vichinthanam
Wednesday,16 August 2017
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
102

ശത്രുക്കള്‍ നബി (സ്വ)യുടെ
നമസ്‌കാരം കണ്ടപ്പോള്‍ നബി (സ്വ)യുടെ പ്രബോധനം ക്വുറൈശി പ്രമുഖരുടെ ഉറക്കം കെടുത്തി. എല്ലാ ശക്തിയും പ്രയോഗിച്ച്‌ മുഹമ്മദിനെ നിശ്ചലമാക്കണമെന്ന്‌ അവര്‍ തീരുമാനിച്ചു.
പ്രലോഭനവും പ്രകോപനവും ഭീഷണിയും മര്‍ദനവുമെല്ലാം അവര്‍ പ്രയോഗിച്ചുകൊണ്ടിരുന്നു.
അവര്‍ ആരാധിച്ചുപോന്ന പൂര്‍വദൈവങ്ങളുടെ കഷ്‌ടകാലത്തിലുപരി തങ്ങളുടെ ദുഷ്‌പ്രഭുത്വത്തിന്റെയും പൊങ്ങച്ചത്തിന്റെയും ആണിക്കല്ലിന്‌ ഇളക്കം തട്ടിക്കാന്‍പോലും മതിയായതാണ്‌ ഈ പുതിയ മതമെന്ന്‌ അവര്‍ മനസ്സിലാക്കി.
നബി (സ്വ) പ്രബോധന ദൗത്യവുമായി എവിടെ ചെന്നാലും അവിടെയെല്ലാം ക്വുറൈശി പ്രമുഖര്‍ തടസ്സം സൃഷ്‌ടിച്ചുകൊണ്ടിരുന്നു.
******
~ഒരിക്കല്‍ അവരില്‍ ചിലര്‍ കഅ്‌ബയുടെ സമീപത്ത്‌ കുശലം പറഞ്ഞിരിക്കുകയായിരുന്നു.
അബൂജഹലും, ഉത്ത്‌ബത്തും, ശൈബത്തും, വലീദും, ഉക്വ്‌ബത്തും, ഉമയ്യത്തും, അമ്മാറത്തും ഉണ്ടായിരുന്നു കൂട്ടത്തില്‍.
അവസരം കിട്ടുമ്പോഴൊക്കെ നബി (സ്വ)യെ ദ്രോഹിക്കുക അവരുടെ പതിവായിരുന്നു.
മക്കയിലെ കുബേരന്‍മാരും കുബേര സന്തതികളുമായിരുന്നല്ലോ അവര്‍.
നബി (സ്വ) പതിവുപോലെ പള്ളിയില്‍ വന്നു. പൊതുജനം കാണുമാറ്‌ നമസ്‌കരിക്കുന്നതും ക്വുര്‍ആന്‍ ഓതുന്നതും അവര്‍ക്ക്‌ സഹിക്കാന്‍ കഴിയുമായിരുന്നില്ല.
നബി (സ്വ)ക്കും അനുയായികള്‍ക്കും അവര്‍ അത്‌ നിരോധിക്കുകയും ചെയ്‌തിരുന്നു.
പക്ഷെ അവരുടെ നിരോധം നബി (സ്വ) വകവെച്ചിരുന്നില്ല.
നബി (സ്വ) നമസ്‌കാരമാരംഭിച്ചു.
അവര്‍ക്ക്‌ സഹിക്കാന്‍ കഴിഞ്ഞില്ല. ധിക്കാരം മൂത്തു. തൊട്ടടുത്ത്‌ അറുത്തിട്ട ഒട്ടകങ്ങളുടെ മ്ലേഛമായ അവശിഷ്‌ടങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നത്‌ അവരുടെ ദൃഷ്‌ടിയില്‍പ്പെട്ടു.
അവര്‍ പരസ്‌പരം ചോദിച്ചു; ആരാണ്‌ അതെടുത്ത്‌ മുഹമ്മദിന്റെതലയില്‍ കേറ്റിവെക്കുക?
ഉക്വ്‌ബത്ത്‌ബ്‌നു അബീമുഐത്ത്‌ സന്നദ്ധനായി.
അയാള്‍ അതെടുത്ത്‌ സുജൂദില്‍ കിടക്കുകയായിരുന്ന നബി (സ്വ)യുടെ ചുമലില്‍ കേറ്റിവെച്ചു.
ആഹ്ലാദത്തിമര്‍പ്പോടെ അവര്‍ പൊട്ടിച്ചിരിച്ചു. കൈകൊട്ടിച്ചാഞ്ചാടി നൃത്തംവെച്ചു.
നബി(സ്വ)ക്കു സുജൂദില്‍ നിന്ന്‌ തല നിവര്‍ത്താന്‍ കഴിഞ്ഞില്ല.
ഇതു കണ്ട്‌ പുത്രി ഫാത്തിമ (റ) ഓടിയെത്തി. ചുമലില്‍ നിന്ന്‌ മാലിന്യം എടുത്തു മാറ്റി. അവരെ ശകാരിച്ചു.
നബി (സ്വ) തലപൊക്കി. കൈ രണ്ടും ആകാശത്തിലേക്കുയര്‍ത്തി പ്രാര്‍ഥിച്ചു. “നാഥാ, ഇവരെ നീ പിടിച്ചു ശിക്ഷിക്കേണമേ, ഉത്ത്‌ബത്തിനേയും ശൈബത്തിനേയും വലീദിനേയും അബൂജഹലിനേയും, ഉക്വ്‌ബത്തിനെയും ഉമയ്യത്തിനേയും, അമ്മാറത്തിനേയും നീ ശിക്ഷിക്കേണമേ?”
നബി (സ്വ) എല്ലാവരുടെയും പേരെടുത്തു പ്രാര്‍ഥിച്ചു.
നബി (സ്വ)യുടെ പ്രാര്‍ഥനയുടെ ഗാംഭീര്യം കണ്ട്‌ അവരുടെ ആഹ്ലാദപ്രകടനം കെട്ടടങ്ങി. പരിഭ്രമമായി. അവര്‍ക്ക്‌ വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ച്‌ അവര്‍ ഓര്‍ത്തുകാണുമോ?
******
ആ പ്രാര്‍ഥന ഫലിക്കുക തന്നെ ചെയ്‌തു. ബദ്‌ര്‍ യുദ്ധത്തില്‍ വധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അവരെല്ലാവരുമുണ്ടായിരുന്നു.
അബ്‌ദുല്ല (റ) പറയുന്നു. `നബി (സ്വ) അന്നു പേരെടുത്ത്‌ പ്രാര്‍ഥിച്ച ഏഴുപേരെയും ബദ്‌ര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി ഞാന്‍ കണ്ടു.
പിന്നീട്‌ അവരെ ബദ്‌റിലെ പൊട്ടക്കിണറ്റില്‍ വലിച്ചിട്ടു മറവു ചെയ്യുകയും ചെയ്‌തു. ഉമയ്യത്തിനെ ഒഴികെ.
പൊണ്ണത്തടിയനായിരുന്ന അയാളെ നീക്കാന്‍ പറ്റാത്തവിധം ജഡം ജീര്‍ണ്ണിച്ചു നശിച്ചിരുന്നു.
മറ്റൊരിക്കലും നബി (സ്വ) ക്വുറൈശികളുടെ നാശത്തിനുവേണ്ടി പ്രാര്‍ഥിച്ചതായി ഞാന്‍ കേട്ടിട്ടില്ല.