vichinthanam
Saturday,19 January 2019
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
തൗഹീദിന്റെ അകക്കാമ്പും ശിര്‍ക്കിന്റെ നിരര്‍ഥകതയും

മനുഷ്യന്‍ തന്റെ നിസ്സഹായതയും ബലഹീനതയും ഇറക്കിവെക്കുന്നത്‌ പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സോടെയാണ്‌. തന്റെ രോദനങ്ങള്‍ക്കും തേട്ടങ്ങള്‍ക്കും ഉത്തരം ലഭിക്കും എന്ന പ്രതീക്ഷയാണ്‌ തികഞ്ഞ മനസ്സാന്നിധ്യത്തോടെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ അവന്‌ പ്രചോദനമാവുന്നത്‌. അത്തരം പ്രാര്‍ഥനയാണ്‌ ആരാധന. അദൃശ്യമാര്‍ഗേണ നന്‍മ ലഭിക്കുമെന്നും തിന്‍മ തടയപ്പെടുമെന്നും ഉപാസകന്‍ വിശ്വസിക്കുന്നു. അതിനായി മനസ്സാന്നിധ്യം ഉണ്ടാവുക ആവശ്യം അനിവാര്യമാവുമ്പോഴാണ്‌. അല്ലാത്ത സമയങ്ങളിലെ പ്രാര്‍ഥനകള്‍, ആരാധനകള്‍ പലതും കേവലം ചൈതന്യം ചോര്‍ന്ന വഴിപാടുകള്‍ പോലെയാവുന്നത്‌ ഈ മനസ്സാന്നിധ്യം അഥവാ ആത്മാര്‍ഥത ഇല്ലാത്തതുകൊണ്ടാണ്‌.
സന്നിഗ്‌ധഘട്ടത്തില്‍ മനുഷ്യന്‍ പരമമായ വണക്കത്തോടെയും താഴ്‌മയോടെയും പ്രാര്‍ഥിക്കുമെന്നുള്ളതില്‍ സംശയമില്ല. അപകടങ്ങള്‍, സാമ്പത്തിക ഞെരുക്കം, തൊഴില്‍പ്രശ്‌നം, ഉടയവരുടെ വിയോഗം, മന:സംഘര്‍ഷങ്ങള്‍ തുടങ്ങിയ വേളകളില്‍ പ്രാര്‍ഥനകള്‍ക്ക്‌ ദൈര്‍ഘ്യമേറും, വിനയം കൂടും, എളിമ വര്‍ധിക്കും. ഇത്‌ എക്കാലത്തേയും മനുഷ്യന്റെ സ്വഭാവമാണ്‌. ക്വുര്‍ആന്റെ അവതീര്‍ണസമൂഹവും ഇത്തരം ബലഹീനതകള്‍ക്ക്‌ വശംവദരായിരുന്നു.
പ്രാര്‍ഥനയുടെയും ശിര്‍ക്കിന്റെയും വിഷയം ചര്‍ച്ച ചെയ്യുന്നിടങ്ങളില്‍ അധികസ്ഥലത്തും ക്വുര്‍ആന്‍ ഏതെങ്കിലും ഒരു ദൃഷ്‌ടാന്തത്തിലേക്ക്‌ ചിന്ത ക്ഷണിച്ചു കൊണ്ടാണ്‌ പ്രാര്‍ഥനയുടെ സാധുതയെ സംബന്ധിച്ചും ശിര്‍ക്കിന്റെ നിരര്‍ഥകതയെക്കുറിച്ചും പഠിപ്പിക്കുന്നത്‌. സന്നിഗ്‌ധഘട്ടങ്ങളിലെ മനുഷ്യന്റെ സമീപനത്തെക്കുറിച്ച്‌ ക്വുര്‍ആന്‍ വിശദീകരിക്കുന്നത്‌ ഇതിന്‌ ഉചിതമായ ഉദാഹരണമാണ്‌. കപ്പല്‍ യാത്രികര്‍ക്ക്‌ അപകടം സംഭവിക്കുമ്പോഴുള്ള അവസ്ഥ ക്വുര്‍ആന്‍ വിവരിക്കുന്നത്‌ നോക്കുക. “കടലിലൂടെ കപ്പല്‍ സഞ്ചരിക്കുന്നത്‌ അല്ലാഹുവിന്റെ അനുഗ്രഹം നിമിത്തമാണെന്ന്‌ നീ കണ്ടില്ലേ? അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ കാണിച്ചുതരാന്‍ വേണ്ടിയത്രെ അത്‌. ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും അതില്‍ തീര്‍ച്ചയായും ദൃഷ്‌ടാന്തങ്ങളുണ്ട്‌.
പര്‍വതങ്ങള്‍ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രമാക്കിക്കൊണ്ട്‌ അവനോട്‌ അവര്‍ പ്രാര്‍ഥിക്കുന്നതാണ്‌. എന്നാല്‍ അവരെ അവന്‍ കരയിലേക്ക്‌ രക്ഷപ്പെടുത്തുമ്പോഴോ അവരില്‍ ചിലര്‍ (മാത്രം) മര്യാദ പാലിക്കുന്നവരായിരിക്കും. പരമവഞ്ചകരും നന്ദികെട്ടവരും മാത്രമേ നമ്മുടെ ദൃഷ്‌ടാന്തങ്ങള്‍ നിഷേധിക്കുകയുള്ളൂ. (31: 31,32)
കല്ലിലും കരടിലും പ്രതിഷ്‌ഠകളിലും പ്രതിരൂപങ്ങളിലും പ്രതിമകളിലും ദൈവികത കാണുന്നവരാണ്‌ ബഹുദൈവാരാധകര്‍. പരമമായ വിനയത്തോടെ തങ്ങളുടെ അര്‍ഥനകള്‍ അവക്ക്‌ മുമ്പില്‍ സമര്‍പ്പിക്കുമ്പോഴും അവ നിര്‍ജീവങ്ങളും തങ്ങള്‍ക്ക്‌ നേരെ വരുന്ന അപകടംപോലും തടുക്കാന്‍ കഴിയാത്തവയാണെന്നുമുള്ള സാമാന്യ ബോധം പോലും അവയെ ഉപാസിക്കുന്നവര്‍ക്കില്ല. അവരോടാണ്‌ ക്വുര്‍ആന്‍ ചോദിക്കുന്നത.്‌ `അവര്‍ക്ക്‌ നടക്കാന്‍ കാലുകളുണ്ടോ? അവര്‍ക്ക്‌ പിടിക്കാന്‍ കൈകളുണ്ടോ? അവര്‍ക്ക്‌ കാണാന്‍ കണ്ണുകളുണ്ടോ? അവര്‍ക്ക്‌ കേള്‍ക്കാന്‍ കാതുകളുണ്ടോ?… (7:195) തീര്‍ച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെല്ലാം നിങ്ങളെപ്പോലുള്ള ദാസന്‍മാര്‍ മാത്രമാണ്‌. എന്നാല്‍ നിങ്ങള്‍ അവരെ വിളിച്ചു പ്രാര്‍ഥിക്കൂ. നിങ്ങള്‍ക്ക്‌ അവര്‍ ഉത്തരം നല്‍കട്ടെ. നിങ്ങള്‍ സത്യവാദികളാണെങ്കില്‍. (7:194)
ബഹുദൈവവിശ്വാസികളുടെ ആരാധനയുടെ നിരര്‍ഥകതയെക്കുറിച്ച്‌ ക്വുര്‍ആന്‍ പലയിടങ്ങളിലായി പരാമര്‍ശിച്ചിട്ടുണ്ട്‌. ആളുകള്‍ക്ക്‌ എളുപ്പം മനസ്സിലാവുന്ന കുറിക്ക്‌ കൊള്ളുന്ന ഉദാഹരണങ്ങളോടെയാണ്‌ ക്വുര്‍ആന്‍ അക്കാര്യം പഠിപ്പിക്കുന്നത്‌. ക്വുര്‍ആന്റെ ഒരു സവിശേഷതയാണിത്‌. ചിന്തിച്ചും ആലോചിപ്പിച്ചും അനുവാചകനെ എളുപ്പത്തില്‍ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുന്ന ശൈലി അനുവാചകരില്‍ താല്‍പര്യവും ഉത്സാഹവും ഉണര്‍ത്താന്‍ പര്യാപ്‌തമാണ്‌. വ്യാജദൈവങ്ങളുടെ നിസ്സഹായതയിലേക്ക്‌ ക്വുര്‍ആന്‍ വെളിച്ചം വീശുന്നത്‌ നോക്കുക: “മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത്‌ ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്‌ടിക്കുകയില്ല. അതിനായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും ഈച്ച അവരുടെ പക്കല്‍ നിന്ന്‌ വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന്‌ അത്‌ മോചിപ്പിച്ചെടുക്കാനും അവര്‍ക്ക്‌ കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ. (22;73)
“അവനോടുള്ളത്‌ മാത്രമാണ്‌ ന്യായമായ പ്രാര്‍ഥന. അവനു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക്‌ യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത്‌ (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്‌ടത്തില്‍ തന്നെയാകുന്നു. (13:14)
`ആകാശങ്ങളില്‍ നിന്നോ ഭൂമിയില്‍ നിന്നോ അവര്‍ക്ക്‌ വേണ്ടി യാതൊരു ഭക്ഷണവും അധീനപ്പെടുത്തിക്കൊടുക്കാത്തവരും (യാതൊന്നിനും) കഴിയാത്തവരുമായിട്ടുള്ളവരെയാണ്‌ അല്ലാഹുവിന്‌ പുറമെ അവര്‍ ആരാധിക്കുന്നത്‌ (16:73)
“അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ചു പോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളില്‍ നിന്ന്‌ ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ്‌ അവരുടെ അധീനത്തിലില്ല. അവര്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത്‌ ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപന മാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട്‌ ഏറ്റവും അടുത്തവര്‍ തന്നെ. (അപ്രകാരം തേടുന്നു) അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. (17:56,57)
സൃഷ്‌ടി സ്ഥിതി സംഹാരകനാണ്‌ ഉപാസിക്കപ്പെടാന്‍ യഥാര്‍ഥ അവകാശമുള്ളത്‌. അല്ലാഹുവല്ലാതെ വിളിക്കപ്പെടുന്നവര്‍ക്കാര്‍ക്കും ഇത്തരമൊരു കഴിവില്ല എന്നുള്ളത്‌ അവയെ ഉപാസിക്കുന്നവര്‍ക്ക്‌ തന്നെ അറിയാം. പക്ഷെ എന്തുകൊണ്ടാണ്‌ അവയെ തന്നെ മനുഷ്യന്‍ പ്രാര്‍ഥിക്കുന്നത്‌. മനുഷ്യന്റെ ഈ ചിന്താവൈകല്യത്തിലേക്ക്‌ ക്വുര്‍ആന്‍ ഇങ്ങനെ വെളിച്ചം വീശുന്നു.
“അല്ലാഹുവാണ്‌ നിങ്ങളെ സൃഷ്‌ടിച്ചത്‌. എന്നിട്ടവന്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതില്‍പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളകളാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു. (30:40)
അല്ലാഹുവിന്‌ പുറമെ വിളിച്ചു പ്രാര്‍ഥിക്കപ്പെടുന്നവയെല്ലാം കണ്ണുതുറക്കാത്ത, കരയാനും ചിരിക്കാനുമറിയാത്ത, തങ്ങളില്‍ ചാര്‍ത്തപ്പെടുന്ന നൈവേദ്യങ്ങളുടെ സാന്നിധ്യമറിയാത്ത, അഭിഷേകങ്ങളുടെ മണവും നിറവുമറിയാത്ത, വിളിക്കുന്നവന്റെ വിളി കേള്‍ക്കാന്‍ കഴിയാത്ത അചേതന വസ്‌തുക്കളോ വ്യക്തികളോ ഒക്കെയാവാം. അവയെ തങ്ങള്‍ ദൈവമായല്ല, ദൈവത്തിലേക്കടുപ്പിക്കുവാനുള്ള ശുപാര്‍ശകരായി മാത്രമാണ്‌ കാണുന്നതെന്ന്‌ ലാഘവത്തോടെ സംസാരിക്കുന്നവരാണ്‌ അവയുടെ ഉപാസകര്‍. മറ്റു ചിലര്‍ തങ്ങള്‍ കേവല മനസ്സാന്നിധ്യത്തിനുള്ള പ്രതീകമായേ ഇവയെ കാണുന്നുള്ളൂ എന്ന വാദക്കാരാണ്‌. തങ്ങള്‍ ചെയ്യുന്നത്‌ മഹാ അപരാധമാണെന്ന്‌ അവര്‍ അംഗീകരിക്കുകയില്ല. അവരുടെ വാദത്തെ ക്വുര്‍ആന്‍ ഖണ്‌ഡിക്കുന്നതിപ്രകാരമാണ്‌.
“അല്ലാഹുവിന്‌ പുറമെ അവര്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. അവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ്‌ എന്നു പറയുകയും ചെയ്യുന്നു. (നബിയേ) പറയുക. ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്‌ അറിയിച്ചുകൊടുക്കുകയാണോ? അവന്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു. (10:18)
അല്ലാഹു അല്ലാത്തവരെ വിളിച്ച്‌ പ്രാര്‍ഥിച്ചാലും അവനിലേക്ക്‌ ശുപാര്‍ശക്കാരായി മധ്യവര്‍ത്തികളെ സ്വീകരിച്ചാലും അവയൊക്കെ കൊടിയപാതകമാണ്‌. അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപം. മനുഷ്യന്‍ ചെയ്യുന്ന നല്ല കര്‍മങ്ങളെയെല്ലാം നിഷ്‌ഫലമാക്കുന്ന മഹാപാപം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നഷ്‌ടം. (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും നഷ്‌ടക്കാരുടെ കൂട്ടത്തില്‍ ആയിത്തീരും. (39:65)
തങ്ങള്‍ ചെയ്യുന്ന കൊടിയപാപം അവര്‍ക്ക്‌ പുണ്യകര്‍മമായാണ്‌ തോന്നുന്നത്‌. അതിനാലാണവര്‍ തെറ്റില്‍ ഉറച്ചുനില്‍ക്കുന്നത്‌. പക്ഷെ അന്ത്യനാളില്‍ ഫലശൂന്യരും പരാജിതരുമായിട്ടായിരിക്കും അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക. `എനിക്കുപുറമെ എന്റെ ദാസന്‍മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന്‌ അവിശ്വാസികള്‍ വിചാരിച്ചിരിക്കയാണോ? തീര്‍ച്ചയായും അവിശ്വാസികള്‍ക്ക്‌ സല്‍ക്കാരം നല്‍കാനായി നരകത്തെ നാം ഒരുക്കിവെച്ചിരിക്കുന്നു. പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്‌ടകരമായി തീര്‍ന്നവരെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ നാം പറഞ്ഞുതരട്ടെയോ? ഐഹിക ജീവിതത്തിലെ തങ്ങളുടെ പ്രയത്‌നങ്ങള്‍ പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നത്‌ തങ്ങള്‍ നല്ല ചെയ്‌തികള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്നാണ്‌. (18:102-104)
അല്ലാഹുവിന്‌ സമന്‍മാരെയുണ്ടാക്കുകയും പ്രാര്‍ഥനകള്‍ അല്ലാഹുവല്ലാത്തവരോട്‌ നടത്തുകയും ചെയ്യുന്നവരുടെ കര്‍മങ്ങള്‍ ഫലശൂന്യമായിപ്പോവുന്നത്‌ ഏറ്റവും ഉചിതമായ ഉദാഹരണത്തിലൂടെ ക്വുര്‍ആന്‍ വിശദീകരിക്കുന്നതിപ്രകാരമാണ്‌.
“അല്ലാഹുവിന്‌ പുറമെ വല്ല രക്ഷാധികാരികളേയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത്‌ പോലെയാകുന്നു. അത്‌ ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച്‌ ഏറ്റവും ദുര്‍ബലമായത്‌ എട്ടുകാലിയുടെ വീട്‌ തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍ (29:41)
മറ്റൊരു ഉപമ ക്വുര്‍ആന്‍ വിവരിക്കുന്നത്‌ കാണുക. “അല്ലാഹുവിനോട്‌ വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം അവന്‍ ആകാശത്ത്‌നിന്ന്‌ വീണത്‌ പോലെയാകുന്നു. അങ്ങിനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ട്‌ പോകുന്നു. അല്ലെങ്കില്‍ കാറ്റ്‌ അവനെ വിദൂരസ്ഥലത്തേക്ക്‌ തള്ളുന്നു.” (22:31)
അല്ലാഹു അല്ലാത്തവരെ വിളിക്കുന്നവര്‍ക്ക്‌ ലക്ഷ്യം പിഴക്കുമെന്നും ജീവിതം നിഷ്‌ഫലമാകുമെന്നതിനും ഇതില്‍പരം മനോഹരമായ വിവരണം വേറെയില്ല.
മനുഷ്യന്റെ ജീവിതം തന്നെ പാഴാക്കുന്ന ഗുരുതരമായ പാതകമായാണ്‌ ക്വുര്‍ആന്‍ ശിര്‍ക്കിനെ പരിചയപ്പെടുത്തിയത്‌. മാനവര്‍ക്ക്‌ വഴിവെളിച്ചമായി അവതരിച്ച ഒരു ഗ്രന്ഥത്തിന്‌ ഇതില്‍പരം എന്ത്‌ നന്‍മയാണ്‌ മനുഷ്യസമൂഹത്തിന്‌ മുമ്പില്‍ വെക്കാനുള്ളത്‌? പകലന്തിയോളം പണിയെടുക്കുന്ന ഒരാള്‍ ചെയ്‌തതത്രയും ഉടമ പറഞ്ഞതിനനുസൃതമല്ലെങ്കില്‍ അയാള്‍ക്കുണ്ടാവുന്ന നഷ്‌ടവും നിരാശയും എത്രമാത്രമായിരിക്കും. അത്‌പോലുള്ള ഒരു നഷ്‌ടവും ഖേദവുമാണ്‌ അറിഞ്ഞും അറിയാതെയും ശിര്‍ക്ക്‌ ചെയ്‌തുപോവുന്നവര്‍ക്ക്‌ വരാനുള്ളത്‌ എന്ന ഗൗരവമായ കാര്യമാണ്‌ ക്വര്‍ആന്‌ മറ്റെന്തിനെക്കാളും മനുഷ്യന്‌ മുമ്പില്‍ വെക്കാനുള്ളത്‌. അല്ലാഹുവിന്‌ പുറമെ അവന്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്‌തുക്കളെ അവന്‍ വിളിച്ച്‌ പ്രാര്‍ഥിക്കുന്നു. അത്‌ തന്നെയാണ്‌ വിദൂരമായ വഴികേട്‌.’ (22:12)
ശിര്‍ക്ക്‌ വമ്പിച്ച പാതകമാണെന്ന്‌ വിശദീകരിച്ച ക്വുര്‍ആന്‍ അതിന്റെ ഗൗരവം ഉണര്‍ത്തുന്നതിപ്രകാരമാണ്‌. `തന്നോട്‌ പങ്കുചേര്‍ക്കുന്നതിനെ അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കും. ആര്‍ അല്ലാഹുവിനോട്‌ പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ്‌ ചമച്ചുണ്ടാക്കിയിരിക്കുന്നത്‌. (4:48)
വിശ്വാസി പ്രതീക്ഷാനിര്‍ഭരനായിരിക്കണം. അല്ലാഹു തനിക്ക്‌ തണലായുണ്ടാകുമെന്നും തന്റെ പ്രാര്‍ഥനയെ അവന്‍ കേള്‍ക്കുമെന്നുമുള്ള വിശ്വാസം. അവന്‍ തന്റെ കണ്‌ഠനാഡിയേക്കാള്‍ സമീപസ്ഥനാണെന്ന വിശ്വാസം തന്റെ വിളിക്ക്‌ ഉത്തരം നല്‍കുമെന്ന വിശ്വാസം. ആ വിശ്വാസം മനുഷ്യനില്‍ നിരാശ നീക്കി പ്രത്യാശ വളര്‍ത്തും. ഭയം നീക്കി ധൈര്യം വരുത്തും. അതെ; അല്ലാഹു തീര്‍ച്ചപ്പെടുത്തിയ കാര്യം തനിക്ക്‌ വന്നുഭവിക്കുമെന്ന വിശ്വാസം. അത്‌ തട്ടിമാറ്റാന്‍ അവനല്ലാതെ ആര്‍ക്കും സാധ്യമല്ലെന്ന വിശ്വാസം. അതാണ്‌ വിശ്വാസിക്കുണ്ടാവേണ്ടത്‌. തൗഹീദില്‍ ഉറച്ചതും ശിര്‍ക്കിന്റെ വിവിധ രൂപങ്ങളില്‍ നിന്ന്‌ മുക്തമായതുമായ വിശ്വാസത്തിന്‌ ആത്യന്തികമായി മനുഷ്യനെ രക്ഷിക്കാന്‍ സാധിക്കൂ എന്ന്‌ ലളിതവും സുന്ദരവുമായ വിശ്വാസധവളിമയാണ്‌ ക്വുര്‍ആന്‍ മനുഷ്യന്‌ പരിചയപ്പെടുത്തുന്നത്‌. ആ വിശ്വാസത്തിലൂടെ മാത്രമേ മനുഷ്യന്‌ `ഹുദ’ യുടെ പാതയില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.