vichinthanam
Sunday,21 April 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
സത്യവചനങ്ങള്‍

സത്യവചനങ്ങള്‍ വക്രമോ, അവ്യക്തമോ ആയിരിക്കുകയില്ല. ഒരു കാര്യത്തിന്റെ സത്യതക്കുള്ള സാര്‍വ്വത്രികമായ ഭാഷാപ്രയോഗം, കെട്ടിക്കുടുക്കും വക്രതയുമില്ലാതെ, ചൊവ്വായതും, വ്യക്തമായതുമായിരിക്കും. ക്വുര്‍ആന്റെ വാക്കുകളിലാകട്ടെ, ഉദ്ദേശ്യങ്ങളിലാകട്ടെ, തത്വങ്ങളിലാകട്ടെ, യാതൊരുവിധ വക്രതയുമില്ല; വചനങ്ങളില്‍ വെച്ചു ഏറ്റവും നേരായ വചനം അതാകുന്നു എന്നിങ്ങിനെ അല്ലാഹു ക്വുര്‍ആനെ വര്‍ണ്ണിക്കുന്നു. മാനുഷലോകത്തിന്റെ ഐഹികവും, പാരത്രികവുമായ സൌഭാഗ്യങ്ങള്‍ക്കു നിദാനമായ ആ പരിശുദ്ധ ഗ്രന്ഥം നബി മുസ്തഫാ صَلَّى اللَّهُ عَلَيْهِ وَسَلَّمَ തിരുമേനിയുടെമേല്‍ അവതരിപ്പിച്ചതിന്റെ പേരില്‍ അവന്‍ അവനെത്തന്നെ സ്തുതിക്കുകയും ചെയ്യുന്നു.

തുടര്‍ന്നുകൊണ്ട് ഖുര്‍ആന്റെ അവതരണോദ്ദേശ്യം ചൂണ്ടിക്കാട്ടുന്നു. സത്യവിശ്വാസം കൈക്കൊള്ളുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്താലുണ്ടാകുന്ന സല്‍ഫലങ്ങളെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക (يُبَشِّرَ) നിഷേധവും, അവിശ്വാസവും കൈക്കൊണ്ട് ദുഷ്ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ദുഷ്ഫലങ്ങളെപ്പറ്റി താക്കീതു നല്‍കുക (لِّيُنذِرَ) എന്നീ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ്, എക്കാലത്തും ദിവ്യസന്ദേശങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഖുര്‍ആനും അതേ ആവശ്യാര്‍ത്ഥം അവതരിപിച്ചതാകുന്നു.

ഈ രണ്ടു മാര്‍ഗ്ഗങ്ങളില്‍ പ്രായേണ ഖുര്‍ആന്‍ പ്രാധാന്യം നല്‍കിക്കാണുന്നതു താക്കീതിനാകുന്നു. അജ്ഞതയിലും, തോന്നിയവാസത്തിലും മുഴുകിക്കിടക്കുന്ന ജനങ്ങളെ അതില്‍ നിന്നു വിമുക്തരാക്കി സത്യപാതയിലേക്കു കൊണ്ടുവരുന്നതിനു ഒന്നാമതായി വേണ്ടതു അവര്‍ സ്വീകരിച്ചുവരുന്ന മാര്‍ഗ്ഗത്തിന്റെ ദുരന്തഫലങ്ങളെക്കുറിച്ച് അവര്‍ക്കു മുന്നറിയിപ്പു നല്‍കുകയാണല്ലോ. അതുകൊണ്ടാണ് പലപ്പോഴും നബിമാരെപ്പറ്റി ‘താക്കീതു നല്‍കുന്നവന്‍’ (نَذِير) എന്നു ഖുര്‍ആനില്‍ പ്രയോഗിച്ചു കാണുന്നത്. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ തിരുമേനിയുടെ പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തില്‍ قُمْ فَأَنذِرْ – المدثر (എഴുന്നേറ്റു താക്കീതു ചെയ്യുക!) എന്നും وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ – الشعراء-٢١٤ (നിന്റെ അടുത്ത ബന്ധുക്കള്‍ക്കു താക്കീതു ചെയ്യുക!) എന്നും അല്ലാഹു കല്‍പിക്കുന്നു. നരകവാസികളോട് മലക്കുകള്‍ ഇപ്രകാരം ചോദിക്കുന്നതാണ്: أَلَمْ يَأْتِكُمْ نَذِيرٌ – الملك-٨ (നിങ്ങള്‍ക്കു താക്കീതുകാരന്‍ വന്നിരുന്നില്ലേ?!) ഇതെല്ലാം ഈ അടിസ്ഥാനത്തിലാകുന്നു.

താക്കീതു നല്‍കുന്നതിന് സ്വാഭാവികമായുള്ള ഈ സ്ഥാനം ഇവിടെയും വീക്ഷിക്കപ്പെട്ടിരിക്കുന്നു. ക്വുര്‍ആന്‍ അവതരിപ്പിച്ചതിന്റെ രണ്ടു ഉദ്ദേശ്യങ്ങളും എടുത്തുപറഞ്ഞപ്പോള്‍, ‘ശിക്ഷയെക്കുറിച്ച് താക്കീതു ചെയ്‌വാന്‍’ (لِّيُنذِرَ بَأْسًا) എന്നാണ് ആദ്യം പറഞ്ഞത്. പൊതുവിലുള്ള താക്കീതിനുശേഷം, അല്ലാഹുവിനു മക്കളുണ്ടെന്നു പറയുന്നവര്‍ക്ക് പ്രത്യേകം ഒരു താക്കീതും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. സന്തോഷവാര്‍ത്തകള്‍ ശ്രദ്ധിക്കാതിരിക്കുന്നതിനേക്കാള്‍ ആപല്‍ക്കരം, താക്കീതുകള്‍ വിലവെക്കാതിരിക്കുന്നതാണ്.

മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നു മുശ്രിക്കുകളും, ഉസൈര്‍ (عزير) ദൈവപുത്രനാണെന്നു ജൂതന്‍മാരും, യേശുക്രിസ്തു (عيسى – عليه الصلاة والسلام) ദൈവപുത്രനാണെന്നു ക്രിസ്ത്യാനികളും പറയുന്നു. നിന്ദ്യവും നികൃഷ്ടവുമായ ഇത്തരം കളവു അല്ലാഹുവിന്റെ പേരില്‍ കെട്ടിപ്പറയുന്നവരെ പ്രത്യേകം താക്കീതു ചെയ്യുകയെന്നതു, ഖുര്‍ആന്‍ അവതരിപ്പിച്ചതിന്റെ ഒരു പ്രധാന ഉദ്ദേശ്യമാണെന്നു അല്ലാഹു പ്രസ്താവിക്കുന്നു. സൃഷ്ടികളുമായി യാതൊരുവിധ സാദൃശ്യവും സങ്കല്‍പിക്കപ്പെടാവതല്ലാത്തവണ്ണം എത്രയോ ഉല്‍കൃഷ്ടനും പരിശുദ്ധനുമത്രെ അവന്‍. പ്രപഞ്ചകര്‍ത്താവായ അവന്റെ പേരില്‍ ഇത്തരം അപവാദങ്ങള്‍ പറഞ്ഞേക്കുവാന്‍ ധൈര്യപ്പെടുന്നതു എത്രമാത്രം ഭയങ്കരമാണ്! യുക്തിക്കും ലക്ഷ്യത്തിനും നിരക്കാത്ത ആ വാദം മനുഷ്യനെ അങ്ങേയറ്റം വഴിപിഴപ്പിക്കുന്നതുമാകുന്നു. സത്യത്തിന്റെ കണികപോലും അതിലില്ല; വെറും പരമ്പരാഗതമായ ജല്‍പനങ്ങള്‍ മാത്രം. അതുകൊണ്ടാണ് ഇക്കൂട്ടരെപ്പറ്റി ഖുര്‍ആന്‍ ശക്തിയായ ഭാഷയില്‍ പലപ്പോഴും ആക്ഷേപിച്ചു പറയുന്നത്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രവാചകത്വംമുതല്‍ ഹിജ്രവരെയുള്ള കാലഘട്ടത്തിനു മക്കീകാലഘട്ടം (العهد الكمي) എന്നും അതിനുശേഷമുള്ളതിനു മദനീകാലഘട്ടം (العهد المدني) എന്നും പറയുന്നു. മക്കീകാലഘട്ടത്തിന്റെ അവസാനത്തില്‍ അവതരിച്ച സൂറത്തുകളില്‍ ഒന്നാണ് ഈ സൂറത്ത്. അവിശ്വാസികളുടെ നിഷേധവും, ധിക്കാരവും മൂര്‍ദ്ധന്ന്യത്തിലെത്തിയ ഒരു കാലമായിരുന്നു അത്. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ അവസ്ഥയാകട്ടെ, നേരെ മറിച്ചും. അപാരമായ വ്യസനത്താല്‍ അവിടുത്തെ ഹൃദയം തിങ്ങിവിങ്ങിക്കൊണ്ടിരിക്കുകയാണ്. കോരിക്കൊടുത്തിട്ടെങ്കിലും സ്വജനങ്ങളില്‍ സന്മാര്‍ഗ്ഗബോധം ഉണ്ടാക്കുവാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടായിരുന്നെങ്കില്‍, അതിനുപോലും അവിടുന്നു തയ്യാറാകുമായിരുന്നു. സുവ്യക്തവും, അനിഷേധ്യവുമായ തെളിവുകള്‍പോലും ജനങ്ങള്‍ കണ്ണടച്ച് തള്ളിക്കളയുന്നതുകണ്ട് സഹിക്കവയ്യാതെ അവിടുത്തെ ഹൃദയം വെന്തുനീറുകയാണ്.

ജനങ്ങളില്‍ സത്യബോധവും, സന്മാര്‍ഗ്ഗനിഷ്ഠയും ഉണ്ടാക്കിക്കാണുകയെന്നത്, പ്രവാചകന്‍മാരെ സംബന്ധിച്ചിടത്തോളം, കേവലം തങ്ങള്‍ക്കു സാധിച്ചുകിട്ടേണ്ടുന്ന ഒരു കാര്യം മാത്രമല്ല; അത് അവരുടെ അതിരുകവിഞ്ഞ ഒരു ആഗ്രഹം കൂടിയാണ്. മനുഷ്യരുടെ ദുര്‍മ്മാര്‍ഗ്ഗവാസന അവരുടെ ഹൃദയങ്ങള്‍ക്ക്‌ മാറാവ്രണമാണ്. അവര്‍ സന്മാര്‍ഗ്ഗികളായിത്തീരണമെന്ന അതിരു കവിഞ്ഞ ആഗ്രഹം അവരുടെ ഹൃദയത്തെ അധീനമാക്കുന്നു. ഒരാള്‍ സത്യത്തില്‍ നിന്ന് മുഖം തിരിക്കുന്നതിനേക്കാള്‍ കവിഞ്ഞ ഒരു മനോവ്യഥ അവര്‍ക്കു ഉണ്ടാകുവാനില്ല. ഒരാള്‍ സന്മാര്‍ഗ്ഗബോധമുള്ളവനായിക്കാണുന്നതിലധികം ആഹ്ലാദകരമായ ഒരു കാര്യവും അവര്‍ക്കില്ല. സൂറത്തു-ത്തൗബഃയില്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യെപ്പറ്റി അല്ലാഹു ഇങ്ങിനെ പറയുന്നു: عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ – التوبة:١٢٨ (നിങ്ങള്‍ വിഷമിക്കുന്നതു അദ്ദേഹത്തിനു അസഹ്യമാണ്, നിങ്ങളുടെ കാര്യത്തില്‍ അത്യാഗ്രഹിയാണ്, സത്യവിശ്വാസികളെ സംബന്ധിച്ച് കൃപയുള്ളവനും, കരുണയുള്ളവനുമാണ്.).

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഈ സ്ഥിതിവിശേഷത്തിനു ഖുര്‍ആനില്‍ പലേടത്തും സാക്ഷ്യങ്ങളും കാണാം. 6-ാം വചനത്തില്‍ നാം കണ്ടതും ഇതിലേക്കുള്ള സൂചനയാകുന്നു. ആയത്തിന്റെ താല്‍പര്യം ഇപ്രകാരമാകുന്നു: നബിയെ! ജനങ്ങളുടെ ദുര്‍മാര്‍ഗ്ഗവാസനയും, ധിക്കാരമാനസ്ഥിതിയും കാരണമായി, ഈ ഖുര്‍ആനില്‍ അവര്‍ വിശ്വസിക്കാത്തതിലുള്ള വ്യസനാധിക്യത്താല്‍ പിന്‍തിരിഞ്ഞുപോകുന്ന അവരുടെ പ്രവര്‍ത്തന ഫലങ്ങള്‍ ഓര്‍ത്തു ജീവനാശം പോലും വരുത്തുന്നതിനു താന്‍ മുതിരുകയാണെങ്കില്‍, അതില്‍ അല്‍ഭുതമില്ല; അത്രയ്ക്കും വലുതാണ്‌. തന്റെ ആഗ്രഹം; പക്ഷെ, ദുര്‍മ്മാര്‍ഗ്ഗത്തില്‍ അടിയുറച്ചു കഴിഞ്ഞവര്‍, അതില്‍നിന്നു മടങ്ങുക പ്രയാസമാണ്; അവരെക്കുറിച്ചു താന്‍ ദുഃഖിച്ചിരിക്കേണ്ടതില്ല; തന്റെ ദൗത്യം നിര്‍വ്വഹിച്ചാല്‍ മതിയാകും’ فَإِنَّمَا عَلَيْكَ الْبَلَاغُ وَعَلَيْنَا الْحِسَابُ : الرعد:٤٠ (പ്രബോധനം മാത്രമേ നിനക്കു കടമയുള്ളു, വിചാരണ നമ്മുടെ ബാദ്ധ്യതയാണ്.).

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍