വൈകൃതങ്ങളും വഴിതെറ്റിയ ചിന്തകളുമാണ്‌ ഇവര്‍ തെളിവുകളായി ഉദ്ധരിക്കുക. ഇസ്‌ലാമിനെ വിമര്‍ശിക്കുമ്പോള്‍ ഇസ്‌ലാം വിരോധിച്ച കാര്യങ്ങള്‍ മുസ്‌ലിം സമുദായത്തില്‍ വല്ലവരും ചെയ്യുന്നത്‌, അതെടുത്ത്‌ യഥാര്‍ഥ ഇസ്‌ലാമിനെ വിമര്‍ശിക്കുക എന്ന കുതന്ത്രമാണ്‌ ഇവര്‍ പലപ്പോഴും സ്വീകരിക്കാറ്‌. മതങ്ങളെ അടച്ചാക്ഷേപിക്കുവാന്‍ ഇതാണ്‌ ഫലപ്രദമായ മാര്‍ഗം എന്ന്‌ ഇവര്‍ കരുതുന്നു. പരിഷത്തുകാര്‍ പറയുന്നു:
ഏതു മതത്തിന്റെ ചരിത്രം പരിശോധിച്ചാലും വ്യക്തമാകുന്ന ചില സാമാന്യ വസ്‌തുതകളുണ്ട്‌. എല്ലാ മതങ്ങളും സ്‌ത്രീകള്‍ക്ക്‌ രണ്ടാംകിട പൗരത്വമേ നല്‍കിയിരുന്നുള്ളൂ. ഒരു മതവും സ്‌ത്രീകള്‍ക്ക്‌ പുരുഷനോടൊപ്പം തുല്യ പദവി അനുവദിച്ചുകൊടുത്തിട്ടില്ല.” (വനിതകളും നിയമവും. പേ. 28. ആര്‍.രാധാകൃഷ്‌ണന്‍. കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌) ഇസ്‌ലാം മതമോ ക്വുര്‍ആനോ സ്‌ത്രീകളെ ഒരു രണ്ടാംകിടക്കാരികളായി കാണുന്നില്ല. ക്വുര്‍ആന്‍ സ്‌ത്രീയെ ഭരിക്കപ്പെടേണ്ടവര്‍ മാത്രമായിട്ടല്ല കാണുന്നത്‌. `ഇണ’ യെന്ന അര്‍ഥത്തിലുള്ള `സൗജത്ത്‌’ എന്ന വാക്കാണ്‌ ക്വുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്‌. പുരുഷനും സ്‌ത്രീയും അഥവാ ഭാര്യയും ഭര്‍ത്താവും ഇസ്‌ലാമില്‍ ഇണകളാണ്‌. തുണകളുമാണ്‌.
ക്വുര്‍ആന്‍ തുല്യപദവികളിലാണ്‌ ഭാര്യയേയും കാണുന്നത്‌. “അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കും വസ്‌ത്രങ്ങളാകുന്നുവെന്ന്‌ ക്വുര്‍ആന്‍ (2:187) പറഞ്ഞത്‌ വളരെ ശ്രദ്ധേയമാണ്‌. വസ്‌ത്രങ്ങളോട്‌ ക്വുര്‍ആന്‍ ഉപമിച്ചത്‌ തുല്യതയുടെ അടയാളമായിട്ടാണ്‌.
അതുപോലെ ഭാര്യക്ക്‌ ബാധ്യതകളുള്ളതുപോലെ തന്നെ അവകാശങ്ങളുമുണ്ടെന്ന്‌ `സ്‌ത്രീ’ യെന്ന അധ്യായത്തിലൂടെ ക്വുര്‍ആന്‍ പഠിപ്പിക്കുന്നു.
പുരുഷന്‍മാര്‍ക്ക്‌ സ്‌ത്രീകളുടെ കാര്യത്തില്‍ വ്യക്തമായ പെരുമാറ്റച്ചട്ടങ്ങളും ഇസ്‌ലാം ആവിഷ്‌കരിച്ചിട്ടുണ്ട്‌. “നിങ്ങള്‍ അവരുമായി നല്ല നിലയില്‍ വര്‍ത്തിക്കുവിന്‍” (4:19) അതുപോലെ നബി (സ്വ) പഠിപ്പിച്ചു. നല്ല സ്വഭാവക്കാരന്‍ തന്റെ ഭാര്യയോട്‌ നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്‌,’ `മാന്യന്‍മാരാണ്‌ സ്‌ത്രീകളെ ആദരിക്കുക. നീചന്‍മാരാണ്‌ അവരെ അനാദരിക്കുക എന്ന്‌ നബി (സ്വ) പറഞ്ഞിട്ടുണ്ട്‌.
ഇങ്ങനെ ക്വുര്‍ആനിലും ഹദീഥുകളിലും ഒട്ടനവധി വിധികള്‍ ഭാര്യയെ സംരക്ഷിക്കുവാനും അവരെ ആദരിക്കുവാനും അവരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുവാനും സര്‍വ്വോപരി അവരെ സ്‌നേഹിച്ചു ഇണകളായിക്കാണാനും പറഞ്ഞതായി വായിക്കുവാന്‍ കഴിയും. ഇതൊന്നും വായിക്കാതെയും പഠിക്കാതെയും ഇസ്‌ലാമിനെ വിമര്‍ശിക്കുന്നത്‌ വിവരക്കേടാണ്‌.
`ക്വുര്‍ആന്‍ സ്‌ത്രീയെ ഒരു കൃഷി നിലമായിട്ടാണ്‌ വ്യാഖ്യാനിക്കുന്നത്‌ എന്നാണ്‌ പരിഷത്തുകാരന്റെ മറ്റൊരു ആരോപണം. കൃഷിക്കാരന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുക അയാളുടെ കൃഷിയും കൃഷിയിടങ്ങളുമാണ്‌. കൃഷി നശിക്കുന്നതോ, അത്‌ കേടുവരുന്നതോ, ഒരു കൃഷിക്കാരനും സഹിക്കുകയില്ല. ഒരു കര്‍ഷകന്റെ വേദന വിവരിക്കുവാന്‍ വാക്കുകളുമില്ല. അതുപോലെതന്നെയാണ്‌ ഭര്‍ത്താവ്‌. തന്റെ ഇണക്ക്‌ ചെറിയൊരു പ്രശ്‌നം വന്നാല്‍ അയാള്‍ക്ക്‌ അത്‌ സഹിക്കുവാന്‍ കഴിയുകയില്ല. ഒരു കര്‍ഷകന്റെ സന്തോഷവും വേദനയും പോലെ തന്നെയാണ്‌ ഇണകളുടെ സന്തോഷവും വേദനയുമെന്ന്‌ മനശ്ശാസ്‌ത്ര വിശാരദന്‍മാര്‍ പഠിപ്പിക്കുന്നുണ്ട്‌.
പരിഷത്തുകാരുടെ മറ്റൊരു ആരോപണം ഇങ്ങനെ വായിക്കാം. “ഒരു മുസ്‌ലിമിന്ന്‌ തന്റെ ഭാര്യയെ ഇഷ്‌ടാനുസരണം യാതൊരു കാരണവും പറയാതെ മൊഴിചൊല്ലാം. (ibid) പേജ്‌ 42) ഏറ്റവും വലിയ വിവരക്കേടാണ്‌ ഗ്രന്ഥകാരന്‍ എഴുതിട്ടുള്ളത്‌. ഭാര്യയെ ത്വലാക്വ്‌ ചൊല്ലാന്‍ ഒരുപാട്‌ കടമ്പകളുണ്ട്‌. അതിന്നു ധാരാളം നിയന്ത്രണങ്ങളുമുണ്ട്‌. ഭാര്യയും ഭര്‍ത്താവും പിരിയേണ്ടിവരികയാണെങ്കില്‍ അവരെ യോജിപ്പിക്കുവാന്‍ പരമാവധി ശ്രമിക്കണമെന്ന്‌ ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. തോന്നുമ്പോള്‍ മൊഴി ചൊല്ലുവാനും തോന്നുമ്പോള്‍ ഇഷ്‌ടംപോലെ കെട്ടാനും ഇസ്‌ലാം അനുവദിക്കുന്നില്ല. മുസ്‌ലിം സമൂഹത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുന്നുണ്ട്‌. അതിന്‌ ഇസ്‌ലാം ഉത്തരവാദിയല്ല. ഇത്‌ മറ്റു മതവിഭാഗങ്ങളിലും ധാരാളമുണ്ട്‌. പത്രങ്ങളില്‍ വാര്‍ത്തകളായി വരുന്നുമുണ്ട്‌. പക്ഷെ അതൊന്നും അവരുടെ മതവുമായി ബന്ധപ്പെടുത്തി പരിഷത്തുകാര്‍ വിമര്‍ശിക്കുന്നില്ല. ഒരുതരം വര്‍ഗീയ സമീപനമാണ്‌ ഇവര്‍ക്കുള്ളത്‌.
`മുത്‌അ’ വിവാഹവും ഇസ്‌ലാമികമെന്നു പറഞ്ഞ്‌ വിമര്‍ശനം എഴുതിയിട്ടുണ്ട്‌. ജാഹിലിയ്യ (ഇസ്‌ലാമിന്നു മുമ്പുള്ള) കാലഘട്ടത്തിലുണ്ടായിരുന്ന സമ്പ്രദായമായിരുന്നു മുത്‌അ വിവാഹം. കുറഞ്ഞ കാലത്തേക്ക്‌ വിവാഹം ചെയ്യുക. പിന്നീട്‌ ഒഴിവാക്കുക. ഇത്‌ ഇസ്‌ലാം കണിശമായി നിരോധിച്ചതാണ്‌. എന്നാല്‍ ചിലര്‍ ഇങ്ങനെ വിവാഹം ചെയ്യുന്നുണ്ട്‌. പക്ഷെ ഇസ്‌ലാം ഇത്‌ അംഗീകരിക്കുന്നില്ല. ഇസ്‌ലാം വിവാഹം കൊണ്ടുദ്ദേശിക്കുന്നത്‌ വെറും ലൈംഗികാസ്വാദനം മാത്രമല്ല. കുടുംബ സംവിധാനവും കൂടിയാണ്‌. സ്‌നേഹവും സമാധാനവും ആസ്വാദനവും കുടുംബത്തിലുണ്ടായിരിക്കണം. അങ്ങനെ സാമൂഹ്യാന്തരീക്ഷം വേണമെന്ന്‌ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. അതുകൊണ്ടുതന്നെ അതിന്‌ വിഘ്‌നം വരുന്ന എല്ലാ വഴികളും ഇസ്‌ലാം അടച്ചിരിക്കുന്നു. എന്നിട്ടും ഇസ്‌ലാമിനെ വിമര്‍ശിക്കുന്നത്‌ അന്ധതയാണ്‌. അക്രമവുമാണ്‌.
ഇനി നമുക്ക്‌ നാട്ടില്‍ നടക്കുന്ന വിവാഹമോചന വാര്‍ത്തകള്‍ പരിശോധിക്കാം. മുസ്‌ലിംകളില്‍ മാത്രമല്ല, ഇതര വിഭാഗങ്ങളിലും വിവാഹമോചനങ്ങള്‍ നടക്കുന്നുണ്ട്‌. സിനിമാനടീ നടന്‍മാരിലാണ്‌ വിവാഹമോചനം കൂടുതലും നടക്കുന്നത്‌. ഇന്നുവരെ സാഹിത്യ പരിഷത്തുകാര്‍ അവര്‍ക്കെതിരെ മിണ്ടിയിട്ടില്ല. ഭൂമിയിലെ നക്ഷത്രങ്ങളായി ആരാധിച്ചു നടക്കുന്ന തിരക്കിലാണല്ലോ അവര്‍.
ഇന്ന്‌ നടമാടുന്ന വിവാഹമോചനങ്ങളും മറ്റും ഇല്ലായ്‌മ ചെയ്യാന്‍. “ഏകീകൃത സിവില്‍ നിയമസംഹിതയുടെ രൂപീകരണം വഴിയല്ലാതെ സാധ്യമാവില്ല” (അ.പു.) എന്നാണ്‌ പരിഷത്തുകാര്‍ പറയുന്നത്‌. വനിതകളുടെ ക്ഷേമത്തിന്‌ ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കിയെങ്കിലേ കഴിയൂ എന്നാണ്‌ പരിഷത്തുകാര്‍ വാദിക്കുന്നത്‌.
ഏകസിവില്‍ കോഡ്‌ കൊണ്ടുവന്നാല്‍ വിവാഹമോചനം തടയുവാന്‍ കഴിയുമോ? സ്‌ത്രീകളുടെ സുരക്ഷാ നിയമമായി ഏകസിവില്‍കോഡ്‌ നിലനില്‍ക്കുമോ? ഇല്ല, ഇന്ത്യയിലെ ഇന്നത്തെ ദുരവസ്ഥ നമ്മെ അതാണ്‌ പഠിപ്പിക്കുന്നത്‌. ഉദാഹരണമായി സ്‌ത്രീധന നിരോധന നിയമം തന്നെ എടുക്കാം. സ്‌ത്രീധനം നിരോധിക്കുവാന്‍ 1961ലാണ്‌ ആദ്യമായി നിയമം കൊണ്ടുവന്നത്‌. പിന്നീട്‌ 1986ല്‍ അതിന്‌ ഭേദഗതികള്‍ വരുത്തി. 1984ലും ഭേദഗതി വരുത്തിയിട്ടുണ്ട്‌. 1986ലെ നിയമപ്രകാരം സ്‌ത്രീധനം വാങ്ങുകയോ നല്‍കുകയോ ചെയ്‌താല്‍ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ നല്‍കുവാന്‍ നിയമമുണ്ട്‌. 1500 രൂപയോ സ്‌ത്രീധനത്തുകയോ ഇതിലേതാണോ കൂടുതല്‍ അതില്‍ കുറയാത്ത പിഴചുമത്തുവാനും നിയമത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഈ നിയമം നിലവിലുണ്ടായിട്ടും സ്‌ത്രീധനം പരസ്യമായി എല്ലാ സമൂഹങ്ങളിലുമുണ്ട്‌. സ്വര്‍ണവും കാറും ബംഗ്ലാവും, ഭൂമിയുമെല്ലാം സ്‌ത്രീധനമായി നല്‍കുന്നു. ചെറിയ തുകകള്‍ പാവപ്പെട്ടവരും നല്‍കുന്നു. നിയമം ഉണ്ടായിട്ടും സ്‌ത്രീധനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഏകസിവില്‍കോഡ്‌ കൊണ്ടു സ്‌ത്രീകള്‍ക്ക്‌ സുരക്ഷ ലഭിക്കുമെന്ന്‌ വിശ്വസിക്കുവാന്‍ പ്രയാസമാണ്‌.
നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്കു വിധേയരാകുന്നത്‌ സ്‌ത്രീകളാണ്‌. അവരുടെ വസ്‌ത്രധാരണ രീതികളും, കലകളുടെ പേരില്‍ കാണിക്കുന്ന പേക്കൂത്തുകളുമെല്ലാം പീഡനങ്ങള്‍ക്ക്‌ കാരണമാണ്‌. അതുകൊണ്ടാണ്‌ 1986ല്‍ (The Representation of women (Prohibition) (സ്‌ത്രീകളെ അശ്ലീലമായ തരത്തില്‍ ചിത്രീകരിക്കുന്നതു (തടയല്‍) എന്നൊരു നിയമം കൊണ്ടു വന്നത്‌. ഈ നിയമമനുസരിച്ച്‌ സ്‌ത്രീകളെ അപമര്യാദയായി ചിത്രീകരിക്കുന്ന ഒരു പരസ്യവും പാടില്ല. പ്രസിദ്ധീകരിക്കുവാന്‍ കാരണക്കാരനാകുകയോ പങ്കാളികളാകുകയോ ചെയ്യാന്‍ പാടില്ല. അതുപോലെ സ്‌ത്രീകളെ അപഹാസ്യമായി ചിത്രീകരിക്കുന്ന പുസ്‌തകം, ലഘുലേഖ, പത്രം സ്ലൈഡ്‌, ഫിലിം, ചിത്രരചനകള്‍, പെയ്‌ന്റിങ്‌, പടങ്ങള്‍ എന്നിവ നിര്‍മിക്കാനോ വില്‍ക്കുവാനോ വാടകക്ക്‌ കൊടുക്കാനോ വിതരണം ചെയ്യാനോ, തപാലില്‍ അയക്കുവാനോ പാടില്ല. ഇങ്ങനെ ചെയ്‌താല്‍ അഞ്ചുവര്‍ഷങ്ങള്‍ വരെ തടവു ശിക്ഷ നല്‍കാന്‍ വകുപ്പുണ്ട്‌. പിഴയും അടക്കേണ്ടിവരും.
ഈ നിയമം ഇവിടെ നിലനില്‍ക്കുന്നു. എന്നിട്ടും അശ്ലീല ചിത്രങ്ങള്‍ക്കിവിടെ യാതൊരു പഞ്ഞവുമില്ല. സിനിമാനടികളുടെ അശ്ലീല പോസ്റ്ററുകള്‍ സിനിമാ പുസ്‌തകങ്ങളില്‍ അച്ചടിച്ചുവരുന്നു. കേരളത്തില്‍ ഒരു നടിയുടെ പ്രസവംവരെ ഫിലിമില്‍ പകര്‍ത്തുവാന്‍ നിയമതടസ്സമുണ്ടായില്ല. അതുപോലെ തന്നെ ടി.വി.ചാനലുകളില്‍ അശ്ലീലങ്ങളുടെ വേലിയേറ്റമാണ്‌. ഭാര്യാഭര്‍ത്താക്കന്‍മാര്‍ കിടപ്പറയില്‍ നടത്തുന്ന ലൈംഗിക കേളി വരെ ദൃശ്യമാധ്യമങ്ങളില്‍ കണ്ടുവരുന്നു! സ്‌ത്രീകളെ അശ്ലീലമായ തരത്തില്‍ ചിത്രീകരിക്കുന്നതു തടയാനുള്ള നിയമം നിലവിലുണ്ടായിട്ടും അത്‌ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്കു കഴിയുന്നില്ല.
സ്‌ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അഴിഞ്ഞാട്ടം നടത്തുന്ന ഒരു വിഭാഗം സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. കലയുടെയും സാഹിത്യത്തിന്റേയും പേരില്‍ അവര്‍ക്കു നേരെ നിയമങ്ങള്‍ കണ്ണടക്കുന്നു!
പരിഷത്തുകാര്‍ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്‌. `മതവിശ്വാസത്തിനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ വ്യക്തി നിയമങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന മതമൗലികവാദികള്‍ എന്തുകൊണ്ട്‌ മതവിശ്വാസത്തിന്റെ പേരിലുള്ള ക്രിമിനല്‍ നിയമവും വേണമെന്നു വാദിക്കാത്തത്‌? അങ്ങിനെ വാദിച്ചാല്‍ ശിക്ഷയിലൂടെ കൈപോകുന്നതും കാല്‍പോകുന്നതും കണ്ണു നഷ്‌ടപ്പെടുന്നതും ചൂരലടി വാങ്ങുന്നതും കല്ലേറേറ്റു മരിക്കന്നതും ഒക്കെ കൂടുതലും ഈ മതമൗലികവാദികളായ പുരുഷന്‍മാരായിരിക്കും” (അ.പു.പേ. 99) ഇത്‌ ക്രിയാത്മക വിമര്‍ശനമല്ല. ഒരു സമുദായത്തെ വസ്‌തുനിഷ്‌ഠമില്ലാതെയും അസഹിഷ്‌ണുതയോടുകൂടിയും കാണലാണിത്‌.
ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍ നടപ്പാക്കേണ്ടത്‌ ഇസ്‌ലാമികസര്‍ക്കാരാണ്‌. ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം നടപ്പാക്കണം എന്ന വാദിക്കാത്ത മുസ്‌ലിംകളോട്‌ നിങ്ങളെന്തുകൊണ്ട്‌ ക്രിമിനല്‍ നിയമങ്ങള്‍ക്ക്‌ ഇസ്‌ലാമികശിക്ഷ നടപ്പാക്കാന്‍ ആവശ്യപ്പെടുന്നില്ല എന്ന്‌ ചോദിക്കുന്നതില്‍ അര്‍ഥമില്ല. വിഷയം പഠിക്കാതെയാണ്‌ പരിഷത്തുകാരുടെ വിമര്‍ശനം എന്നാണ്‌ ഇതില്‍ നിന്നു മനസ്സിലാവുന്നത്‌.

  • cover
  • cover
വാര്‍ത്തകള്‍